ഇന്ത്യ-ബംഗ്ലാദേശ് വനിത ക്രിക്കറ്റ് പരമ്പര മാറ്റി ; രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂലമെന്ന് സൂചന ; ഷെയ്ഖ് ഹസീന കേസ് പ്രധാന കാരണം

ന്യൂഡല്‍ഹി: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ഹോം പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) മാറ്റിവച്ചതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വര്‍ധിച്ചുവരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണമാണ് പരന്പര മാറ്റിവച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
പരമ്പര പുനക്രമീകരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് (ബിസിബി) ബിസിസിഐയില്‍നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. മാറ്റിവയ്ക്കലിന്റെ കാരണം ഇരു ബോര്‍ഡുകളും പരസ്യമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഷെയ്ഖ് ഹസീനയുടെ ശിക്ഷയെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ കാലാവസ്ഥയാണ് തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് ധാക്ക ട്രൈബ്യൂണല്‍ അടുത്തിടെ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു. ഉഭയകക്ഷി ബന്ധങ്ങളില്‍ സംഘര്‍ഷം രൂക്ഷമാക്കിയ വിധിയാണിത്. ബംഗ്ലാദേശ് വിട്ട് ഇന്ത്യയില്‍ പ്രവാസിയായി കഴിയുന്ന ഹസീനയെ കൈമാറണമെന്ന് ധാക്കയിലെ ഇടക്കാല സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.






