Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ല; നല്‍കിയത് 376 ഡിയില്‍ പാര്‍ലമെന്റ് പറഞ്ഞ കുറഞ്ഞ തടവ്; വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; ശിക്ഷയില്‍ നിരാശന്‍: അഡ്വ. അജകുമാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കിട്ടിയിരിക്കുന്ന ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി. അജകുമാര്‍. 376 ഡിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം കൊടുക്കേണ്ട തടവു മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ്. ശിക്ഷ കുറഞ്ഞുപോയതിനാല്‍, അപ്പീല്‍ നല്‍കാനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ലല്ലോ, ശിക്ഷയില്‍ നിരാശനാണ്. തെളിവുകളില്‍ ഏതാണ് സ്വീകരിക്കാതെ പോയതെന്നും, എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തു കൊണ്ടെന്ന് പറയാന്‍ ജഡ്ജ്‌മെന്റ് വായിക്കാതെ എനിക്കാവില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല, അഭിഭാഷകനാണ്. പരമാവധി ശിക്ഷ കൊടുക്കണമെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ശക്തമായി വാദിച്ചിരുന്നു’. – അദ്ദേഹം പറയുന്നു.

Signature-ad

ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവുമാണ് പരിഗണിച്ചത്. പിഴത്തുക അതിജീവിതക്ക് നഷ്ടപരിഹാരമായി നല്‍കണം. എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നിലവില്‍ പ്രതികള്‍ അനുഭവിച്ച തടവ് കാലയളവ് ഇളവുചെയ്യും. അതിജീവിതയ്ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം.

സ്വര്‍ണമോതിരം അതിജീവിതയ്ക്ക് തിരികെ നല്‍കണം. പെന്‍ഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥര്‍ ജാഗ്രതയോടെ സൂക്ഷിക്കണം. അപ്പീല്‍ കാലാവധി കഴിയും വരെ സൂക്ഷിക്കണമെന്നുമാണ് കോടതി നിര്‍ദേശം. ഒന്നര മണിക്കൂര്‍ നീണ്ട വാദം കേള്‍ക്കലിനൊടുവിലാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്.

 

Back to top button
error: