റെന്റ് എ കാര്‍ തിരിച്ചു ചോദിച്ചത് പിടിച്ചില്ല; ഉടമയെ ബോണറ്റില്‍ കിടത്തി ഓടിച്ചത് അഞ്ചു കിലോമീറ്റര്‍; രക്ഷിച്ചതു നാട്ടുകാര്‍ ചേര്‍ന്ന് കാര്‍ തടഞ്ഞ്; പ്രതി തിരൂര്‍ സ്വദേശി ബക്കര്‍ അറസ്റ്റില്‍

എരുമപ്പെട്ടി: വാടകയ്ക്കു കൊടുത്ത കാര്‍ തിരിച്ചുവാങ്ങാനെത്തിയ യുവാവിനെ കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. രക്ഷപ്പെടാന്‍ കാറിന്റെ ബോണറ്റില്‍ പിടിച്ചുതൂങ്ങിയ ആലുവ പാനായിക്കുളം സ്വദേശി കൊടിയന്‍ വീട്ടില്‍ സോളമനുമായി കാര്‍ സഞ്ചരിച്ച അഞ്ചുകിലോമീറ്ററോളം ദൂരം. ഇന്നു രാവിലെയാണ് എരുമപ്പെട്ടിയില്‍ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് കാര്‍ തടഞ്ഞ് യുവാവിനെ രക്ഷപ്പെടുത്തി. കാര്‍ ഓടിച്ച തൃശൂര്‍ തിരൂര്‍ പോട്ടോര്‍ സ്വദേശി നാലകത്ത് വീട്ടിന്‍ ബക്കറിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു.
ഒക്ടോബര്‍ 20 നാണ് ബക്കര്‍ വിവാഹ ആവശ്യത്തിനാണെന്ന് പറഞ്ഞ് സോളമന്റെ കാര്‍ വാടകയ്ക്ക് എടുത്തത്. പിന്നീട് കാര്‍ തിരികെ നല്‍കിയില്ല. സോളമന്‍ ബിനാനിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കാറിന്റെ ജിപിഎസ് ലൊക്കേഷന്‍ നോക്കി അന്വേഷണം നടത്തിവരുന്നതിനിടയില്‍ കാര്‍ എരുമപ്പെട്ടി വെള്ളറക്കാട് പ്രദേശത്ത് കാണുകയും തടയുകയും ചെയ്തു.
ഇതിനിടയിലാണ് കാര്‍ മുന്നോട്ട് എടുത്ത് സോളാറിനെ ഇടിച്ചുതെറിപ്പിക്കാന്‍ ശ്രമിച്ചത്. രക്ഷപ്പെടാന്‍ വേണ്ടി സല്‍മാന്‍ കാറിന്റെ ബോണറ്റിലേക്ക് ചാടി കയറി വൈപ്പറില്‍ തൂങ്ങിപ്പിടിച്ച് കിടന്നു. എന്നാല്‍ കാര്‍ നിര്‍ത്താതെ ബക്കര്‍ അതിവേഗത്തില്‍ ഓടിച്ച് വടക്കാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്നു. ഇതിനിടയില്‍ സോളമന്‍ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ പകര്‍ത്തിയിരുന്നു. നാട്ടുകാര്‍ പലയിടത്ത് വച്ച് കാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ബക്കര്‍ കാര്‍ നിര്‍ത്തിയില്ല. തുടര്‍ന്നാണ് എരുമപ്പെട്ടി പോലീസ് സ്റ്റേഷന് സമീപം വെച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തടഞ്ഞത്. സംഭവത്തെക്കുറിച്ച് എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.






