Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld

മനുഷ്യശരീരങ്ങളും ലോഹങ്ങളും കത്തുന്നതിന്റെ ഗന്ധമായിരുന്നു ചെങ്കോട്ടയില്‍ ; ദൃശ്യം ഭയാനകമായിരുന്നു ; ഇതുപോലൊരു കാഴ്ച ഇതിനു മുന്‍പ് കണ്ടിട്ടില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി: മനോഹരമായ ഒരു സായാഹ്നം ഒറ്റ നിമിഷം കൊണ്ടാണ് ഭീകരമായി മാറിയത്. ഡല്‍ഹിയിലെ തിരക്കേറിയ പതിവ് വൈകുന്നേരം തന്നെ ലക്ഷ്യമിട്ട് ഭീകരര്‍ സ്‌ഫോടനം ആസൂത്രണം ചെയ്തപ്പോള്‍ അത് നിരപരാധികളായ പലരുടേയും ജീവനെടുത്തു.
രക്ഷാപ്രവര്‍ത്തനത്തിന് ഉടനെ ഓടിയെത്തിയവര്‍ക്ക് ഇപ്പോഴും നടുക്കുന്ന ഓര്‍മകളാണ് മനസില്‍ നിറയുന്നത്.
കാതടിപ്പിക്കുന്ന ശബ്ദമായിരുന്നു. നോക്കുമ്പോള്‍ ഞാന്‍ നില്‍ക്കുന്നതിന്റെ അധികം അകലെയല്ലാതെ തീ കത്തുന്നത് കണ്ടു. ഏതോ വാഹനം അപകടത്തില്‍ പെട്ട് പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ചതാണെന്നാണ് കരുതിയത്. അപ്പോഴേക്കും മറ്റു വാഹനങ്ങളും കത്താന്‍ തുടങ്ങിയിരുന്നു. ജനങ്ങള്‍ പരിഭ്രാന്തരായി പായുന്നത് കണ്ടപ്പോഴാണ് പെട്ടന്ന് സ്ഥിതി മനസിലായത്.
ശാന്തമായി പൊയ്‌ക്കൊണ്ടിരുന്ന റെഡ് ഫോര്‍ട്ട് പരിസരവും മെട്രോ ജംഗ്ഷനും നിമിഷനേരം കൊണ്ട് ഭീകരാക്രമണം നടന്ന സ്ഥലമായി മാറി – രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയവരുടെ കൂട്ടത്തിലുണ്ടായിരുന്നവര്‍ ഓര്‍ത്തു.

ഞങ്ങളെത്തുമ്പോള്‍ പുകയും അതിനിടയില്‍ മനുഷ്യശരീരം കത്തുന്നതിന്റെ ഗന്ധവും ചൂടേറ്റ് പഴുത്ത ലോഹത്തിന്റെ മണവുമായിരുന്നു റെഡ് ഫോര്‍ട്ടിലും പരിസരത്തുമാകെ – പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ പാഞ്ഞെത്തിയ ലോക് നായക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും കാഴ്ച പറഞ്ഞറിയിക്കാനാകുന്നില്ല.
ആ ഗന്ധം ഇപ്പോഴും ഞങ്ങളെ വിട്ടുപോയിട്ടില്ല. കത്തിക്കരിഞ്ഞ മനുഷ്യശരീരങ്ങളുടെ ഭാഗങ്ങള്‍ പെറുക്കിയെടുക്കേണ്ടി വന്നു. പല മൃതദേഹങ്ങളും സ്‌ഫോടനത്തില്‍ വികൃതമായിരുന്നു.
സ്‌ഫോടന വിവരമറിഞ്ഞ് ഞങ്ങള്‍ അവിടെ എത്തി ആംബുലന്‍സിന്റെ വാതില്‍ തുറന്നപ്പോഴേക്കും ആരൊക്കെയോ ചിലര്‍ മൃതദേഹങ്ങള്‍ എടുത്ത് ആംബുലന്‍സിലേക്ക് കയറ്റി. ഒരു ആംബുലന്‍സിന് രണ്ട് മൃതദേഹങ്ങളില്‍ കൂടുതല്‍ കൊണ്ടുപോകാന്‍ കഴിയില്ലെങ്കിലും നാലോ അഞ്ചോ മൃതദേഹങ്ങളും പരിക്കേറ്റവരേയും ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലേക്ക് പാഞ്ഞു. മരിച്ചവരോ ജീവനുള്ളവരോ എന്ന് നോക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. ജീവനുള്ളവരാണെങ്കില്‍ എത്രയും പെട്ടന്ന് ചികിത്സ കിട്ടാന്‍ വഴിയൊരുക്കുക എന്നതു മാത്രമായിരുന്നു മനസില്‍ – ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഓര്‍മിച്ചു.
കാറുകള്‍ കത്തിക്കൊണ്ടിരിക്കുന്നതും വാഹനങ്ങള്‍ മറിഞ്ഞു കിടക്കുന്നതും തീനാളങ്ങള്‍ ആളുന്നതും കനത്ത കറുത്ത കട്ടിപ്പുക ഉയരുന്നതും ആംബുലന്‍സില്‍ പോകുമ്പോള്‍ കണ്ണിലുടക്കി. മനുഷ്യശരീരങ്ങള്‍ നിലത്ത് കിടക്കുകയായിരുന്നു. ശരീരഭാഗങ്ങള്‍ പലയിടങ്ങളിലായി തെറിച്ചു കിടക്കുന്നത് ഞങ്ങള്‍ കണ്ടു. പല മൃതദേഹങ്ങളും ഛിന്നഭിന്നമായിരുന്നു – അവര്‍ ഭയത്തോടെ, വേദനയോടെ ഓര്‍ത്തു.

Signature-ad

 

 

Back to top button
error: