
ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ ശക്തമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയൻതാര ഈ ചിത്രത്തിന്റെ യൂണിവേഴ്‌സിൽ നിർണായക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര, ടോക്സികിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. സ്വാഭാവിക ആകർഷണം കൂടുതൽ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകർക്ക് മുന്നിൽ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയൻതാര ടോക്‌സിക്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.
ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും അപകടവും ഒരുപോലെ പകർന്നുനൽകുന്നു. ആഡംബരപൂർണമായ ഒരു ഗ്രാൻഡ് കാസിനോ എൻട്രൻസിന്റെ പശ്ചാത്തലത്തിൽ, തന്റേതായ ഇടത്തിൽ നിയമങ്ങൾ സ്വയം നിർണ്ണയിക്കുന്ന സ്ത്രീയായാണ് ഗംഗയെ ചിത്രം അവതരിപ്പിക്കുന്നത്.
ഗംഗയായി നയൻതാരയെ തെരഞ്ഞെടുത്തതിനെക്കുറിച്ച് സംവിധായിക ഗീതു മോഹൻദാസ് ഇപ്രകാരം പറഞ്ഞു:
“നയൻ താരയെ നമ്മൾക്ക് ആഘോഷിക്കപ്പെടുന്ന താരമായും ശക്തമായ സ്‌ക്രീൻ സാന്നിധ്യമുള്ള കലാകാരിയായും അറിയാം. ഇരുപത് വർഷത്തിലേറെ നീളുന്ന കരിയറുമുണ്ട്. എന്നാൽ ടോക്സിക് ചിത്രത്തിൽ, ഇതുവരെ പുറത്തുവരാതെ കാത്തിരുന്ന ഒരു പ്രതിഭയാണ് നയൻ താരയിൽ നിന്ന് പ്രേക്ഷകർ കാണാൻ പോകുന്നത്.നയനെ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ അവതരിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ഷൂട്ടിംഗ് മുന്നോട്ടുപോയപ്പോൾ,നയൻ താരയുടെ വ്യക്തിത്വം തന്നെ കഥാപാത്രത്തിന്റെ ആത്മാവുമായി എത്ര അടുത്താണ് ചേർന്നിരിക്കുന്നതെന്ന് ഞാൻ തിരിച്ചറിഞ്ഞു. അത് അഭിനയമല്ല — അലൈൻമെന്റാണ്. അവൾ കൊണ്ടുവന്ന ആഴവും സത്യസന്ധതയും നിയന്ത്രണവും വികാരവ്യക്തതയും കഥാപാത്രത്തിന്മേൽ ചേർത്ത പാളികളല്ല; അവൾക്കുള്ള ഗുണങ്ങളാണ്. നയൻതാര അതുല്യമായി അവതരിപ്പിച്ച എന്റെ ഗംഗയെ ഞാൻ കണ്ടെത്തി — അതിലുപരി, ഒരു പ്രിയ സുഹൃത്തിനെയും.”
യാഷ് ‘കെജിഎഫ് ചാപ്റ്റർ 2’ ലൂടെ ബോക്‌സ് ഓഫീസ് ചരിത്രം പുനർനിർവചിച്ച ശേഷം, ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ എന്ന അതിമഹത്തായ പ്രോജക്ടിലൂടെ വമ്പൻ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഓരോ അപ്ഡേറ്റിനും ചിത്രം പതിവുകളിൽ നിന്നുള്ള ധീരമായ മാറ്റം സൂചിപ്പിക്കുന്നു. മുമ്പ് കിയാര അദ്വാനി നാദിയയായി എത്തിയ ക്യാരക്റ്റർ പോസ്റ്റർ ലുക്ക് മനോഹരതയും മറഞ്ഞിരിക്കുന്ന മുറിവുകളും ഓർമപ്പെടുത്തിയത് വലിയ ചർച്ചയായിരുന്നു. തുടർന്ന് ഹുമ ഖുറേഷി അവതരിപ്പിച്ച എലിസബത്തിന്റെ ഗൂഢത നിറഞ്ഞ ക്യാരക്ടർ അവതരണവും പ്രേക്ഷകർക്കിടയിൽ ചർച്ചയായിരുന്നു.
യാഷും ഗീതു മോഹൻദാസും ചേർന്ന് രചന നിർവഹിച്ച്, ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് കന്നഡ, ഇംഗ്ലീഷ് ഭാഷകളിൽ ഒരേസമയം ചിത്രീകരിച്ചിരിക്കുന്നു. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ചിത്രം തിയേറ്ററിലെത്തും. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിംഗ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി പി അബിദ്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ ജെ പെറിയോടൊപ്പം ദേശീയ അവാർഡ് ജേതാക്കളായ അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്ഷൻ കൊറിയോഗ്രഫി നിർവഹിക്കുന്നത്.
കെ വി എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ വെങ്കട് കെ നാരായണയും യാഷും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈദ്, ഉഗാദി, ഗുഡി പാഡ്വ എന്നിവയോടനുബന്ധിച്ച ദീർഘമായ ഉത്സവ വാരാന്ത്യമായ 2026 മാർച്ച് 19-നാണ് ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ്’ ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്.പി ആർ ഓ: പ്രതീഷ് ശേഖർ.






