സെലിബ്രിറ്റിയുടെ മകളായാൽ റോഡിലൂടെ ബിയർ കുപ്പിയുമായി നടക്കാൻ പാടില്ലേ : സാറ ടെണ്ടുൽക്കർക്ക് നേരിടേണ്ടി വരുന്നത് സൈബർ ബൗൺസറുകൾ : കയ്യിൽ ബീയർ കുപ്പിയുമായി സുഹൃത്തുക്കൾക്കൊപ്പം ഗോവയിലെ നടുറോഡിൽ സാറാ ടെണ്ടുൽക്കർ

ഗോവ: പ്രശസ്തനായ ഒരു സെലിബ്രിറ്റിയുടെ മകനോ മകളോ ആയി ആണെങ്കിൽ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് 100 വട്ടം ആലോചിക്കണം. ലോകമെമ്പാടും ആരാധകരുള്ള സച്ചിൻ ടെണ്ടുൽക്കറുടെ മകൾ ബിയർ കുപ്പിയുമായി ഗോവൻ തെരുവുകളിലൂടെ നടക്കുന്നത് കാണുമ്പോൾ സോഷ്യൽ മീഡിയയ്ക്ക് വാളെടുത്തു തുള്ളാൻ ഇതിനപ്പുറം ഇനിയെന്തു വേണം..

സച്ചിന്റെ മകൾ സാറാ ടെണ്ടുൽക്കർ മറ്റാരെയും പോലെ പുതുവർഷം ഒന്ന് ആഘോഷിക്കാൻ ഇറങ്ങിയപ്പോഴാണ് സോഷ്യൽ മീഡിയയുടെ വലയിൽ പെട്ടത്. ലോകമെമ്പാടും കുപ്പി പൊട്ടിച്ചും മൂക്കുമുട്ടെ മദ്യപിച്ചും പുതുവർഷത്തെ വരവേറ്റവർ തന്നെയാണ് കെട്ടു വിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ സാറക്കെതിരെ വിമർശനവുമായി സൈബറിടത്തിൽ പുതുവർഷം ആഘോഷിക്കുന്നത്.
സച്ചിൻ തെൻഡുൽക്കറുടെ മകളും സംരംഭകയുമായ സാറാ ടെണ്ടുൽക്കർ ഗോവയിലെ വഴിയിലൂടെ സുഹൃത്തുക്കൾക്കൊപ്പം നടന്നുപോകുന്ന ഒരു വിഡിയോ പ്രചരിച്ചതോടെയാണ് സൈബറാക്രമണവും ആരംഭിച്ചത്. എപ്പോഴെടുത്ത വിഡിയോയാണെന്നു സ്ഥിരീകരിക്കാൻ കഴിയില്ലെങ്കിലും, പുതുവത്സരാഘോഷത്തിന് മുൻപാണ് ചിത്രീകരിച്ചതാണെന്നാണ് ചില സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ടെത്തലും തറപ്പിച്ചു പറയലും..

വിഡിയോയിൽ, സാറ തന്റെ സുഹൃത്തുക്കൾക്കൊപ്പം റോഡിലൂടെ നടക്കുന്നത് കാണാം. എന്നാൽ സാറ കയ്യിൽ പിടിച്ചിരിക്കുന്നത് ബീയർ കുപ്പിയാണെന്ന് ആരോപിച്ചാണ് ചിലർ രംഗത്തെത്തിയത്. ഇതോടെ വിഡിയോയ്ക്കു താഴെ സാറയ്ക്കെതിരെ കമന്റുകളും പെരുകി. ബീയറിന്റെ ബ്രാൻഡ് നെയിം ഉൾപ്പെടെ ചിലർ കമന്റു ചെയ്തപ്പോൾ ഇതിഹാസ താരത്തിന്റെ മകൾ പരസ്യമായി മദ്യക്കുപ്പി കയ്യിൽ പിടിച്ചു നടക്കുന്നതിനെതിരെയും ചിലർ രംഗത്തെത്തി.
എന്നാൽ സാറയെ പിന്തുണച്ചും ഒട്ടേറെപ്പേർ രംഗത്തെത്തി. ഇതു സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും മകൾ ബീയർ കഴിക്കുകയാണെങ്കിൽ അത് എങ്ങനെ സച്ചിൻ ടെണ്ടുൽക്കർ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നു പറയാൻ സാധിക്കുമെന്നും ചിലർ ചോദിക്കുന്നു. വാദപ്രതിവാദങ്ങൾ ശക്തമായതോടെയാണ് വിഡിയോ വൈറലായത്.
സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും യാത്രകൾ പോകാറുള്ള സാറ, ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. സാറയുടെ സഹോദരനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ ആഭ്യന്തര ക്രിക്കറ്റിൽ ഗോവയ്ക്കു വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടു തന്നെ ഗോവയിലും സാറ പലപ്പോഴും പോകാറുണ്ട്. എന്നാൽ മറ്റൊരാൾ പകർത്തിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സാറയ്ക്കെതിരെ സൈബറാക്രമണം അരങ്ങേറിയത്.
പിതാവിന്റെയും സഹോദരന്റെയും ക്രിക്കറ്റ് പാത പിന്തുടരാത്ത സാറ, 2025 ഓഗസ്റ്റിൽ മുംബൈയിലെ അന്ധേരിയിൽ ‘പൈലേറ്റ്സ് അക്കാദമി’ എന്ന പേരിൽ ഫിറ്റ്നെസ് സെന്റർ ആരംഭിച്ചിരുന്നു. ദുബായ് ആസ്ഥാനമായുള്ള ജനപ്രിയ പൈലേറ്റ്സ് അക്കാദമി ഫ്രാഞ്ചൈസിയുടെ നാലാമത്തെ ശാഖയാണ് ഇത്. യുകെയിലെ പഠനകാലത്താണ് പൈലേറ്റ്സിനെ കുറിച്ച് സാറ അറിയുന്നത്. ഇതു സംബന്ധിച്ച ക്ലാസിൽ പങ്കെടുത്തതോടെ അതേ ആശയത്തിലൊരു സംരംഭം ആരംഭിക്കണമെന്ന മോഹം ഉദിക്കുകയായിരുന്നു.
പൈലേറ്റ്സ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്നുള്ള ദൃശ്യങ്ങൾ സച്ചിനും പങ്കുവച്ചിരുന്നു. സംരംഭം ആരംഭിക്കുന്നതിനെ കുറിച്ച് നേരത്തേ ഇൻസ്റ്റഗ്രാമിൽ വ്യക്തമാക്കിയ സാറ, പൈലേറ്റ്സ് അക്കാദമിയിലെ ട്രെയിനർമാർക്കൊപ്പമുള്ള ചിത്രവും പങ്കുവച്ചിരുന്നു.
ലോകമെമ്പാടും പുതുവർഷത്തെ വരവേൽക്കാൻ വിവിധ പരിപാടികൾ നടത്തിയിരുന്നു. തിന്നും കുടിച്ചും പാട്ടുപാടിയും ആടിത്തിമർത്തും ഡിസംബർ 31ന് ഉച്ചമുതൽ തുടങ്ങിയ ആഘോഷം പുതുവർഷം പിറന്നതിനു ശേഷവും ഏറെ നേരം നീണ്ടു.
അക്കൂട്ടത്തിൽ സാറയും ആഘോഷിച്ചിട്ടുണ്ടാകാം. അതിനെ അങ്ങനെ മാത്രം കണ്ടാൽ പോരേ എന്ന് ചോദിക്കുന്നവരും കുറവല്ല..






