സൈബര്‍ ഇടത്ത് ആക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതിയില്‍ ജാമ്യം നിഷേധിച്ചു ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു, പൂജപ്പുര സബ്ജയിലിലേക്ക് മാറ്റി ; കള്ളക്കേസെന്നും ജയിലില്‍ നിരാഹാരം നടത്തുമെന്ന് രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിനെതിരേയുള്ള ലൈംഗികാപവാദകേസില്‍ ഇരയെ സൈബര്‍ ഇടത്തില്‍ വെളിപ്പെടുത്തിയെന്ന കുറ്റത്തില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം വഞ്ചിയൂര്‍കോടതിയാണ് ജാമ്യം നിഷേധിച്ചത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പൂജപ്പുര സബ്ജയിലിലേക്കാണ് മാറ്റുക. ജാമ്യാപേക്ഷയില്‍ രാഹുല്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളുകയും ചെയ്തു. അതിജീവിതയെ അധിക്ഷേപിച്ചെന്ന അതിജീവിതയുടെ പരാതി കോടതി അംഗീകരിച്ചു.
കേസ് പച്ചക്കള്ളമാണെന്നും താന്‍ ജയിലില്‍ നിരാഹാരം കിടക്കുമെന്നും രാഹുല്‍ പറഞ്ഞു. പോലീസ് പിടിച്ചെടുത്ത രാഹുല്‍ ഈശ്വറിന്റെ ലാപ്‌ടോപ്പ് കോടതി പരിശോധിച്ചു. ഇതില്‍ നിന്നും ഇരയുടെ ചിത്രം കണ്ടെത്തുകയും അതിലുണ്ടായിരുന്നു 12 ലധികം വീഡിയോകള്‍ പരിശോധിക്കുകയും ചെയ്തു. വീഡിയോ അടക്കമുള്ള തെളിവുകള്‍ ജഡ്ജി മുഖവിലയ്ക്ക് എടുക്കുകയും ഗുരുതരമായി കാണുകയും ചെയ്തതിന് പിന്നാലെയാണ് ജാമ്യപേക്ഷ തള്ളി റിമാന്‍ഡിലേക്ക് വിട്ടത്.
അതിജീവിതയെ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത വീഡിയോ തയ്യാറാക്കുകയായിരുന്നു രാഹുല്‍ ഈശ്വര്‍ ചെയ്തതെന്ന ഇരയുടെ വാദം കോടതി അംഗീകരിച്ചു. രാഹുലിന്റെ വീഡിയോ മജിസ്‌ട്രേറ്റ് ചേംബറില്‍ എത്തി കണ്ടു. ഈ വീഡിയോയാണ് കുരുക്കായത്. പ്രഥമദൃഷ്ടാ യുവതി നല്‍കിയ പരാതിയില്‍ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. രാഹുല്‍ ഈശ്വറിന്റെ കയ്യില്‍ മാത്രമല്ല വീഡിയോയെന്നും സംഘടിതശ്രമം ഇതിന് പിന്നിലുണ്ടായെന്നുമുള്ള യുവതിയുടെ വാദം കോടതി അംഗീകരിച്ചു. സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ടുള്ള എല്ലാ കണ്ടെന്റുകളും നീക്കം ചെയ്യാന്‍ മെറ്റയോട് പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.






