കളങ്കാവലില്‍ ഹീറോ വിനായകന് തന്നെ; മമ്മൂട്ടി വില്ലനും; ഒരു കലക്ക് കലക്കും; തന്റെ കഥാപാത്രത്തെ ഇഷ്ടപ്പെടാന്‍ േ്രപക്ഷകര്‍ക്ക് കഴിയില്ലെന്നു മമ്മൂട്ടി; പക്ഷേ ആ കഥാപാത്രത്തെ തിയറ്ററില്‍ ഉപേക്ഷിച്ചു പോകാനും കഴിയില്ല; ആരാധകരുടെ കാത്തിരിപ്പ് തീരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം : കളങ്കാവല്‍ എന്ന തന്റെ പുതിയ സിനിമയില്‍ ഹീറോയും നായകനും ഒക്കെ വിനായകന് ആണെന്നും താന്‍ സിനിമയിലെ വില്ലന്‍ ആണെന്നും ഒരിക്കല്‍ കൂടി വെളിപ്പെടുത്തി മമ്മൂട്ടി.
മമ്മൂക്കയുടെ ആരാധകര്‍ ഏറെയാകാംക്ഷയോടെ കാത്തിരിക്കുന്ന കളങ്കാവല്‍ ഈ മാസം അഞ്ചിന് തിയറ്ററുകളില്‍ എത്തുമ്പോള്‍ മമ്മൂട്ടിയുടെ വില്ലന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന ആകാംക്ഷ മലയാള സിനിമ ലോകത്തിനുണ്ട്.
പുതിയ പരീക്ഷണ ചിത്രങ്ങളില്‍ ധൈര്യപൂര്‍വ്വം അഭിനയിക്കാന്‍ തയ്യാറാക്കുന്ന മമ്മൂട്ടിയുടെ കിടിലന്‍ കഥാപാത്രം ആയിരിക്കും കളങ്കാവല്‍ എന്ന ചിത്രത്തിലേതെന്ന് ആരാധകരും സിനിമ നിരൂപകരും മലയാളം ഫിലിം ഇന്‍ഡസ്ട്രിയും ഒരുപോലെ വിശ്വസിക്കുന്നു.
അതുകൊണ്ടുതന്നെ കാത്തിരിപ്പുകളുടെയും ഹൈപ്പിന്റെയും മൂര്ദ്ധനത്തിലാണ് കളങ്കാവല്‍ റിലീസ് ചെയ്യുന്നത്.

കളങ്കാവലില്‍ തന്നെ സംബന്ധിച്ചിടത്തോളം സിനിമയല്ല തന്റ കഥാപാത്രമായിരുന്നു ഏറ്റവും വലിയ പരീക്ഷണമെന്നും മമ്മൂട്ടി പറഞ്ഞു. ഒരുപക്ഷേ തന്റെ കഥാപാത്രത്തെ സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ പ്രേക്ഷകര്‍ക്ക് കഴിയില്ലെന്നും എന്നാലും തിയറ്ററില്‍ ആ കഥാപാത്രത്തെ ഉപേക്ഷിച്ച് പോകാനാവില്ലെന്നും മമ്മൂട്ടി പറഞ്ഞു.
പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വില്ലന്‍ ആയിരിക്കും മമ്മൂട്ടിയുടെ കഥാപാത്രം എന്നാണ് മമ്മൂട്ടി തന്നെ തരുന്ന സൂചനകള്‍. ആവശ്യത്തിന് സെന്റിമെന്റ്സും നെഗറ്റീവ് ഷെയ്ഡിനൊപ്പം തന്നെ പോസിറ്റീവ് ഷെയ്ഡും എല്ലാം ചേര്‍ന്നുള്ള കഥാപാത്രം ആയിരിക്കും മമ്മൂട്ടിയുടേതെന്നു ഉറപ്പായിട്ടുണ്ട്. അതുകൊണ്ടാണ് തന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ക്ക് തീയറ്ററില്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുന്നത്.
കളങ്കാവല്‍ എന്ന ചിത്രത്തിന്റെ പ്രീ റിലീസ് ടീസര്‍ ഈവന്റില്‍ വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി പറക്കുകയാണ്. കളങ്കാവിലില്‍ വിനായകനാണ് നായകന് എന്ന് പറഞ്ഞതിന്റെ കൂടെ മമ്മൂട്ടി വിനായകനെ കുറിച്ച് പിന്നെയും കുറെ നല്ല വാക്കുകള്‍ സംസാരിച്ചു. വിനായകനെ കുറിച്ച് മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ ഒരു അഭിനേതാവ് മറ്റൊരു അഭിനേതാവിനെ എങ്ങിനെ വിലയിരുത്തുന്നു എന്നതിന്റെ വ്യക്തമായ കാഴ്ചപ്പാടായി.
വിനായകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത് –
ക്ലാസില്‍ കുസൃതി കാണിക്കുന്ന ഒത്തിരി കുട്ടികളുണ്ടാകും. പക്ഷേ അവരോട് നമുക്കൊരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു കുസൃതിക്കാരനാണ് വിനായകന്. വിനായകന് ഒരുപാട് കുസൃതികള്‍ കാണിക്കുമെങ്കിലും ഒരു വാത്സല്യം ഇയാളുടെ സിനിമകള്‍ കാണുമ്പോള്‍ നമുക്ക് തോന്നിപ്പോകും.

ശരിയാണ് മമ്മൂട്ടി പറഞ്ഞത്. സിനിമയ്ക്ക് പുറത്ത് വിനായകന്റെ റോളുകളും വേഷംകെട്ടലുകളും പലപ്പോഴും അസഹനീയമാണെങ്കിലും ഓണ്‍ സ്ക്രീനില്‍ വിനായകന് എപ്പോഴും ഞെട്ടിക്കാറുണ്ട്, അത്ഭുതപ്പെടുത്താറുണ്ട്…രജനീകാന്തിനെ വരെ അമ്പരപ്പിച്ച നടനല്ലേ വിനായകന്. എന്നാല്‍ പല പ്രതികരണങ്ങളും പെരുമാറ്റങ്ങളും അതിരുവിട്ടു പോകുമ്പോള്‍ ഇതെന്ത് മനുഷ്യന് എന്ന് തോന്നിപ്പോകുമെങ്കിലും മമ്മൂട്ടി പറഞ്ഞപോലെ സ്ക്രീനില്‍ ഈ മനുഷ്യന് ഒരു വിസ്മയം തന്നെയാണ്. കലക്കി എന്നല്ലാതെ വിനായകന്റെ ഒരു കഥാപാത്രത്തേയും നിരൂപിക്കാന്‍ സാധിക്കില്ല.
കമ്മട്ടിപ്പാടവും കലിയുമൊക്കെ ഒരു അനുഭവമാക്കി മാറ്റിയത് ഈ നടന്റെ പ്രസന്‍സ് കൊണ്ടുകൂടിയാണ്. കമ്മട്ടിപ്പാടം കണ്ടു തീര്‍ന്ന് തീയറ്റര്‍ വിട്ടിറങ്ങിയാലും ദുല്‍ഖറിന്റെ കഥാപാത്രത്തേക്കാള്‍ പ്രേക്ഷകരെ വേട്ടയാടുന്നത് വിനായകന്റെ കഥാപാത്രം തന്നെയായിരുന്നു.
മമ്മൂട്ടി പറഞ്ഞതും അതു തന്നെയാണ്.
ഒരു നര്‍ത്തകന്റെ ചുവടുകളുമായി എത്തി പിന്നീട് സിനിമകളില്‍ തന്റെ സാന്നിധ്യമറിയിച്ച വിനായകന് ഇത് വെള്ളിത്തിരയിലെ മുപ്പതാം വര്‍ഷമാണെന്നത് അവിശ്വസനീയമായ അത്ഭുതം!!
30 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത വിനായകന് വില്ലസിനസവും തമാശയും സെന്റിമെന്റ്സും തുടങ്ങി സകലവേഷങ്ങളുമാടി. രജനികാന്ത് അടക്കമുള്ളവര്‍ക്കൊപ്പം അഭിനയിച്ച് പാന്‍ ഇന്ത്യന്‍ തലത്തില്‍ തന്നെ ശ്രദ്ധേയനായി മാറി.
വരാനിരിക്കുന്ന മമ്മൂട്ടി ചിത്രമായ കളങ്കാവല്‍ വിനായകന്റെ മൈലേജ് ഇനിയും കൂട്ടും.
കളങ്കാവിലിന്റെ പ്രീ റിലീസ് ടീസര്‍ ഈവന്റില്‍ വിനായകന് പറഞ്ഞ വാക്കുകളാണ് സത്യം. എനിക്ക് സംസാരിക്കാന്‍ അറിയില്ല. അറിയാല്ലോ എന്നാണ് വിനായകന് വേദിയിലേക്ക് കയറി മൈക്ക് കയ്യിലെടുത്ത് ആദ്യംപറഞ്ഞത്.
ഇതിന് മമ്മൂട്ടി കൊടുത്ത മറുപടിയാണ് ആ ഇവന്റിലെ സൂപ്പര്‍ ഡയലോഗായി മാറിയത്. സംസാരിക്കാനറിയില്ലെന്ന് സമ്മതിച്ച വിനായകനോടും കണ്ടും കേട്ടുമിരുന്ന സദസ്യരോടും മലയാളത്തിന്റെ, അല്ല ഇന്ത്യയുടെ മഹാനടന് മമ്മൂട്ടി ഒരേയൊരു വരിയില്‍ മറുപടി പറഞ്ഞു – സംസാരിക്കാന്‍ അറിയില്ലെങ്കിലും നന്നായിട്ട് അഭിനയിക്കാനറിയാം.






