Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഇതൊക്കെ ബിജെപിയുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്; മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി; ഇഡി കളിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നും ആരോപണം

 

തിരുവനന്തപുരം : ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇഡി കളിക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്.
മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞ തോമസ് ഐസക് ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയാണെന്നും കുറ്റപ്പെടുത്തി.മസാല ബോണ്ട് തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ ആരോപണം തെറ്റാണെന്നും, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി
തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിക്കു വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു.
തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്നും അദ്ദേഹം പറഞ്ഞു.
ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഐസക് കുറ്റപ്പെടുത്തി.

Signature-ad

മുന്‍ ധനമന്ത്രി ഡോ..തോമസ് ഐസകിന്റെ പ്രതികരണം

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ കേസ് വന്നത്. പിന്നെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത്. അതിന് ശേഷം കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത്. ഇപ്പോള്‍ തദ്ദേശ തെരഞ്ഞെടുപ്പായപ്പോള്‍ വീണ്ടും കുത്തിപ്പൊക്കി. ബിജെപിക്ക് വേണ്ടി ഇഡി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുകയാണ്. ആദ്യത്തെ ഇഡിയുടെ വാദം കിഫ്ബിക്ക് മസാല ബോണ്ടിറക്കാന്‍ അനുവാദമില്ലെന്നായിരുന്നു. എന്നാല്‍ ആര്‍ബിഐ അനുവാദത്തോടെയാണ് എല്ലാ നടപടിയും സ്വീകരിച്ചതെന്ന് വ്യക്തമാക്കിയെങ്കിലും അന്വേഷണത്തിന് ഹാജരാകാന്‍ നോട്ടീസ് നല്‍കി. ആ നോട്ടീസില്‍ കിഫ്ബിയുമായി ബന്ധപ്പെട്ട രേഖകളല്ല ചോദിച്ചത്. തന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ട്, താന്‍ ഡയറക്ടറായിരുന്ന കമ്പനികളുടെ ബാങ്ക് അക്കൗണ്ട് എന്നിവയാണ് ആവശ്യപ്പെട്ടത്. ഇതെന്തിനെന്ന് ചോദിച്ചാണ് താന്‍ ഹൈക്കോടതിയെ സമീപിച്ചത്. അപ്പോള്‍ തന്റെ പക്കല്‍ നിന്ന് ആവശ്യപ്പെട്ട രേഖകളുടെ എണ്ണം കുറച്ചു. വിളിപ്പിക്കാനുള്ള കാരണം ചോദിച്ച് വീണ്ടും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. എന്നിട്ടും ഇതുവരെ ഇഡിക്ക് ആ കാര്യത്തില്‍ മറുപടി പറയാനായില്ല.

കാടും പടലും തല്ലിയുള്ള അന്വേഷണത്തിലാണ് ഇഡി. ഇഡിയുടെ രാഷ്ട്രീയ യജമാനന്മാര്‍ക്ക്, കേന്ദ്രത്തിലെ ബിജെപി അധികാരികളുടെ ശീലം ഇതായിരിക്കും. ഇത്രയും കോടിയുടെ ഇടപാട് നടക്കുമ്പോള്‍ എന്തെങ്കിലും കൈക്കലാക്കിയിരിക്കും എന്നാണ് അവര്‍ കരുതിയത്. ആ കേസില്‍ തന്നെ വിളിപ്പിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കി. അതിന് ശേഷമാണ് അഡ്ജുഡിക്കേഷന്‍ അതോറിറ്റിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതിന്റെ കാരണം കാണിക്കല്‍ നോട്ടീസാണ് തനിക്കും മുഖ്യമന്ത്രിക്കും അടക്കം അയച്ചിരിക്കുന്നത്. എന്താണ് വിശദീകരിക്കേണ്ടത്? കിഫ്ബിക്ക് മസാല ബോണ്ട് ഇറക്കാന്‍ അനുമതിയുണ്ടോയെന്ന ചോദ്യമൊക്കെ പോയി. ഈ മസാല ബോണ്ട് വഴി എടുത്ത പണം, 2600 കോടിയിലേറെ രൂപ ഭൂമി ഏറ്റെടുക്കാന്‍ ഉപയോഗിക്കരുതെന്നാണ് ഇപ്പോഴത്തെ വാദം. ഈ 2600 കോടിയില്‍ ഒരു ഭാഗം ഭൂമിയേറ്റെടുക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. ആകെയുള്ളത് ഭൂമി വാങ്ങിയിരിക്കുന്നു എന്നതാണ്. ഉത്തരം ലളിതമാണ്. ഭൂമി വാങ്ങിയിട്ടില്ല. ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത്. ഭൂമി വാങ്ങരുതെന്ന നിബന്ധന ആര്‍ബിഐ മാറ്റിയിട്ടുള്ളത്. പ്രഥമദൃഷ്ട്യാ തള്ളുന്ന കാര്യത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ബിജെപിക്കുള്ള പാദസേവയാണ് ഇഡി ചെയ്യുന്നത്. അതിന് താളം പിടിക്കാന്‍ യുഡിഎഫ് ഇറങ്ങുന്നത് നാണക്കേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: