Breaking NewsKeralaLead NewsNEWSNewsthen Specialpolitics

വയനാടൻ മണ്ണിൽ നിന്ന് കോൺഗ്രസ് പടയൊരുക്കം തുടങ്ങുന്നു : നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിനിർണയം ആരംഭിക്കുന്നു,: സതീശൻ പറഞ്ഞ തലമുറ മാറ്റം എന്തെന്നറിയാൻ ആകാംക്ഷയോടെ രാഷ്ട്രീയ കേരളം

 

 

Signature-ad

 

 

വയനാട് : അതിജീവനത്തിന്റെ മണ്ണാണ് വയനാട്ടിലേത്. പ്രകൃതി എല്ലാം തകർത്തെറിഞ്ഞിട്ടും തോൽക്കാൻ മനസ്സില്ലാത്തതുകൊണ്ട് ഉയർത്തെഴുന്നേറ്റവരുടെ നാട്. ആ മണ്ണിൽ നിന്നാണ് കോൺഗ്രസ് അതിജീവനത്തിന്റെ പുതിയ പോരാട്ടം ആരംഭിക്കുന്നത്.

വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ യുദ്ധതന്ത്രങ്ങൾ മെനയാൻ ഏതു സ്ഥലമാണ് ഏറ്റവും നല്ലത് എന്ന ചിന്ത അവരെ കൊണ്ടെത്തിച്ചത് വയനാട്ടിലാണ്

 

ആ വയനാടൻ മണ്ണിൽ നിന്നാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോരാട്ടത്തിന് കോൺഗ്രസ് നാന്ദി കുറിക്കുന്നത്.

 

പുതുവർഷത്തിൽ ജനുവരി 4, 5 തീയതികളിൽ ആണ് കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിനുള്ള ആദ്യ ഔദ്യോഗിക യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വയനാട്ടിൽ ചേരുന്ന കോൺഗ്രസ് കോൺക്ലേവിൽ സ്ഥാനാർഥിനിർണയവും പുനഃസംഘടനയും സംബന്ധിച്ച് മാനദണ്ഡമുണ്ടാക്കും. ജനുവരി നാല്, അഞ്ച് തീയതികളിൽ നടക്കുന്ന കോൺക്ലേവിൽ വിവിധ നേതൃസമിതികളിൽ നിന്നായി 170 മുതിർന്ന നേതാക്കൾ പങ്കെടുക്കും.

 

 

നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം താഴേത്തട്ടിൽ നിന്നായിരിക്കും എന്നും

ലക്ഷ്യം 70 സീറ്റിലെ വിജയമാണെന്നും തീരുമാനിച്ചുറപ്പിച്ചാണ് വയനാട്ടിലേക്ക് കോൺഗ്രസ് എത്തുന്നത്.

സ്ഥാനാർഥി നിർണയത്തിനുള്ള സ്‌ക്രീനിങ് കമ്മിറ്റി ജനുവരി ആദ്യം തന്നെ എഐസിസി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.

 

 

തദ്ദേശ തിരഞ്ഞെടുപ്പിലെന്നപോലെ നിയമസഭയിലേക്കും സ്ഥാനാർഥിനിർണയം താഴെത്തട്ടിൽനിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാക്കാമെന്ന ധാരണയാണുള്ളത്. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലുള്ള കോർ കമ്മിറ്റി മുന്നോട്ടുവെക്കുന്ന പേരുകൾ അടിസ്ഥാനമാക്കിയാകും തീരുമാനം.

 

 

സിറ്റിങ് എംഎൽഎമാരിൽ ഒന്നുരണ്ട് പേരൊഴികെ ഏതാണ്ടെല്ലാവരുംതന്നെ മത്സരിച്ചേക്കും. കഴിഞ്ഞതവണ കോൺഗ്രസ് 93 സീറ്റിലാണ് മത്സരിച്ചത്. ജയിച്ചത് 21 സീറ്റുകളിലും. സിറ്റിങ് എംഎൽഎമാർക്കൊപ്പം കഴിഞ്ഞതവണ ചെറിയ വ്യത്യാസത്തിൽ തോറ്റവർക്കും പരിഗണന ലഭിക്കും.

 

ജയസാധ്യതയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളെ എ,ബി,സി എന്നിങ്ങനെ തരംതിരിക്കും. ഉറപ്പായും ജയിക്കുന്നത് ‘എ’ വിഭാഗം. നല്ല പരിശ്രമം നടത്തിയാൽ ജയിക്കാവുന്നതാണ് ‘ബി’ വിഭാഗം. മറ്റുള്ളവ ‘സി’ യും. തദ്ദേശസ്ഥാപനത്തിലെ വോട്ട് നില, സർവേ സംഘത്തിന്റെ റിപ്പോർട്ട്, കോർ കമ്മിറ്റി വിലയിരുത്തൽ എന്നിവ അടിസ്ഥാനമാക്കിയാകും തരംതിരിവ്. 2021-ൽ മത്സരിച്ച 93 സീറ്റുകളിൽ വലിയ വ്യത്യാസം ഇപ്രാവശ്യം വരാനിടയില്ല.

 

 

70 സീറ്റിൽ ജയം എന്ന വിശാലലക്ഷ്യമായിരിക്കും പാർട്ടി മുന്നിൽവെക്കുക. എണ്ണത്തെക്കാളുപരി ജയസാധ്യത കരുതി ചില സീറ്റുകൾ മുസ്‌ലിം ലീഗുമായും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായും ഏറ്റെടുക്കലും വെച്ചുമാറ്റവും ആലോചിക്കുന്നുണ്ട്.

 

ലീഗ് കഴിഞ്ഞതവണ 24 സീറ്റിൽ മത്സരിച്ചു, 15 ഇടത്ത് ജയിച്ചു. ജോസഫ് ഗ്രൂപ്പ് 10 സീറ്റിൽ മത്സരിച്ചു, രണ്ടിടത്ത് ജയിച്ചു. ആർഎസ്‌പി, സിഎംപി കക്ഷികൾക്ക് ജയസാധ്യത തീരെയില്ലാത്ത സീറ്റുകൾ നൽകി എണ്ണം തികയ്ക്കുന്നതിന് പകരം ജയസാധ്യതയുള്ള സീറ്റുകൾ നൽകണമെന്ന് അവർ അനൗപചാരികമായി ആവശ്യപ്പെട്ടിട്ടുണ്ട്. കോൺക്ലേവിൽ സീറ്റ് വിഭജനമോ, സ്ഥാനാർഥി നിർണയമോ ചർച്ചയാകില്ലെങ്കിലും പൊതുവായ നയം തീരുമാനിക്കും.

 

ചില എംപിമാരും നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യപ്പെടുന്നുണ്ട്. നിലവിൽ കൈവശമില്ലാത്ത ചില നിയമസഭാ മണ്ഡലങ്ങൾ പിടിക്കാൻ ചില എംപിമാരെ മത്സരിപ്പിക്കണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഹൈക്കമാൻഡാണ് ഇതിൽ തീരുമാനമെടുക്കേണ്ടത്.

 

പാർട്ടി പുനഃസംഘടനയിൽ അവശേഷിക്കുന്ന കെപിസിസി സെക്രട്ടറിമാരുടെ നിയമനമടക്കമുള്ളവ തിരഞ്ഞെടുപ്പിന് മുൻപ്‌ നടത്തണമോയെന്നതിലും വ്യക്തത വരുത്തും.

 

ലീഗുമായി സീറ്റ് വെച്ചു മാറ്റത്തിൽ പ്രധാനപ്പെട്ട ചർച്ച നടക്കുക ഗുരുവായൂർ സീറ്റിന്റെ കാര്യത്തിൽ ആയിരിക്കും.

ഗുരുവായൂർ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ മുരളീധരൻ മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ലീഗിനും മുരളിയുടെ കാര്യത്തിൽ എതിരഭിപ്രായമില്ല.

 

കെ സി വേണുഗോപാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരത്തിന് എത്തുമെന്ന് തന്നെയാണ് ഏറെക്കുറെ ഉറപ്പായിട്ടുള്ളത്

 

വി എം സുധീരൻ ഒരു നീണ്ട ഇടവേളയ്ക്കുശേഷം കേരള രാഷ്ട്രീയത്തിൽ സജീവമാകാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന കാര്യവും ചർച്ചയായിട്ടുണ്ട്.

 

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞ തലമുറ മാറ്റം സ്ഥാനാർത്ഥി നിർണ്ണയത്തിൽ എത്രമാത്രം ഉണ്ടാകും എന്നറിയാനുള്ള ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. വനിതാ സ്ഥാനാർത്ഥികൾക്കായിരിക്കും പ്രാമുഖ്യം എന്ന് സൂചനയും കോൺഗ്രസ് നൽകിയിട്ടുണ്ട്.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: