MovieTRENDING

മോഹൻലാൽ നായകനായ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ യിലെ ആദ്യ വീഡിയോ ഗാനം “അപ്പ” പുറത്ത്; ആഗോള റിലീസ് ഡിസംബർ 25 ന്

മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയിലെ ആദ്യ ഗാനം പുറത്ത്. “അപ്പ” എന്ന ടൈറ്റിലോടെ ആണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സാം സി എസ് ഈണം നൽകിയ ഗാനത്തിൻ്റെ മലയാളം വരികൾ രചിച്ചത് വിനായക് ശശികുമാർ. മധു ബാലകൃഷ്ണൻ ആണ് ഗാനത്തിൻ്റെ മലയാളം പതിപ്പ് ആലപിച്ചത്. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്.

അച്ഛൻ – മകൻ ബന്ധത്തിൻ്റെ വികാരം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ദൃശ്യങ്ങളാണ് “അപ്പ” എന്ന ഗാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിൽ വിജയ് പ്രകാശ് ആണ് ഗാനം ആലപിച്ചത്. കല്യാണ് ചക്രവർത്തി ത്രിപുരനേനി (തെലുങ്ക്), കാർത്തിക് കുഷ് (ഹിന്ദി), നാഗാർജുൻ ശർമ്മ (കന്നഡ) എന്നിവരാണ് മറ്റു ഭാഷകളിൽ വരികൾ എഴുതിയിരിക്കുന്നത്. ടി സീരീസ് ആണ് ചിത്രത്തിൻ്റെ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.

Signature-ad

ഒരു അച്ഛനും മകനും തമ്മിലുള്ള ശക്തവും വൈകാരികവുമായ ബന്ധത്തിൽ വേരൂന്നിയതാണ് ചിത്രമെന്നും, “അപ്പ” എന്ന ഈ ഗാനം കഥയുടെ ഹൃദയമിടിപ്പ് കൃത്യമായി പ്രതിഫലിപ്പിക്കുകയും പ്രേക്ഷകർക്ക് സിനിമ എന്തിനെ പ്രതിനിധീകരിക്കുന്നു എന്നതിന്റെ യഥാർത്ഥ ബോധം നൽകുകയും ചെയ്യുന്നു എന്നും സംവിധായകൻ വിശദീകരിച്ചു. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. രാജാവിൻ്റെ ലുക്കിലുള്ള അദ്ദേഹത്തിൻ്റെ പോസ്റ്ററുകൾ എല്ലാം തന്നെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ ടീസറും നേരത്തെ പുറത്തു വന്നിരുന്നു.

മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ മികച്ച പ്രതികരണമാണ് നേടിയത്. താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ് ചിത്രം. സമർജിത് ലങ്കേഷ്, രാഗിണി ദ്വിവേദി, നയൻ സരിക, അജയ്, നേഹ സക്‌സേന, ഗരുഡ റാം, വിനയ് വർമ, അലി, അയ്യപ്പ പി. ശർമ്മ, കിഷോർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്. തെലുങ്ക്, മലയാളം ഭാഷകളിൽ ഒരുക്കിയ ചിത്രം ഹിന്ദി, കന്നഡ,ഭാഷകളിൽ കൂടി 2025 ഡിസംബർ 25 ന് ചിത്രം റിലീസിനെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ ഉൾപ്പെടെയുള്ളവ വൈകാതെ പുറത്തു വരും.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, ഗണേഷ്, നിഖിൽ, പിആർഒ- ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: