ജോസ് കെ മാണി ദുബായിയിൽ നിന്ന് കേരളത്തിൽ പറന്നിറങ്ങുക യുഡിഎഫിലേക്കോ: ആകാംക്ഷയോടെ രാഷ്ട്രീയ കേരളം : മുന്നണി മാറ്റ ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് എന്ന് സൂചന : തന്ത്രങ്ങൾ മെനയുന്നത് ദുബായിയിൽ

തിരുവനന്തപുരം: ദുബായിയിൽ ഇപ്പോഴുള്ള ജോസ് കെ മാണി കേരളത്തിലേക്ക് പറന്നിറങ്ങുക യുഡിഎഫ് മുന്നണിയിലേക്ക് ആയിരിക്കുമോ എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.
കേരള കോൺഗ്രസ് എം എൽ ഡി എഫ് വിടുമെന്ന് പ്രചരണം ശക്തമായിരിക്കുകയാണ്.
മുന്നണി വിട്ടു പോകില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിനും മറ്റും ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും ജോസ് കെ മാണിയുടെ നിലപാട് മറ്റൊന്നാണ് എന്ന സൂചനകൾ ഏറെക്കുറെ വ്യക്തമായി കൊണ്ടിരിക്കുന്നു.
കെ.എം.മാണിയുടെ പ്രിയ പുത്രനെ ഇടതു ക്യാമ്പിൽ നിന്നും വലതു ക്യാമ്പിലേക്ക് കൊണ്ടുവരാനുള്ള വലിയ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് മുസ്ലിം ലീഗ് ആണെന്നാണ് പുതിയ വിവരം.
കേരള കോൺഗ്രസ് എമ്മിന്റെ മുന്നണിമാറ്റ ചർച്ചകൾ മുസ്‌ലിം ലീഗിന്റെ മധ്യസ്ഥതയിൽ ദുബായിൽ നടക്കുന്നതായി സൂചനകൾ പുറത്തുവരുന്നുണ്ട് . ലീഗ് നേതാവും ഗൾഫിലെ വ്യവസായിയുമായ മലപ്പുറം സ്വദേശിയുടെ വീട്ടിലാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിയും കുടുംബവും നിലവിൽ ഉള്ളത്. ഈ വ്യവസായിയുടെ മലപ്പുറത്തെ വീട്ടിൽ വെച്ച് മുമ്പും മുന്നണിമാറ്റ ചർച്ച നടന്നിട്ടുണ്ടെന്നാണ് വിവരം.
നാല് ദിവസം മുമ്പാണ് ജോസ് കെ മാണിയും ഭാര്യയും മകനും ദുബായിൽ എത്തിയത്. അവിടെനിന്ന് മുസ്‌ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി മുന്നണി മാറ്റചർച്ചകളിൽ ജോസ് കെ മാണി ആശയവിനിമയം നടത്തിയതായാണ് ശക്തമായ അഭ്യൂഹം പരക്കുന്നത്..
മുന്നണിമാറ്റത്തിൽ ഏകദേശ ധാരണയിലെത്തിയതായും നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റുകളിലാണ് അന്തിമ തീരുമാനം എടുക്കാനുള്ളതെന്നുമാണ് സൂചന. ആറ് സീറ്റ് യുഡിഎഫ് ഇതിനോടകം ഉറപ്പു നൽകിയതായും വിവരമുണ്ട്. അഞ്ച് സിറ്റിങ് സീറ്റ് കൂടാതെ ജോസ് കെ മാണിക്ക് മത്സരിക്കാനായി പാല സീറ്റിലുമാണ് ധാരണയായത്. മറ്റ് സീറ്റുകൾ സംബന്ധിച്ചാണ് ഇനി തീരുമാനത്തിൽ എത്താനുള്ളത്.
തീരുമാനിച്ചിട്ടുള്ള ഷെഡ്യൂൾ അനുസരിച്ച് ജോസ് കെ മാണി ഇന്ന് വൈകിട്ട് കേരളത്തിൽ തിരിച്ചെത്തും. കേരളത്തിൽ തിരിച്ചെത്തിയാലും ജോസ് കെ മാണി മനസ്സ് തുറക്കുമോ എന്ന് ഉറപ്പില്ല.






