പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ ബൂത്തില്‍ രാഹുല്‍ മാങ്കുട്ടത്തില്‍ വോട്ടു ചെയ്യാനെത്തുമോ ? ആകാംഷയോടെ കേരളം, മൂന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യുഷന്

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയുള്ള രണ്ടാം ബലാത്സംഗക്കേസില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ പ്രോസിക്യൂഷന്. ഈ കേസില്‍ ഇന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മൂന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. ഉത്തരവ് ലഭിച്ചാല്‍ ഇന്ന് തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് തീരുമാനം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇതോടെ രാഹുല്‍ നാളെ പാലക്കാട് വോട്ട് ചെയ്യാനെത്തുമോയെന്ന ചര്‍ച്ച സജീവമായി.
നാളെയാണ് പാലക്കാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വോട്ടെടുപ്പ്. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരായി ഒപ്പിടണം, അന്വേഷണത്തോട് സഹകരിക്കണം എന്നീ ഉപാധികളോടെയാണ് രാഹുലിന് രണ്ടാമത്തെ കേസില്‍ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി ഉത്തരവിലുണ്ട്.
പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുലിന്റെ വോട്ട്. രാഹുല്‍ താമസിക്കുന്ന ഫ്ളാറ്റ് ഈ വാര്‍ഡിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡാണിത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ രാഹുല്‍ ഇവിടെ സജീവമായിരുന്നു. ഇതിനിടെയാണ് ആദ്യപരാതി മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.
പിന്നാലെ രാഹുല്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു പെണ്‍കുട്ടി കൂടി ഇമെയില്‍ മുഖാന്തരം പരാതി നല്‍കുകയായിരുന്നു. ഇതോടെ രണ്ട് ബലാത്സംഗക്കേസുകളാണ് രാഹുലിനെ പ്രതിയാക്കി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.






