ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം; തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം; സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം; കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഓര്‍മപ്പെടുത്തല്‍

തിരുവനന്തപുരം: എല്‍ഡിഎഫിനൊപ്പം നില്‍ക്കുന്നവരാണെങ്കിലും അവരെ നിലയ്ക്കു നിര്‍ത്തേണ്ട ഉത്തരവാദിത്വും ബാധ്യതയും മുന്നണിയിലെ പ്രധാന കക്ഷിയെന്ന നിലയില്‍ സിപിഎമ്മിനുണ്ടെന്ന് സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി.
വെള്ളാപ്പള്ളി നടേശനെ ലക്ഷ്യമിട്ട് പരസ്യമായി തന്നെ തിരുവനന്തപുരം ജില്ലകമ്മിറ്റിയോഗം വിമര്‍ശനമുന്നയിച്ചു.
ചേര്‍ത്തുപിടിച്ചോളൂ പക്ഷേ വെള്ളാപ്പള്ളിയെ നിലയ്ക്ക് നിര്‍ത്തണം എന്ന നിര്‍ദ്ദേശമാണ് ജില്ല കമ്മിറ്റിയിലുണ്ടായത്. തദ്ദേശത്തില്‍ വോട്ടു പോയതിന്റെ പ്രധാനകാരണം നേതാക്കളുടെ അമിതമായ നടേശസനേഹമെന്ന് സിപിഎമ്മില്‍ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് തലസ്ഥാനത്തെ ജില്ലഘടകം വെള്ളാപ്പള്ളിയെ നിയന്ത്രിക്കാനുള്ള ആവശ്യമുയര്‍ത്തിയത്. സിപിഎമ്മിനൊപ്പം നിന്ന് എന്തും വിളിച്ചുപറയാമെന്ന അഹങ്കാരമാണ് വെള്ളാപ്പള്ളിക്കെന്നും രൂക്ഷവിമര്‍ശനം വന്നു. കൂടെ നില്‍ക്കുന്നവരെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണെന്ന ഓര്‍മപ്പെടുത്തലും ഉണ്ടായി.

തദ്ദേശ തെരഞ്ഞടുപ്പില്‍ മുസ്ലിം ന്യൂനപക്ഷ വോട്ട് ചോരാന്‍ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹമാണെന്ന് തുറന്നടിക്കാന്‍ സിപിഎം ജില്ലകമ്മിറ്റി അംഗങ്ങള്‍ മടിച്ചില്ല. എന്നാല്‍ തങ്ങളോട് ചേര്ന്നുനില്ക്കുന്നവരെ എന്തിന് അകറ്റിനിര്‍ത്തണമെന്ന് ചോദ്യവും എതിരുയര്‍ന്നു.
ചേര്‍ത്തുനിര്‍ത്തുകയാണെങ്കിലും വിമര്‍ശനത്തിനും തിരുത്തലിനും ആരും അതീതരല്ലെന്ന് തിരിച്ചടിച്ച് വെള്ളാപ്പള്ളിയെ വിമര്‍ശിച്ചവരും വാദിച്ചു.
അയ്യപ്പ സംഗമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റി വേദിയില്‍ എത്തിയത് തെറ്റാണെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു. ഇതിലൊക്കെ തെറ്റുകാണുന്നത് ശരിയല്ലെന്നും കേരളത്തില്‍ എല്ലാം രാഷ്ട്രീയമായി കാണരുതെ്ന്നും അഭിപ്രായമുണ്ടായി.
മലപ്പുറത്തിനെതിരെയും മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രസ്താവനകള്‍ നടത്തിയ വെള്ളാപ്പള്ളിയെ ചേര്‍ത്തുപിടിച്ചത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് പാര്‍ട്ടിയില്‍ നേരത്തെയും വിലയിരുത്തലുണ്ടായിരുന്നു. വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ക്കെതിരെ മുഖ്യമന്ത്രിയോ സിപിഎം സംസ്ഥാന സെക്രട്ടറിയോ ഒന്നും പറയുകയോ തിരുത്തുകയോ ശാസിക്കുകയോ ചെയ്യാത്തതുകൊണ്ടാണ് വീണ്ടും തിരുവനന്തപുരം ജില്ല കമ്മിറ്റി ഈ വിഷയം ചര്‍ച്ചക്കിട്ടത്.

ഏത് പ്രതിസന്ധിയിലും എല്‍ഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന തിരുവനന്തപുരം കോര്പ്പറേഷന് ഇത്തവണ കൈവിട്ടതിലും ബിജെപി പിടിച്ചെടുത്തതിലും മുന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായത്. ആര്യയുടെ പല പ്രവര്‍ത്തനങ്ങളും ജനങ്ങളെ കോര്പ്പറേഷന് ഭരണത്തിന് എതിരാക്കി. കോര്പ്പറേഷന് ഭരണം നഷ്ടപ്പെടാന്‍ ഒരു കാരണം കഴിഞ്ഞ ഭരണസമിതിയുടെ തെറ്റായ ഭരണംകൂടിയാണ്. കോര്‍പ്പറേഷനിലെ തോല്‍വിക്ക് പ്രധാന കാരണം തെറ്റായ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമാണ്. ഭരണത്തെ നിയന്ത്രിക്കാന്‍ കഴിയാത്തത് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങള്‍ ആരോപിച്ചു.
വോട്ടര്‍മാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതില്‍ വലിയ പരാജയം എല്‍ഡിഎഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്ക്കുണ്ടായെന്നും ശബരിമല സ്വര്‍ണ്ണക്കൊള്ള വിവാദം തിരിച്ചടിക്ക് കാരണമായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പങ്കെടുത്ത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നു.
മന്ത്രി വി ശിവന്‍കുട്ടിക്കും മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി സംസ്ഥാന നേതാക്കളുടെ പിടിവാശി പല സീറ്റുകളും തോല്ക്കാന് കാരണമായി. മുതിര്‍ന്ന നേതാക്കള്‍ കാരണം വിമതര്‍ മത്സരത്തിന് എത്തി. കഴക്കൂട്ടം ഏരിയയിലെ സീറ്റുകള്‍ ഉദ്ധരിച്ചായിരുന്നു തെരഞ്ഞെടുപ്പില്‍ വിജയിച്ച ഒരു നേതാവിന്റെ വിമര്‍ശനം.
ക്ഷേമപെന്ഷന് വര്‍ധിപ്പിച്ചിട്ടും ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ സ്വീകരിച്ചില്ല. വാഴോട്ടുകോണത്തെ തോല്‍വി ഇരന്നു വാങ്ങിയതാണെന്നും വിഷയത്തില്‍ നേതൃത്വം ഇടപെട്ടില്ലെന്നും വിമര്‍ശനം. അതേസമയം തെരഞ്ഞെടുപ്പ് തോല്‍വിയടക്കം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന കമ്മിറ്റി കൂടിയതിനു ശേഷം വീണ്ടും ജില്ലാ കമ്മിറ്റി വിളിക്കും.






