ലോകത്തെ ഏറ്റവും ഭാഗ്യവാനായ മനുഷ്യരില്‍ ഒരാള്‍ ജീവിക്കുന്നത് ഏറ്റവും വേദനാജനകമായി ; ഉറക്കത്തില്‍ ഇടയ്ക്കിടെ ഞെട്ടി ഉണരും, മുറിയില്‍ ഒറ്റയ്ക്കിരുന്നു കരയും ; പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ സ്ഥിരീകരിച്ചു

പലര്‍ക്കും, അദ്ദേഹം ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും ഭാഗ്യവാനായ മനുഷ്യനാണ്. എന്നാല്‍ വിമാനത്തിലുണ്ടായിരുന്ന 241 പേരുടെയും താഴെ നിലത്തുണ്ടായിരുന്ന 19 പേരുടെയും മരണത്തിന് കാരണമായ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് എഐ-171 അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഏക വ്യക്തിയായ 40 വയസ്സുകാരനായ വിശ്വാസ് കുമാര്‍ രമേശിന്, ഈ അതിജീവനം ഒരു അത്ഭുതവും ഒപ്പം ഒരു ശാപവുമായി മാറിയിരിക്കുന്നു. സംഭവത്തില്‍ രക്ഷപ്പെട്ട ഏകയാളായ വിശ്വാസ്‌കുമാര്‍ രമേശാണ് കടുത്ത മാനസീകവ്യഥയില്‍ ജീവിക്കുന്നത്.
ലണ്ടനിലേക്ക് പോകുകയായിരുന്ന ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം ജൂണ്‍ 12-ന് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത് നിമിഷങ്ങള്‍ക്കകം ബി.ജെ. മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്ക് ഇടിച്ചിറങ്ങി. വിമാനത്തിലുണ്ടായിരുന്ന 241 പേരില്‍, എമര്‍ജന്‍സി എക്സിറ്റിന് സമീപം 11 എ സീറ്റിലിരുന്ന രമേശ് മാത്രമാണ് ജീവനോടെ പുറത്തുവന്നത്. ഏതാനും സീറ്റുകള്‍ക്കപ്പുറമിരുന്ന അദ്ദേഹത്തിന്റെ ഇളയ സഹോദരന്‍ അജയ് അപകടത്തില്‍ മരിച്ചു. ”ഞാന്‍ മാത്രമാണ് രക്ഷപ്പെട്ടയാള്‍. എങ്കിലും എനിക്കിതുവരെ വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതൊരു അത്ഭുതമാണ്,’ ഇന്ത്യന്‍ വംശജനും ബ്രിട്ടീഷ് പൗരനുമായ രമേശ് ബിബിസിയോട് പറഞ്ഞു. ‘എനിക്ക് എന്റെ സഹോദരനെയും നഷ്ടപ്പെട്ടു. എന്റെ സഹോദരന്‍ എന്റെ നട്ടെല്ലായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം എപ്പോഴും എനിക്ക് താങ്ങായിരുന്നു.”
ലെസ്റ്ററിലെ വീട്ടിലെത്തിയ രമേശിനെ ആ ദിവസത്തെ ഓര്‍മ്മകള്‍ വേട്ടയാടുകയാണ്. ‘ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഞാന്‍ എന്റെ മുറിയില്‍ തനിച്ചിരിക്കും, ഭാര്യയോടോ മകനോടോ സംസാരിക്കില്ല. വീട്ടില്‍ തനിച്ചായിരിക്കാനാണ് എനിക്കിഷ്ടം,’ അദ്ദേഹം ബിബിസിയോട് പറഞ്ഞു. ‘ശാരീരികമായും, മാനസികമായും, അതുപോലെ എന്റെ കുടുംബവും, മാനസികമായി… എന്റെ അമ്മ കഴിഞ്ഞ നാല് മാസമായി എല്ലാ ദിവസവും വാതിലിന് പുറത്ത് ഇരിക്കുകയാണ്, സംസാരിക്കുന്നില്ല, മറ്റൊന്നുമില്ല. ഞാന്‍ മറ്റാരോടും സംസാരിക്കുന്നില്ല. എനിക്ക് അധികമൊന്നും സംസാരിക്കാന്‍ കഴിയില്ല. ഞാന്‍ രാത്രി മുഴുവന്‍ ചിന്തിച്ചുകൊണ്ടിരിക്കുകയാണ്, മാനസികമായി കഷ്ടപ്പെടുകയാണ്. കുടുംബത്തിന് മുഴുവന്‍ എല്ലാ ദിവസവും വേദനയാണ്.’
അദ്ദേഹത്തിന് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ ആണെന്ന് സ്ഥിരീകരിച്ചതായും, ശാരീരിക വേദനയും മാനസികാഘാതവും അദ്ദേഹത്തെ അലട്ടുന്നുണ്ടെന്നും അദ്ദേഹത്തി ന്റെ ഉപദേഷ്ടാക്കള്‍ സ്ഥിരീകരിച്ചു. ‘ഞാന്‍ നടക്കുമ്പോള്‍, ശരിയായി നടക്കാന്‍ കഴിയുന്നില്ല, പതിയെ പതിയെ… എന്റെ ഭാര്യ സഹായിക്കും,’ അദ്ദേഹം പറഞ്ഞു. രാത്രിയില്‍ ഞെട്ടിയുണ രാറുണ്ടെന്ന് അദ്ദേഹത്തിന്റെ കസിന്‍ നേരത്തെ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ അദ്ദേഹത്തെ ഒരു മനോരോഗ വിദഗ്ധന്റെ അടുത്തേക്ക് കൊണ്ടുപോയി,’ കസിന്‍ കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ, 21,500 UK പൗണ്ട് (22 ലക്ഷം രൂപ) ഇടക്കാല നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്, ഇത് രമേശ് സ്വീകരിച്ചു. ഈ തുക തീര്‍ത്തും അപര്യാപ്തമാണെന്ന് അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ പറയുന്നു.
അപകടത്തിന്റെ അടുത്ത ദിവസം, അഹമ്മദാബാദ് സിവില്‍ ആശുപത്രിയിലെ നിരീക്ഷണ ത്തിലായിരുന്ന രമേശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. ‘ഞാന്‍ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് അറിയില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എല്ലാം വളരെ പെട്ടന്നായിരു ന്നു,’ അന്ന് രമേശ് പറയുകയുണ്ടായി. ജൂണ്‍ 17-ന് ഡിഎന്‍എ സ്ഥിരീകരണത്തിന് ശേഷം സഹോദരന്റെ ഭൗതികാവശിഷ്ടങ്ങള്‍ കുടുംബത്തിന് കൈമാറിയ അന്ന് തന്നെ രമേശിനെ ഡിസ്ചാര്‍ജ് ചെയ്തു.






