പാലക്കാട് ബിജെപിയില്‍ തമ്മിലടി ശക്തം ; സ്ഥാനാര്‍ത്ഥി പട്ടിക ഏകപപക്ഷീയമെന്ന് തുറന്നടിച്ച് മുന്‍ നഗരസഭ അധ്യക്ഷ ; കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമീള ശശിധരന്

പാലക്കാട്: പാലക്കാട് ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരസ്യമായ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരന് രംഗത്ത്. കൃഷ്ണകുമാര്‍ പക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രമീള ഉന്നയിച്ചത്. ഇതോടെ തേേദ്ദശ തെരഞ്ഞെടുപ്പില്‍ പാലക്കാട് ബിജെപിയില്‍ അടിയൊഴുക്കുകള്‍ക്കും അട്ടിമറികള്‍ക്കും സാധ്യതയേറി.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നും പാലക്കാട് ബിജെപി പിടിച്ചെടുക്കാന്‍ കൃഷ്ണകുമാര്‍ പക്ഷം ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിയെന്നും പ്രമീള ശശിധരന് കുറ്റപ്പെടുത്തി. തന്റെ സ്വന്തം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാരാണെന്ന് പോലും ഏറ്റവും അവസാനമാണ് അറിഞ്ഞതെന്നും അവര്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തോട് അതൃപ്തി അറിയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി പ്രഖ്യാപന കണ്‍വെന്‍ഷനില്‍ ക്ഷണിച്ചില്ല. തന്നെ ക്രൂശിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ചെയര്‍പേഴ്സണ്‍ ആയിരുന്ന അവസാന കാലഘട്ടത്തില്‍ ഒരു വിഭാഗം ഒറ്റപ്പെടുത്തി ക്രൂശിച്ചു. പല പരിപാടികളിലേക്കും കാണിക്കാറില്ലെന്നും പ്രമീള പരാതിപ്പെട്ടു. ക്ഷണിച്ച പരിപാടികളിലേക്ക് കക്ഷിരാഷ്ട്രീയം നോക്കാതെ പോകാറുണ്ട്. രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പം വേദി പങ്കിട്ടതും അത് കൊണ്ടാണെന്നും പ്രമീള ശശിധരന് കൂട്ടിച്ചേര്‍ത്തു.






