Breaking NewsIndiaLead NewsNewsthen SpecialTech

ആപ്പിള്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ല; സഞ്ചാര്‍ സാഥി ആപ്പില്‍ ആപ്പിലായി ബിജെപി; ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും കെ.സി.വേണുഗോപാല്‍ എം.പി

 

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കുന്ന സഞ്ചാര്‍ സാഥി ആപ്പില്‍ കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് ആപ്പിള്‍.
ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു
പുതിയ ഫോണുകളില്‍ സഞ്ചാര്‍ സാഥി നിര്‍ബന്ധമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചാല്‍ ആപ്പിള്‍ സഹകരിക്കില്ലെന്നും ലോകത്തൊരിടത്തും ഇത്തരം നിര്‍ദ്ദേശം കമ്പനി അംഗീകരിക്കാറില്ലെന്നതാണ് ആപ്പിളിന്റെ നിലപാടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവന്നു. ഐ ഒ എസ് ഇക്കോസിസ്റ്റത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കിയതായി ആപ്പിള്‍ അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക പ്രതികരണം ഉടന്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെ ആപ്പിള്‍ കമ്പനി നേരിട്ടറിയിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

Signature-ad

 

അതിനിടെ സഞ്ചാര്‍ സാഥി ആപ്പ് വിവാദത്തില്‍ വ്യക്തത വരുത്തി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്തെത്തി. ആപ്പ് വേണ്ടെങ്കില്‍ ഉപഭോക്താക്കള്‍ക്ക് ഡിലീറ്റ് ചെയ്യാമെന്നാണ് മന്ത്രി അറിയിച്ചത്. സൈബര്‍ സുരക്ഷ മുന്‍ നിര്‍ത്തിയാണ് സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതെന്നും ജ്യോതിരാദിത്യ സിന്ധ്യ കൂട്ടിച്ചേര്‍ത്തു. ആപ്പിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു നിര്‍ബന്ധവുമില്ലെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യയില്‍ വില്‍ക്കുന്നതിനായി നിര്‍മ്മിക്കുന്നതോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ പുതിയ മൊബൈല്‍ ഹാന്‍ഡ്സെറ്റുകളിലും സഞ്ചാര്‍ സാഥി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് (ഡി ഒ ടി) നിര്‍ദ്ദേശിച്ചതാണ് വിവാദത്തിന് കാരണമായത്. 2023 മെയ് മാസത്തില്‍ സ്ഥാപിതമായ ഈ പോര്‍ട്ടല്‍, നഷ്ടപ്പെട്ട മൊബൈല്‍ ഫോണുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും ബ്ലോക്ക് ചെയ്യുന്നതിനും സൗകര്യമൊരുക്കുന്നു. തിങ്കളാഴ്ച എല്ലാ ഉപകരണ നിര്‍മ്മാതാക്കള്‍ക്കും (ഒ ഇ എം) ഇറക്കുമതിക്കാര്‍ക്കും കേന്ദ്രം ഈ നിര്‍ദേശം നല്‍കി. ആദ്യ ഉപയോഗ സമയത്തോ ഉപകരണം സജ്ജീകരിക്കുന്ന സമയത്തോ ആപ്പ് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ ദൃശ്യമാകുന്നുണ്ടെന്നും ആക്സസ് ചെയ്യാവുന്നതാണെന്നും ഉറപ്പാക്കണമെന്നും അതിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നില്ലെന്നും ഉറപ്പാക്കണമെന്നും വകുപ്പ് ആവശ്യപ്പെട്ടു.

 

പൊതുജനങ്ങളെ വ്യാജ ഹാന്‍ഡ്സെറ്റുകള്‍ വാങ്ങുന്നതില്‍ നിന്ന് സംരക്ഷിക്കുന്നതിനും ടെലികോം വിഭവങ്ങളുടെ ദുരുപയോഗം തടയാനുമാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഡി ഒ ടി അറിയിച്ചു. എന്നാല്‍ സഞ്ചാര്‍ സാഥി ആപ്പ് വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബിഗ് ബ്രദറിന് എല്ലാം അറിയാനുള്ള നീക്കമാണെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും എ.ഐ.സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നീക്കം മൗലികാവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും വേണുഗോപാല്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: