Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen Special

മന്ത്രവാദക്കളങ്ങളില്‍ നിന്ന് നിലവിളകള്‍ ഉയരുന്നു; അടിയേറ്റ് പുളഞ്ഞ് മനുഷ്യജീവനുകള്‍; മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു; പുതിയ തലമുറ അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുന്നു കുറ്റകൃത്യങ്ങള്‍ പെരുകുന്നു;

 

തൃശൂര്‍ : മന്ത്രവാദങ്ങളും ആഭിചാരക്രിയകളും കേരളത്തില്‍ പെരുകുന്നു.
പുതിയ തലമുറ പോലും അന്ധവിശ്വാസങ്ങളില്‍ കുരുങ്ങുമ്പോള്‍ സംസ്ഥാനത്ത് ഇതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളും കൂടുന്നു.
കേരളത്തില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി നടന്ന പല കുറ്റകൃത്യങ്ങളിലും മന്ത്രവാദത്തിന് അല്ലെങ്കില്‍ അന്ധവിശ്വാസങ്ങള്‍ക്ക് സ്ഥാനമുണ്ടായിരുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത പല കുറ്റകൃത്യ സംഭവങ്ങളിലും പെണ്‍കുട്ടികളാണ് കൂടുതലായും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ഇരയായത്.
ദോഷങ്ങള്‍ മാറാനും സൗഭാഗ്യങ്ങള്‍ ലഭിക്കാനും മറ്റുമായാണ് പല മന്ത്രവാദങ്ങളും നടത്തിയത്.
വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ വരെ ഇതില്‍ പെട്ടുപോയിട്ടുണ്ട് എന്നുള്ളതാണ് ഖേദകരം.

Signature-ad

കോട്ടയം തിരുവഞ്ചൂരില്‍ ആഭിചാരക്രിയയ്ക്ക് ഇരയാകേണ്ടി വന്ന യുവതി നേരിട്ടത് ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ആണ് ഉണ്ടായത്.
തനിക്ക് ബാധ കയറിയെന്ന് പറഞ്ഞ് പൂജാകര്‍മ്മങ്ങളുടെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും പൊള്ളലേല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി വെളിപ്പെടുത്തുമ്പോള്‍ പഴയ തലമുറയുടെ അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പുതുതലമുറയും തലകുനിച്ച് നടന്നുപോകുന്ന അപകടകരമായ കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.
പല ആഭിചാര കൂടോത്ര മന്ത്രവാദ സംഭവങ്ങളിലും ഇരയാകേണ്ടിവരുന്ന പെണ്‍കുട്ടികള്‍ക്ക് ആദ്യ ക്രൂരമായ പീഡനമാണ് ഏല്‍ക്കേണ്ടി വരുന്നത്.
യക്ഷിയും പ്രേതവും എല്ലാം യാഥാര്‍ത്ഥ്യമാണ് എന്ന് വിശ്വസിക്കുന്ന, അവയെ ഒഴിപ്പിക്കാന്‍ മനുഷ്യരെ തല്ലി ചതക്കുന്ന പ്രാകൃത പ്രാചീന രീതികള്‍ ഇപ്പോഴും തുടരുമ്പോള്‍ അവയ്ക്ക് തടയിടാനാകുന്നില്ല എന്നതാണ് ഏറെ അപകടകരം.
കോട്ടയം തിരുവഞ്ചൂര്‍ കേസില്‍ ഭര്‍തൃ മാതാവും ഇതിന് കൂട്ടുനിന്നിട്ടുണ്ട് .
പുതിയ വീട്ടിലേക്ക് പെണ്‍കുട്ടിയെ ഒരുപാട് സ്വപ്നങ്ങളോടെ വിവാഹം കഴിക്കുന്ന അച്ഛനമ്മമാര്‍ ഇനിമുതല്‍ ഭര്‍തൃ വീട്ടുകാരെ കുറിച്ച് കല്യാണത്തിന് മുന്‍പ് അന്വേഷിക്കുമ്പോള്‍ അവര്‍ അന്ധവിശ്വാസികളോ മന്ത്രവാദ ആഭിചാര കൂടോത്ര ക്രിയകളില്‍ വിശ്വാസമുള്ളവരോ ആണോ എന്നുകൂടി നിര്‍ബന്ധമായും അന്വേഷിക്കേണ്ടതാണ്.
ഇത്തരം മന്ത്രവാദ ക്രിയകള്‍ക്ക് വന്‍ തുകയാണ് മന്ത്രവാദിയായി എത്തുന്നവര്‍ കൈപ്പറ്റുന്നത്.

ഒരു ദിവസം നീണ്ടുനിന്ന ആഭിചാരക്രിയകളായിരുന്നു തിരുവഞ്ചൂരില്‍ പെണ്‍കുട്ടിക്ക് അനുഭവിക്കേണ്ടിവന്നത്.
മര്‍ദ്ദനമാണ്, അല്ലെങ്കില്‍ ചുട്ട അടിയാണ് മിക്ക മന്ത്രവാദികളുടെയും പ്രധാന മരുന്ന്.
പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ ഉടന്‍ അടി.
മന്ത്രവാദ കളത്തില്‍ ഇരിക്കുന്ന പാവപ്പെട്ട പെണ്‍കുട്ടി അടി തടയാന്‍ ശ്രമിച്ചാല്‍ ഭര്‍ത്താവും വീട്ടുകാരും ഫലമായി പിടിച്ചിരുത്തി അടി കൊള്ളിപ്പിക്കും.
പോലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്ന മൂന്നാംമുറയെക്കാള്‍ ക്രൂരമായാണ് പല കേസുകളിലും ഇത്തരത്തിലുള്ള മര്‍ദ്ദനം നടക്കുന്നത്.
അടിയുടെയും തീ പൊള്ളല്‍ ഏല്‍പ്പിക്കലിന്റെയും ആയുധങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിക്കുന്നതിന്റെയും ഒക്കെ ക്രൂര പീഡന കഥകള്‍ ഓരോ മന്ത്രവാദ കളത്തില്‍ നിന്നും പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ജാതി മത വ്യത്യാസമില്ലാതെ ഇത്തരം മന്ത്രവാദി മാനിയ എല്ലായിടത്തും പടരുന്നു എന്നതും അപകടകരം.
മന്ത്രങ്ങളോ പൂജാ കര്‍മ്മങ്ങളോ പഠിക്കുകയോ അറിയോ ഇല്ലാത്ത തല്ലു മാത്രം അറിയുന്ന ചിലരാണ് മന്ത്രവാദ കളത്തിലിട്ട് ഇരകളെ തല്ലി ചതക്കുന്നത്.
പല പെണ്‍കുട്ടികളും തങ്ങള്‍ക്ക് നേരിടേണ്ടി വന്ന മന്ത്രവാദ ആഭിചാരങ്ങളുടെ അതിക്രൂരമായ ദൃശ്യങ്ങള്‍ സഹിതം പോലീസിനെ പരാതി കൊടുത്തതോടെ ആ കേസുകളിലെ പ്രതികള്‍ പിടിക്കപ്പെട്ട എങ്കിലും പല പെണ്‍കുട്ടികളും ഇപ്പോഴും ഇതൊന്നും തുറന്നു പറയാനോ പോലീസില്‍ പരാതി നല്‍കാനോ തയ്യാറാകുന്നില്ല.

തിരുവഞ്ചൂരില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധിച്ചു എന്ന് പറയുന്ന ദുരാത്മാവിനെ ഒഴിപ്പിക്കാനെന്ന പേരിലായിരുന്നു ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് ആഭിചാര ക്രിയ നടത്തിയത് എന്ന് യുവതി വെളിപ്പെടുത്തി. മദ്യം നല്‍കുകയും ബീഡി വലിപ്പിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു.
വീട്ടില്‍ യുവതി എന്തെങ്കിലും വഴക്ക് ഉണ്ടാക്കിയാല്‍ അത് ബാധ ദേഹത്ത് ഉള്ളത് കൊണ്ടാണ് എന്ന് ഭര്‍തൃമാതാവ് പറയുമായിരുന്നുവത്രേ. അമ്മയുടെ ചേച്ചിയുടെ ബാധ ദേഹത്തുണ്ടെന്ന് പറഞ്ഞായിരുന്നു പൂജ നടത്തിയതെന്നും യുവതി കണ്ണുനീരോടെ പറയുമ്പോള്‍ ഹൈടെക് യുഗത്തിലും ഒന്നും ചെയ്യാനാവാതെ സാക്ഷര കേരളം പകച്ചുനിന്നു.
10 മണിക്കൂറോളം നീണ്ടുനിന്ന പ്രാകൃതമായ മന്ത്രവാദ ആഭിചാര ക്രിയയില്‍ കുറച്ചു മണിക്കൂറുകളില്‍ എന്താണ് സംഭവിക്കുന്നത് എന്ന് പോലും ഓര്‍മ്മയില്ല എന്നാണ് യുവതി പറയുന്നത്.
മദ്യവും പീഡനവും ഇല്ലാതെ ഇവിടെ ഒരു മന്ത്രവാദ കര്‍മ്മവും പൂര്‍ത്തിയാകുന്നില്ല എന്നാണ് പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തുന്നത്.

ഉത്തരേന്ത്യന്‍ ഉള്‍ ഗ്രാമങ്ങളില്‍ നിന്നും പഠിപ്പും അറിവും തൊട്ടു തീണ്ടിയിട്ടില്ലാത്ത തമിഴ്‌നാട്ടിലെ കുഗ്രാമങ്ങളില്‍ നിന്നും അന്ധവിശ്വാസങ്ങളുടെ പേരില്‍ ഇത്തരം അനാചാരങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും അറിവും വിവരവുമുള്ളവര്‍ എന്ന് സ്വയം മേനി നടിക്കുന്ന കേരളത്തില്‍ നിന്ന് ഇത്തരം ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ നാണക്കേട് കൊണ്ട് തലതാഴ്ത്താനേ കേരളീയര്‍ക്ക് സാധിക്കൂ.
ഭാവികാലം എങ്ങനെ ഭാഗ്യമുള്ളതാക്കണമെന്ന അത്യാഗ്രഹത്തില്‍ നിന്നോ ദുരാഗ്രഹത്തില്‍ നിന്നോ ആണ് ഇത്തരം പല കുറ്റകൃത്യങ്ങളും ഉടലെടുക്കുന്നത്.
അല്ലലില്ലാതെ ജീവിതം
കൊണ്ടുപോവുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമായതിനാല്‍ എളുപ്പത്തില്‍ ഭാഗ്യ സിദ്ധിക്ക് എന്തൊക്കെ ചെയ്യാം എന്ന ചിന്തയാണ് എല്ലായിടത്തും എല്ലാവര്‍ക്കും.
അതുകൊണ്ടുതന്നെ ഇനിയും ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടാനാണ് സാധ്യത.

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: