Breaking NewsCrimeIndiaKeralaLead NewsLocalNEWSWorld

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; അവയവ കച്ചവട മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നു ; ഇറാനിലേക്ക് നടത്തിയ മനുഷ്യക്കടത്ത് അവയവ കച്ചവടത്തിന് വേണ്ടി ; കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നേരെയും സംശയമുനകള്‍ ; ഒരു റിക്രൂട്ട്്‌മെന്റിന് അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളുടെ കമ്മീഷന്‍ ; പിടിയിലായ തൃശൂര്‍ സ്വദേശിയെ കൂടുതല്‍ ചോദ്യം ചെയ്യും

കൊച്ചി : കേരളം അവയവ കച്ചവടം മാഫിയയുടെ കേന്ദ്രമാകുന്നു. കേരളത്തില്‍നിന്ന് നിരവധിപേരെ ഇറാന്‍ അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത് അവയവ കച്ചവടത്തിന് വേണ്ടിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു.
ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് പ്രധാനമായും അവയവക്കച്ചവടത്തിന് വേണ്ടിയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളികള്‍ നല്‍കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്.
കേരളത്തിലെ ജില്ലാ സ്വകാര്യ ആശുപത്രികള്‍ വരെ ഈ അവയവ കച്ചവട – മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം.
വിദേശരാജ്യങ്ങളുമായി ഡീല്‍ ഉറപ്പിച്ച് മനുഷ്യക്കടത്തിലൂടെ അവയവം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ ഓപ്പറേഷന്‍ രീതി. ജോലിയും മറ്റും ഓഫര്‍ ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നത്. യാതൊരു സംശയവും തോന്നാതിരിക്കാന്‍ ആവശ്യമായ വാഗ്ദാനം ഇവര്‍ കൈക്കൊള്ളുന്നുണ്ട്..
പിടിയായ മലയാളിയില്‍ നിന്ന് ലഭിച്ച സൂചനകളാണ് സ്വകാര്യ ആശുപത്രികളിലേക്ക് സംശയത്തിന്റെ മുന നീളാന്‍ കാരണം. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇത് അതീവ ഗൗരവത്തില്‍ എടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. പല രോഗികളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ അവയവ കച്ചവട മാഫിയക്ക് കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍. ഇതിന്റെ വിശദമായ അന്വേഷണം വരും ദിവസങ്ങളില്‍ കേരളത്തില്‍ നടക്കും.
അവയവക്കച്ചവടവും മനുഷ്യക്കടത്തും കൂടുതലും നടന്നിരിക്കുന്നത് ഉത്തരേന്ത്യയില്‍ നിന്നാണെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. വിദ്യാഭ്യാസം കുറവുള്ള പലരേയും പറഞ്ഞു കബളിപ്പിച്ച് ഏജന്റുമാര്‍ വഴി ഇറാനിലേക്ക് കൊണ്ടുപോയതായാണ് സൂചനകള്‍. ദക്ഷിണേന്ത്യയിലും ഈ സംഘം വേരുറപ്പിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ അനുമാനം.
ഒരാളെ മനുഷ്യക്കടത്ത് കണ്ണിയിലേക്ക് കൊണ്ടുകൊടുത്താല്‍ പത്ത് ലക്ഷം വരെ ഏജന്റിന് കമ്മീഷനുണ്ടെന്ന് പറയുന്നു.
അതുകൊണ്ടു തന്നെ വലിയൊരു റാക്കറ്റ് ഇതിനായി രംഗത്തുണ്ടെന്നും സൂചനകള്‍ എന്‍ഐഎക്ക് കിട്ടിയിട്ടുണ്ട്.
പിടിയിലായ മലയാളികളുടെ ബാങ്ക് അക്കൗണ്ടുകള്‍, മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, ഇ-മെയിലുകള്‍, ടെലഗ്രാം അക്കൗണ്ട് എന്നിവയെല്ലാം അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്.
ഇറാനിലേക്ക് കടത്തപ്പെട്ട മലയാളികളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്.

Signature-ad

കഴിഞ്ഞ ദിവസം നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ച് പപിടിയിലായ തൃശൂര്‍ സ്വദേശി സാബിത്ത് നാസര്‍ ഈ മാഫിയയിലെ പ്രധാന കണ്ണിയാണെന്നാണ് അന്വേഷണസംഘം കരുതുന്നത്. പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ട കാര്യങ്ങള്‍ തന്നെ ഞെട്ടിപ്പിക്കുന്നതാണെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറയുന്നു.
സാമ്പത്തിക പരാധീനകളുള്ള യുവാക്കളെ സമീപിച്ച് ഇറാനില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇയാള്‍ അവയവ മാഫിയയ്ക്ക് കൈമാറിയത്. ഇതിനായി കുവൈത്ത് വഴിയാണ് യുവാക്കളെ വിദേശത്തെത്തിച്ചത്. ഇറാനിലെ ഒരു ആശുപത്രിയിലാണ് അവയവങ്ങള്‍ ശേഖരിക്കുന്നതിനായി ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് പ്രതി നല്‍കിയ മൊഴിയെന്നാണ് സൂചന. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന അവയവ കച്ചവട റാക്കറ്റിന്റെ ഇന്ത്യയിലെ ഏജന്റാണ് സാബിത്ത് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
സാബിത്തിനെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ നെടുമ്പാശേരി പോലീസാണ് പിടികൂടിയത്. കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് പ്രതിയെ പിടികൂടിയത്.
അന്താരാഷ്ട്ര അവയവ റാക്കറ്റ് സംഘവുമായി ബന്ധമുള്ള പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. ഈ കേസില്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്നാണ് സൂചന.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: