
ഇസ്ലാമാബാദ്: വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ വിസമ്മതിക്കുന്നപക്ഷം ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്റെ അന്ത്യശാസനം.
2021 ലെ ഭരണമാറ്റത്തിനു ശേഷമുണ്ടായ ഏറ്റവും രൂക്ഷമായ സംഘര്‍ഷത്തെ തുടര്‍ന്ന് തുര്‍ക്കിയുടെ മധ്യസ്ഥതയില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മില്‍ പല തവണ കൂടിക്കാഴ്ചകള്‍ നടത്തിയെങ്കിലും വ്യവസ്ഥകളില്‍ ധാരണയാകാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ വഴിമുട്ടിയനിലയിലാണ്. ആശങ്കകള്‍ പരിഹരിക്കാന്‍ താലിബാന്‍ വിസമ്മതിക്കുന്നതാണ് പ്രശ്‌നപരിഹാരത്തിന് തടസമെന്നാണ് പാകിസ്ഥാന്റെ ആരോപണം.
തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) കര്‍ശന നടപടി സ്വീകരിക്കുക, തീവ്ര ടിടിപി ഭീകരരെ പാക്കിസ്ഥാന് കൈമാറുക, തര്‍ക്കമുള്ള അതിര്‍ത്തി മേഖലയായ ഡ്യൂറന്‍ഡ് രേഖയില്‍ സംഘര്‍ഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനല്‍കുക, അതിര്‍ത്തി കടന്നുള്ള ഭീകരവാദം തടയാന്‍ ബഫര്‍ സോണ്‍ സ്ഥാപിക്കുക, വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക എന്നീ വ്യവസ്ഥകളാണ് അഫ്ഗാന്‍ ഭരണകൂടത്തിനു മുന്നില്‍ പാക്കിസ്ഥാന്‍ വച്ചിട്ടുള്ളത്.
വ്യവസ്ഥകള്‍ അംഗീകരിക്കുക അല്ലെങ്കില്‍ ഭരണമാറ്റത്തിനുള്ള പ്രചാരണം നേരിടാന്‍ തയാറായിക്കൊള്ളാന്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുര്‍ക്കിയാണ് പാക്കിസ്ഥാന്റെ സന്ദേശം താലിബാന് കൈമാറിയയത്.
2021 ല്‍ അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാന്‍ പിടിച്ച ശേഷമാണ് പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ ഉലച്ചിലുണ്ടായത്. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാനില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അഫ്ഗാന്‍ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പാക്കിസ്ഥാനെ എതിര്‍ക്കുകയും പതിവായി ആക്രമണങ്ങള്‍ നടത്തുകയും ചെയ്യുന്ന തെഹ്രികെ താലിബാന്‍ പാക്കിസ്ഥാനെതിരെ (ടിടിപി) നടപടിയെടുക്കാന്‍ താലിബാന്‍ സ്ഥിരമായി വിസമ്മതിക്കുകയാണെന്ന് പാക്കിസ്ഥാന്‍ ആരോപിച്ചു.
അഫ്ഗാന്‍ മുന്‍ പ്രസിഡന്റുമാരായ ഹമീദ് കര്‍സായി, അഷ്റഫ് ഗനി, നോര്‍ത്തേണ്‍ റെസിസ്റ്റന്‍സ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദ്, മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഷീദ് ദോസ്തം, അഫ്ഗാനിസ്ഥാന്‍ ഫ്രീഡം ഫ്രണ്ട് നേതാക്കള്‍ തുടങ്ങി പ്രമുഖരായ നിരവധി അഫ്ഗാന്‍ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം ആശയവിനിമയം നടത്തിയെന്നാണ് വിവരം.
താലിബാനെ പതിറ്റാണ്ടുകളായി പിന്തുണച്ചിരുന്ന പാക്കിസ്ഥാന്‍ അഫ്ഗാനില്‍ ഭരണം തിരിച്ചുപിടിക്കുന്നതിനും അവര്‍ക്ക് സജീവമായി സഹായങ്ങള്‍ നല്‍കിയിരുന്നു. താലിബാന്‍ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചത് പാക്കിസ്ഥാന്റെ നിലപാടുമാറ്റത്തിനു പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.






