ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ ഫോണില്‍നിന്ന് ദൃശ്യങ്ങള്‍ ചോര്‍ത്തി; പോണ്‍ സൈറ്റില്‍ ഇടുമെന്നു ഭീഷണി; യുവാവിനെ ബംഗളുരുവില്‍നിന്ന് പൊക്കി പോലീസ്

കൊച്ചി: എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം പിടികൂടി. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.
കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് സ്വകാര്യ ദൃശ്യം ചോർത്തിയത്. ഇയാൾ സ്വന്തം മൊബൈൽ ഫോണിലേക്ക് ഫോട്ടോ സെൻഡ് ചെയ്ത വിവരം ട്രെയിനി അറിഞ്ഞിരുന്നില്ല. ഫോൺ വാങ്ങുന്നതെന്തിനെന്ന് യുവതി ചോദിച്ചപ്പോൾ സെക്യൂരിറ്റി ആവശ്യങ്ങൾക്കാണെന്നായിരുന്നു യുവാവിന്റെ മറുപടി.
മോശമായി പെരുമാറിയെന്ന യുവതിയുടെ പരാതിയിൽ, മാനേജ്മെന്റ് ഇയാളെ പിരിച്ചുവിട്ടു. തുടർന്ന് ബംഗളൂരുവിലേക്ക് പോയ ശേഷമാണ് യുവതിയെ ഫോണിൽ വിളിച്ച് സ്വകാര്യ ദൃശ്യം കൈയ്യിലുണ്ടെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടത്. പണം നൽകിയില്ലെങ്കിൽ യുവതിയുടെ ഫോട്ടോ പോൺ സൈറ്റിൽ അപ്പ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് കടവന്ത്ര പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് ബെംഗളൂരിലെത്തി 25കാരനെ അറസ്റ്റ് ചെയ്തത്. പ്രതിയു യുവതിയെ ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. ഐ.ടി ആക്ട്, ബി.എൻ.എസ് വകുപ്പുകൾ ചുമത്തിയാണ് കേസ്.






