അന്നമൂട്ടിയ കൈകളെ തട്ടിമാറ്റരുതേ; റേഷന്‍ വ്യാപാരികള്‍ ഈ നേഷന്റെ ഭാഗമല്ലേ; എഴുപത് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ നിലനില്‍പ്പിന്റെ ആശങ്കയില്‍: പറഞ്ഞുവിടാതിരിക്കാന്‍ നീതിപീഠത്തിന് മുന്നില്‍

പാലക്കാട്: ഇത്രകാലം അന്നമൂട്ടിയ കൈകളില്‍ തട്ടി മാറ്റരുതേ എന്നാണ് കേരളത്തിലെ 70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികള്‍ അപേക്ഷിക്കുന്നത്.
ഏതൊരു നാട്ടിലെയും സാധാരണക്കാരന്റെ ആശ്രയവും ആശ്വാസവുമാണ് റേഷന്‍ കടകള്‍.
കാലങ്ങളായി റേഷന്‍ കട നടത്തുന്ന ചില ലൈസന്‍സികളെ പ്രായത്തിന്റെ പേരില്‍ ഒഴിവാക്കാനുള്ള നീക്കം സംസ്ഥാന തൊട്ടാകെ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിട്ടുള്ളത്. സംഭവം കോടതി കയറി കഴിഞ്ഞു.
70 വയസ്സ് പൂര്‍ത്തിയായ റേഷന്‍ വ്യാപാരികളെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. റേഷന്‍ വ്യാപാരികള്‍ക്ക് റിട്ടയര്‍മെന്റ് പ്രായം നിശ്ചയിച്ചു കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം കേരളത്തില്‍ അങ്ങോളമിങ്ങോളം ഉള്ള റേഷന്‍ വ്യാപാരികള്‍ എതിര്‍ക്കുന്നുണ്ട്. തങ്ങളെ നിലനിര്‍ത്താനായി ഇവര്‍ക്ക് നീതിപീഠത്തെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.

സംസ്ഥാനത്തെ 70 വയസ്സ് പൂര്‍ത്തിയായ 54 കടയുടമകളാണ് കോടതിയെ സമീപിച്ചത്. കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരം റേഷന്‍ വ്യാപാരിക്ക് കട നടത്താന്‍ പ്രായപരിധി ഉണ്ടായിരുന്നില്ല. 2021ല്‍ ഇറങ്ങിയ പുതിയ കെ.ടി.പി.ഡി.എസ് ഉത്തരവിലും പുതുതായി നിയമിക്കുന്ന റേഷന്‍ വ്യാപാരിക്ക് മാത്രമാണ് പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍, അതിനെ തെറ്റായി വ്യാഖ്യാനിച്ച് നിലവിലുള്ള വ്യാപാരിക്ക് കൂടി ബാധകമാക്കി ഉത്തരവ് ഇറക്കിയ സിവില്‍ സപ്ലൈസ് കമീഷണറുടെ നടപടിക്കെതിരെ റേഷന്‍ വ്യാപാരിസംഘടനകള്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
പരിരിഹാരം ഉണ്ടാവാത്തതിനാലാണ് ഹൈകോടതിയെ സമീപിച്ചതെന്ന് കെ.എസ്.ആര്‍.ആര്‍.ഡി.എ സംസ്ഥാന വൈസ് പ്രസിഡന്റ് ശിവദാസ് വേലിക്കാട് പറഞ്ഞു.

70 വയസ്സ് തികഞ്ഞ റേഷന്‍ വ്യാപാരികളുടെ ലൈസന്‍സ് ജനുവരിക്ക് ശേഷം പുതുക്കി നല്‍കാതെ പിരിച്ചുവിടാനുള്ള ഉത്തരവിനെതിരെയാണ് കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ (കെ.എസ്.ആര്‍.ആര്‍.ഡി.എ) ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ നല്‍കിയത് . അതിലാണ് സ്റ്റേ അനുവദിച്ചത്.
കോടതിയില്‍ അസോസിയേഷന് വേണ്ടി അഡ്വ. വിനോദ് മാധവനാണ് ഹാജരായത്.






