Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ബോംബ് കഥക്ക് ശേഷം വിസ്മയ കഥയുമായി വി.ഡി.സതീശൻ : കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് പ്രതിപക്ഷനേതാവ് : വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരുന്നാൽ വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ 

 

തിരുവനന്തപുരം: കേരളത്തിൽ ഉടനെത്തന്നെ ഒരു ബോംബ് പൊട്ടും എന്ന് മുൻപ് പറഞ്ഞ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ പറയുന്നത് വിസ്മയ കഥ!!കേരളത്തിൽ വിസ്മയമുണ്ടാകുമെന്ന് സതീശൻ പറഞ്ഞു. യുഡിഎഫിലേക്ക് എൽഡിഎഫിൽനിന്നും എൻഡിഎയിൽനിന്നും കക്ഷികളും അല്ലാത്തവരും വരും. അത് ആരൊക്കെയാണെന്ന് ചോദിക്കരുത്. സമയമാകുമ്പോൾ അറിയിക്കും. വിരലിൽ എണ്ണാവുന്ന ദിവസം കൂടി കാത്തിരിക്കൂ. വിസ്മയം എന്താണെന്ന് കാണാമെന്നും സതീശൻ പറഞ്ഞു.

Signature-ad

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് എം യുഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന സൂചനകൾ ശക്തമാണ്. ഇതിനായി കോൺഗ്രസ് ഹൈക്കമാൻഡ് വരെ ഇടപെടൽ നടത്തുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. യുഡിഎഫ് മുന്നണി വിപുലീകരണവും സജീവമാക്കുന്നുണ്ട്. ഇതിനിടെയാണ് സതീശന്‍റെ പ്രതികരണം.

കേരള കോൺഗ്രസ് എം എൽഡിഎഫ് മുന്നണി വിട്ട് യുഡിഎഫിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സംബന്ധിച്ച് സതീശനോട് ചോദിച്ചപ്പോൾ കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പാർട്ടിയാണെന്നും അവരുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ലെന്നും വി ഡി സതീശൻ പറഞ്ഞു.

അതേസമയം സർക്കാരിനെതിരെ കടുത്ത വിമർശനവും സതീശൻ ഉന്നയിച്ചു. സർക്കാർ ചെലവിൽ മുഖ്യമന്ത്രിയും സിപിഎമ്മും തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. പ്രചാരണത്തിന് വേണ്ടി സർക്കാറിന്റേതായി ചിലവാക്കുന്ന ഓരോ രൂപയും ഏതറ്റം വരെയും പോയി തിരിച്ചു പിടിക്കും. ഉദ്യോഗസ്ഥന്മാർ അടക്കം ഇതിൽ മറുപടി പറയേണ്ടിവരുമെന്നും സതീശൻ പറഞ്ഞു.

സർക്കാർ സംഘടിപ്പിക്കുന്ന സി എം ക്വിസ് പരിപാടിയെയും പ്രതിപക്ഷ നേതാവ് വിമർശിച്ചു. സർക്കാർ ചെലവിൽ പ്രചാരണം നടത്താൻ മുഖ്യമന്ത്രിക്ക് നാണമുണ്ടോയെന്ന് ചോദിച്ച സതീശൻ, മത്സരം നടത്തി എല്ലാത്തിനും ഉത്തരം പിണറായി വിജയൻ എന്ന് കുട്ടികളെ കൊണ്ട് പറയിപ്പിക്കുകയാണെന്ന് ആരോപിച്ചു. നാണംകെട്ട പരിപാടിയാണ് മുഖ്യമന്ത്രി കാണിക്കുന്നത്. സർക്കാർ ഖജനാവിൽ നിന്ന് ഇതിനായി എടുക്കുന്ന പണം ഉദ്യോഗസ്ഥരെ കൊണ്ട് തിരിച്ചടപ്പിക്കും. അതിനായി ഏതറ്റം വരെ പോകാനും കോൺഗ്രസ് തയ്യാറാണെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: