Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് നെതന്യാഹു; ഹമാസ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നെന്ന് ആരോപണം; ഏറ്റവുമൊടുവില്‍ കൈമാറിയ ബന്ദിയുടെ ശരീരവും ഇസ്രയേലിയുടേതല്ല; റഫ മേഖലയില്‍ ഏറ്റുമുട്ടലെന്നു റിപ്പോര്‍ട്ട്

ടെല്‍അവീവ്: ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ഗാസയില്‍ കനത്ത ആക്രമണത്തിന് ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ മേഖലയിലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് ആക്രമണമെന്നു പറയുന്നെങ്കിലും ഉത്തരവില്‍ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയിട്ടില്ല. മരിച്ച ബന്ദികളുടെ മൃതദേഹം കൈമാറുന്നതില്‍ ഹമാസ് വീഴ്ച വരുത്തുന്നെന്നും ബന്ദിയെന്ന പേരില്‍ കൈമാറിയവരുടെ മൃതദേഹങ്ങള്‍ ഇസ്രയേലി പൗരന്റേതല്ലെന്നുമാണ് ഐഡിഎഫ് ചൂണ്ടിക്കാട്ടുന്നത്.

ഇതിനെതിരേ നേരത്തേ നെതന്യാഹു രൂക്ഷമായ ഭാഷയില്‍ രംഗത്തുവന്നിരുന്നു. ഇതിനു മറുപടിയായി ഇന്നലെ ടണലില്‍നിന്നു കണ്ടെത്തിയ ബന്ദിയുടെ മൃതദേഹം കൈമാറുമെന്ന് ഹമാസും വ്യക്തമാക്കിയെങ്കിലും ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖ്വസാം ബ്രിഗേഡ് നിലപാടു മാറ്റുകയായിരുന്നു. ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. റഫയില്‍ ഇസ്രയേലും ഹമാസും തമ്മില്‍ വെടിവയ്പുണ്ടായെന്ന് ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു.

Signature-ad

വെടിനിര്‍ത്തല്‍ പരമാവധി സംരക്ഷിക്കാനാണ് ഹമാസ് ശ്രമിക്കുന്നതെന്നും ഏതുവിധേനയും യുദ്ധമാരംഭിക്കാനുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഹമാസ് വൃത്തങ്ങള്‍ ആരോപിക്കുന്നു. എന്നാല്‍, തിങ്കളാഴ്ച കൈമാറിയ ശരീരം ഇസ്രയേല്‍ പരിശോധിച്ചപ്പോഴാണ് ഇത് ബന്ദിയുടേതല്ലെന്നു കണ്ടെത്തിയത്. തെറ്റായ ശരീരങ്ങള്‍ കൈമാറി ഹമാസ് തുടര്‍ച്ചയായി കബളിപ്പിക്കുകയാണെന്നാണ് ഇസ്രയേല്‍ വൃത്തങ്ങളുടെ ആരോപണം.

നെതന്യാഹുവിന്റെ ഉത്തരവോടെ ഗാസ വീണ്ടും കുരുതിക്കളമാകുമെന്ന സൂചനയാണ് രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. യുഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക സൈന്യത്തെ രൂപീകരിക്കാനുള്ള ശ്രമങ്ങളും എങ്ങുമെത്തിയിട്ടില്ല. നിലവില്‍ വെടിനിര്‍ത്തല്‍ നിരീക്ഷിക്കാനും സുരക്ഷയ്ക്കായി രാജ്യാന്തര സൈന്യത്തെ രൂപീകരിക്കാനും ലക്ഷ്യമിട്ട് അമേരിക്കന്‍ സൈന്യം ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. ഇസ്രയേലിലെ കാര്‍ഗോ ഹബ്ബായി ഉപയോഗിക്കുന്ന കെട്ടിടമാണ് യുഎസ് സൈന്യം താവളമാക്കിയത്. ഗതാഗതം, പദ്ധതിയൊരുക്കല്‍, സുരക്ഷ, എന്‍ജിനീയറിംഗ് എന്നിവയില്‍ വിദഗ്ധരായ 200 പേര്‍ അടങ്ങുന്ന ട്രൂപ്പാണ് വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്.

ഗാസയിലെ കിര്‍യാത് ഗാട്ട് എന്ന സ്ഥലത്തെ കെട്ടിടത്തില്‍നിന്നാകും സിവില്‍-മിലിട്ടറി ഏകോപനമുണ്ടാകുക. ഇസ്രയേലി, ബ്രിട്ടീഷ്, കനേഡിയന്‍ സൈനികരെയും ഇവിടെ പാര്‍പ്പിക്കും. ഗാസയില്‍ ട്രംപിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന സമാധാന കരാറിന്റെ മുഖ്യ ഭാഗങ്ങളിലൊന്ന് രാജ്യാന്തര സൈന്യത്തെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നതാണ്. യുഎസ് സ്വന്തം സൈന്യത്തെ ഗാസയിലേക്ക് അയയ്ക്കില്ല. പകരം ഈജിപ്റ്റ്, ഇന്‍ഡോനേഷ്യ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള സൈനികരെ പരിശീലിപ്പിച്ചു തയാറാക്കും. എന്നാല്‍, ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ സൈനിക സംവിധാനം തയാറാക്കാന്‍ ഈ രാജ്യങ്ങള്‍ തയാറാകുമോ എന്നതില്‍ ഇപ്പോഴും ആശങ്കയുണ്ട്.

‘സൈന്യത്തെ തയാറാക്കുകയെന്നത് സംഘര്‍ഷം തുടരുന്നത് അവസാനിപ്പിക്കാന്‍ അത്യാവശ്യമാണെ’ന്നു ഇസ്രയേല്‍ മുന്‍ അംബാസഡര്‍ ഇതാമര്‍ റാബിനോവിച്ച് പറഞ്ഞു. ഇപ്പോഴും ഹമാസ് ആയുധം താഴെ വയ്ക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. രണ്ടാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ വന്നെങ്കിലും ഗാസയില്‍ ഹമാസും മറ്റു ഗോത്ര വിഭാഗങ്ങളും തമ്മിലുള്ള കൊള്ളിവയ്പും കൊലപാതകങ്ങളും തുടരുകയാണ്. ഇസ്രയേലും ഇടയ്ക്ക് ആക്രമണം തുടങ്ങിവച്ചിരുന്നു.

വിദേശ സൈന്യത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ‘സെന്‍സിറ്റീവ് ഇഷ്യു’ എന്നായിരുന്നു ഹമാസ് വക്താവിന്റെ പ്രതികരണം. ഇതേക്കുറിച്ചു കൂടുതല്‍ ചര്‍ച്ചകള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ കിര്‍യാത് ഗാട്ട് സന്ദര്‍ശിച്ചിരുന്നു. രാജ്യാന്തര സൈന്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും യുഎന്‍ അനുമതിയോടെ പ്രവര്‍ത്തിക്കണോ എന്നതിലും സ്ഥിരീകരണമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിന് അഹിതകരമാകുന്നതൊന്നും സംഭവിക്കില്ലെന്ന റൂബിയോയുടെ പ്രസ്താവനയും ഏറെ സംശയത്തോടെയാണു ഹമാസ് നിരീക്ഷിച്ചത്.

ഇസ്രയേലിനും ഗാസയ്ക്കുമിടയില്‍ സുരക്ഷ നിലനിര്‍ത്താന്‍ രണ്ടു സൈന്യത്തെ രൂപീകരിക്കുകയെന്ന ആശയവും ചര്‍ച്ചയിലുണ്ട്. ഒന്ന് സുരക്ഷയും മറ്റൊന്നു ഗാസയില്‍ സജീവമായി ഇടപെട്ടും പ്രവര്‍ത്തിക്കും. വെസ്റ്റ് ബാങ്കിലുള്ള പലസ്തീന്‍ സെക്യൂരിറ്റി ഫോഴ്‌സിനെ കൂടുതലായി പരിശീലിപ്പിക്കുകയും വിദേശ സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കുകയുമാണു വേണ്ടതെന്നാണു നിരവധി യൂറോപ്യന്‍ രാജ്യങ്ങളുടെ അഭിപ്രായം.

ഗാസയക്കുള്ളില്‍ നിരീക്ഷകരായി യൂറോപ്യന്‍ പോലീസ് നിലകൊള്ളും. ഇവര്‍ പലസ്തീന്‍ സൈന്യവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കും. എന്നാല്‍, ഏതൊക്കെ രാജ്യങ്ങള്‍ ഉള്‍പ്പെടുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് മൂന്ന് നയതന്ത്ര വിദഗ്ധര്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടന്‍ ചെറിയ അംഗസംഖ്യയുള്ള സൈന്യത്തെ അയയ്ക്കാന്‍ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.

ഹമാസുമായി യുദ്ധം ചെയ്യുന്നതില്‍ നിരവധി രാജ്യങ്ങള്‍ വിമുഖത കാട്ടിയിട്ടുണ്ട്. പലസ്തീന്‍ രാജ്യം രൂപീകരിക്കുന്നതുവരെ പിന്നാക്കം നില്‍ക്കാന്‍ ചില അറബ് രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഹമാസ് ആയുധം താഴെവയ്ക്കാന്‍ തയാറാകുന്നില്ലെങ്കില്‍ ഒരു രാജ്യം പോലും സാഹസത്തിനു തയാറാകില്ല. എന്നാല്‍, തുര്‍ക്കിയും ഇന്തോനേഷ്യയും പങ്കാളികളാകുമെന്നാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞത്.

തുര്‍ക്കി സൈന്യത്തിന്റെ സാന്നിധ്യത്തില്‍ ഇസ്രയേലിന് താത്പര്യമില്ല. രാജ്യാന്തര സൈന്യത്തെ രൂപീകരിക്കാതിരിക്കുകയും ഹമാസ് ആയുധം താഴെ വയ്ക്കാതിരിക്കുകയും ചെയ്താല്‍ യുദ്ധം വീണ്ടും ആരംഭിക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിന്റെ 60 ശതമാനം ടണലുകള്‍ക്കും ഇപ്പോഴും കേടുപാടു പറ്റിയിട്ടില്ലെന്നാണു കരുതുന്നത്. ഈ സാഹചര്യത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണത്തിനാണ് യുഎസ് സൈന്യം ലക്ഷ്യമിടുന്നത്.

Israeli Prime Minister Benjamin Netanyahu said on Tuesday he had ordered the military to “carry out powerful attacks” in Gaza after accusing the militant group Hamas of violating a ceasefire agreement in the Palestinian territory. A statement by Netanyahu’s office did not specify the reason for the planned attacks. However an Israeli military official said Hamas violated the ceasefire by carrying out an attack against Israeli forces in an area under Israeli control.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: