
ന്യൂഡല്‍ഹി: തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി.
പൊതുസ്ഥലങ്ങളില്‍ നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ശ്രദ്ധയില്‍ പെട്ടെന്നും ഇക്കാര്യത്തില്‍ ഇടപെടല്‍ ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനങ്ങളുടെ മറുപടി വിശദമായി പരിശോധിച്ച ശേഷം ഉത്തരവിറക്കുമെന്ന് ജസ്റ്റിസ് വിക്രം നാഥ് അറിയിച്ചു. സംസ്ഥാനങ്ങളുടെ മറുപടി ക്രോഡീകരിച്ച് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിക്ക് നിര്‍ദേശം നല്‍കി. ദേശീയ മൃഗ ക്ഷേമ ബോര്‍ഡിനെ കേസില്‍ കക്ഷിയാക്കി.

എന്താണ് മറുപടിക്ക് താമസം ഉണ്ടായതെന്ന് കോടതി ആരാഞ്ഞു. എല്ലാ സംസ്ഥാനങ്ങളും മറുപടി സമര്‍പ്പിച്ചെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ചു. പകരം തദ്ദേശ സ്വയംഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹാജരായത് കോടതി അംഗീകരിച്ചു. കേസ് ഈ മാസം ഏഴിന് വീണ്ടും പരിഗണിക്കും. അന്ന് സംസ്ഥാനങ്ങളുടെ മറുപടി പരിശോധിച്ചു ഉത്തരവിറക്കും.
തെരുവുനായ പ്രശ്‌നവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസാണ് ഇന്ന് പരിഗണിച്ചത്. ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കോടതി നല്‍കിയ നോട്ടീസില്‍ മറുപടി നല്‍കാതിരുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ചീഫ് സെക്രട്ടറിമാര്‍ നേരിട്ട് ഹാജരാകാന്‍ ബെഞ്ച് നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു.






