Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ശാസ്തമംഗലത്ത് ബുള്‍ഡോസര്‍ വരുമോ; ഒരു മുറി ഒരു എംഎല്‍എ ഒരു കൗണ്‍സിലര്‍; ശാസ്തമംഗലം വിഷയം രേഖകള്‍ പരിശോധിച്ച ശേഷം നടപടിയെന്ന് തിരുവനന്തപുരം മേയര്‍; യാചനാസ്വരത്തിലാണ് സഹോദരതുല്യനായ പ്രശാന്തിനോട് മുറിയൊഴിയാന്‍ അഭ്യര്‍ഥിച്ചതെന്ന് ശ്രീലേഖ

തിരുവനന്തപുരം: രേഖകള്‍ പരിശോധിച്ച ശേഷം ശ്രീലേഖയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കാമെന്ന നിലപാടുമായി തിരുവനന്തപുരം മേയര്‍ വി.വി.രാജേഷ്.
ഒരു മുറിയും ഒരു എംഎല്‍എയും ഒരു കൗണ്‍സിലറും കൂടി ശാസ്തമംഗലത്തെ ഓഫീസ് തര്‍ക്കം പുറത്തറിയിച്ചതോടെ ഇടപെടാതിരിക്കാന്‍ കഴിയാത്ത അവസ്ഥയിലായി കോര്‍പറേഷന്‍ ഭരണാധികാരിക്ക്.

രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനമെടുക്കാമെന്നാണ് മേയറുടെ നിലപാട്. ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് തര്‍ക്കം വലിയ സംഭവമാക്കേണ്ടതില്ലെന്ന തരത്തിലാണ് രാജേഷ് കൈകാര്യം ചെയ്യുന്നത്.
കൗണ്‍സിലര്‍ ആര്‍ ശ്രീലേഖയും എംഎല്‍എ വി കെ പ്രശാന്തും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പമുണ്ട്. വിഷയം രാഷ്ട്രീയവല്‍ക്കരിക്കേണ്ട കാര്യമല്ല. കോര്‍പ്പറേഷന്റെ കെട്ടിടമാണ്. അവിടെ സ്ഥലപരിമിതിയുണ്ട്. പുരുഷന്‍ ഓഫീസ് കൈകാര്യം ചെയ്യുന്നത് പോലെയല്ല സ്ത്രീ കൈകാര്യം ചെയ്യുന്നത്. മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിന്ദു കൈകാര്യം ചെയ്ത ഓഫീസിലാണ് ഇപ്പോള്‍ പ്രശാന്ത് ഇരിക്കുന്നത്. ശ്രീലേഖ വ്യക്തിബന്ധം വച്ചാണ് പ്രശാന്തിനോട് ചോദിച്ചത്. ചര്‍ച്ചവന്ന സ്ഥിതിക്ക് രേഖകള്‍ പരിശോധിക്കും- മേയര്‍ പറഞ്ഞു.

Signature-ad

കോര്‍പറേഷനാണ് കെട്ടിടത്തിന്റെ അവകാശമെന്നും കൗണ്‍സിലറുടെ ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലമാണിതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. വി.കെ. പ്രശാന്ത് സഹോദര തുല്യനാണെന്നും ഒരു മുറി വിട്ടു തരണമെന്ന് അഭ്യര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ശ്രീലേഖ പറഞ്ഞു.
യാചനസ്വരത്തിലാണ് താന്‍ സംസാരിച്ചത്. തനിക്ക് ഓഫീസ് ഇല്ലെന്ന് എം.എല്‍.എ.യെ അറിയിക്കുകയായിരുന്നു. എന്നാല്‍ വിട്ടു തരാനാകില്ലെന്ന് വി.കെ. പ്രശാന്ത് പറഞ്ഞെന്നും ആര്‍. ശ്രീലേഖ വ്യക്തമാക്കി. എം.എല്‍.എക്ക് എവിടെ വേണമെങ്കിലും ഓഫീസ് ലഭിക്കും. പക്ഷെ കൗണ്‍സിലറായ താന്‍ എന്ത് ചെയ്യും?. വി.കെ. പ്രശാന്തുമായുള്ള സൗഹൃദ സംഭാഷണം വിവാദമാക്കരുതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു. നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ എംഎല്‍എ ഓഫീസിലെത്തി കൗണ്‍സിലര്‍ ആര്‍ ശ്രീലേഖ വി കെ പ്രശാന്തിനെ കണ്ടു.
ആര്‍ ശ്രീലേഖയുടെ യാചന സ്വീകരിച്ചുകൊണ്ട് എല്‍എല്‍എ ഓഫീസ് ഒഴിയാനാകില്ലെന്നും കാലാവധി കഴിഞ്ഞാലും ഒഴിയുന്ന കാര്യം ആലോചിച്ച് മാത്രമേ തീരുമാനിക്കുകയുള്ളൂവെന്നും വി കെ പ്രശാന്ത് പ്രതികരിച്ചു. വാടക കാലാവധി കഴിയുന്നതുവരെ എംഎല്‍എ ഓഫീസില്‍ തുടരും. ഇതുവരെയുള്ള കൗണ്‍സിലര്‍മാര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കോര്‍പറേഷന്‍ കെട്ടിടം വാടകയ്ക്ക് കൊടുത്തതിന്റെ രേഖകള്‍ വിശദമായി പരിശോധിക്കാനാണ് കോര്‍പറേഷന്റെ നീക്കം.
300 സ്‌ക്വയര്‍ ഫീറ്റ് റൂം 832 രൂപയ്ക്കാണ് നല്‍കിയിരിക്കുന്നത്.ഇങ്ങനെ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കും. എം.എല്‍.എ ഓഫീസിന് ഇളവ് നല്‍കാവുന്നതാണ്.
രേഖകള്‍ പരിശോധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നാണ് മേയര്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്. സ്വകാര്യ വ്യക്തികള്‍ക്ക് കോര്‍പ്പറേഷന്‍ കെട്ടിടം കുറഞ്ഞു വാടകയ്ക്ക് കൊടുത്തിട്ടുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നടത്തും. നികുതിപ്പണം പിരിഞ്ഞു കിട്ടുന്നുണ്ടോയെന്നും പരിശോധിക്കും.

എന്തായാലും ഒരു ഓഫീസ് മുറി ഇത്രയേറെ ചര്‍ച്ചയാകുമെന്ന് പ്രശാന്തോ ശ്രീലേഖയോ കരുതിയിരിക്കില്ല. ഇനി ബുള്‍ഡോസര്‍ വന്ന് കെട്ടിടം ഇടിച്ചു നിരത്തുമോ എന്നാണ് വോട്ടര്‍മാരുടെ ചോദ്യം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: