ബുള്‍ഡോസര്‍ രാജില്‍ കേരളത്തിന്റെ വിമര്‍ശനം കൊള്ളേണ്ടിടത്തു കൊണ്ടു! കര്‍ണാടകയുടെ കാര്യത്തില്‍ പിണറായി വിജയന്‍ ഇടപെടേണ്ടെന്ന് ഡി.കെ. ശിവകുമാര്‍; തകര്‍ത്തത് 200 വീടുകള്‍; കൊടുംതണുപ്പില്‍ തെരുവിലായത് ആയിരങ്ങള്‍

ബംഗളൂരു: കര്‍ണാടകയിലെ ബെംഗളൂരുവില്‍ നടന്ന കുടിയൊഴിക്കല്‍ നടപടിയിച്ചൊല്ലി (ബുള്‍ഡോസര്‍ നടപടി) കേരള മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും തമ്മില്‍ വാക്‌പോര് മുറുകുന്നു. ബുള്‍ഡോസര്‍ നടപടിക്കെതിരെ വിമര്‍ശനമുന്നയിച്ച പിണറായി വിജയനോട് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുതെന്ന് ഡി.കെ ശിവകുമാര്‍ ശനിയാഴ്ച താക്കീത് നല്‍കി.
യെലഹങ്കയിലെ കോഗിലു ഗ്രാമത്തിലുള്ള വസീം ലേഔട്ട്, ഫക്കീര്‍ കോളനി എന്നിവിടങ്ങളില്‍ ഇരുന്നൂറിലധികം വീടുകള്‍ തകര്‍ത്ത നടപടി അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച എക്‌സില്‍ കുറിച്ചിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സംഘപരിവാര്‍ നടപ്പിലാക്കുന്ന ‘ബുള്‍ഡോസര്‍ രാജി’ന്റെ ദക്ഷിണേന്ത്യന്‍ പതിപ്പാണ് കര്‍ണാടകയില്‍ കാണുന്നതെന്നും ദശകങ്ങളായി മുസ്ലീം വിഭാഗങ്ങള്‍ താമസിക്കുന്ന ഇടങ്ങളിലാണ് ഈ കുടിയൊഴിപ്പിക്കല്‍ നടന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. കൊടുംതണുപ്പില്‍ ഒരു ജനതയെ മുഴുവന്‍ തെരുവിലേക്ക് ഇറക്കിവിടുന്നത് അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കീഴില്‍ ഇത്തരം നടപടികള്‍ നടക്കുന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാല്‍, പിണറായി വിജയന്റേത് രാഷ്ട്രീയ പ്രേരിതമായ പ്രസ്താവനയാണെന്നും കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ അദ്ദേഹം ഇടപെടേണ്ടതില്ലെന്നും ഡി.കെ. ശിവകുമാര്‍ ശനിയാഴ്ച തിരിച്ചടിച്ചു. ബെംഗളൂരുവിലെ വസ്തുതകള്‍ മനസ്സിലാക്കാതെയാണ് മുതിര്‍ന്ന നേതാവായ പിണറായി വിജയന്‍ പ്രതികരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഖരമാലിന്യങ്ങള്‍ നിക്ഷേപിക്കേണ്ട അപകടകരമായ ഒരു ക്വാറിയിലാണ് നിയമവിരുദ്ധമായി താമസിച്ചിരുന്നതെന്നും ഈ സ്ഥലം സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ശിവകുമാര്‍ വിശദീകരിച്ചു.
ബെംഗളൂരുവിനെ ചേരിമുക്തമാക്കി നിലനിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുംബൈ പോലുള്ള നഗരങ്ങളില്‍നിന്ന് വ്യത്യസ്തമായി ബെംഗളൂരുവില്‍ അധികം ചേരികള്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തന്ത്രങ്ങളാണിതെന്നും അദ്ദേഹം ആരോപിച്ചു.
കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അര്‍ഹമായ പുനരധിവാസം നല്‍കുമെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഉറപ്പുനല്‍കി. കുടിയൊഴിപ്പിക്കപ്പെട്ടവരെ മനുഷ്യത്വപരമായ രീതിയിലാണ് മാറ്റിയതെന്നും അര്‍ഹരായവര്‍ക്ക് രാജീവ് ഗാന്ധി ആവാസ് യോജന പ്രകാരം വീടുകള്‍ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സിദ്ധരാമയ്യയും താനും ചേര്‍ന്ന് ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതൊരു മതപരമായ വിഷയമല്ലെന്നും നിയമവിരുദ്ധമായി കുടിലുകള്‍ കെട്ടുന്നത് തടയുക മാത്രമാണ് ചെയ്തതെന്നും ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി.
Don’t interfere in our state’s affairs: Shivakumar tells Kerala CM Pinarayi Vijayan






