11 വര്‍ഷമായി ജയിലില്‍; യൂറോപ്പിലും ഓസ്‌ട്രേലിയയിലും വരെ എത്തി നില്‍ക്കുന്ന അണ്ടര്‍ വേള്‍ഡ്; ഓപ്പറേഷന്‍ തുടര്‍ന്ന് ലോറന്‍സ് ബിഷ്‌ണോയ്; കൊള്ളയും അക്രമവും രൂക്ഷമായതോടെ ഭീകര സംഘടനയാക്കി പ്രഖ്യാപിച്ച് കാനഡ; ഇന്ത്യയുമായുള്ള വീണ്ടും ബന്ധം വഷളാക്കുമോ?

ന്യൂഡല്‍ഹി: പഞ്ചാബും ഹരിയാനയും ഡല്‍ഹിയും കടന്ന് രാജ്യാന്തര അതിര്‍ത്തികള്‍ വരെ നീളുന്ന അണ്ടര്‍വേള്‍ഡ് ശൃംഖല. തെരുവിലെ പോക്കറ്റടിക്കാര്‍ മുതല്‍ കൊലപാതകികളും ഷാര്‍പ്പ് ഷൂട്ടര്‍മാരുംവരെ നീളുന്ന സംഘബലം. തെരുവില്‍ ഈച്ചയനങ്ങിയാല്‍ അറിയിക്കാന്‍ തക്കവിധത്തിലുള്ള ‘ഇന്റലിജന്‍സ്’ സംവിധാനങ്ങള്‍. ലോറന്‍സ് ബിഷ്‌ണോയ് എന്ന ഗുണ്ടാനേതാവ് അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന അധോലോക നെറ്റ്‌വര്‍ക്കിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത് ഇന്ത്യക്കും വന്‍ തിരിച്ചടിയാകുകയാണ്.
ഇസ്ലാമിക തീവ്രവാദികള്‍ക്കൊപ്പമാണ് ഹിന്ദുവായ ബിഷ്‌ണോയിയുടെ സംഘത്തെ തീവ്രവാദികളാക്കി കാനഡ ഉത്തരവ് ഇറക്കിയത്. പൊറുതിമുട്ടി കാനഡ ഈ സംഘത്തെ നിരോധിക്കുമ്പോള്‍ ശരിക്കും നാണം കെട്ടത് ഇന്ത്യകൂടിയാണ്. ശത്രുക്കളെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യയും ഈ സംഘത്തെ ഉപയോഗിച്ചെന്ന ആക്ഷേപം കൂടി മുന്‍നിര്‍ത്തിയാണ് നിരോധനം. ലോറന്‍സ് ബിഷ്‌നോയി ഗുജറാത്തിലെ സബര്‍മതിയിലെ അതീവ സുരക്ഷാ ജയിലിലാണ് 11 വര്‍ഷമായി കഴിയുന്നതെങ്കിലും മാഫിയ പ്രവര്‍ത്തനങ്ങള്‍ക്ക് കുറവില്ല.
ലോറന്‍സ് ബിഷ്നോയിയെ കൂട്ടിലടച്ചതുകൊണ്ടു മാത്രം അയാളുടെ സംഘത്തെ അടക്കിനിര്‍ത്താനാവില്ല. ആളുകളെ ഭയപ്പെടുത്തുക എന്നതായിരുന്നു ആ സംഘത്തിന്റെ പ്രാഥമിക ലക്ഷ്യം. സല്‍മാന്‍ ഖാനെ ഭീഷണിപ്പെടുത്തുകയും കൃഷ്ണമൃഗത്തെ കൊന്നതിന് പ്രതികാരം പ്രഖ്യാപിക്കുകയും ചെയ്യുക വഴി അവരത് നേടുകയും ചെയ്തു. ഇന്ന് ഈ സംഘത്തിന്റെ വേരുകള്‍ രാജ്യാന്തര തലത്തില്‍ വ്യാപിച്ചിരിക്കുന്നു. ആദ്യമായാണ് ഒരു രാജ്യം ക്രിമിനല്‍ സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നത്. നേരത്തേതന്നെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തെ ഇതു ബാധിക്കുമോ എന്നതാണു കാത്തിരുന്ന കാണേണ്ടത്.
ഹരിയാനയിലെ ഒരു പൊലീസ് കോണ്‍സ്റ്റബിളിന്റെ മകനായി ജനിച്ച് കോണ്‍വന്റ് സ്‌കൂളില്‍ വിദ്യാഭ്യാസം നേടിയ വിദ്യാര്‍ഥിയാണു രാജ്യാന്തര ക്രിമിനലായി വളര്‍ന്നത്. രമേഷ് -സുനിത ബിഷ്‌നോയി ദമ്പതികള്‍ക്ക് ജനിച്ച ‘ബാല്‍ക്കരണ്‍ ബ്രാര്‍’ എന്ന കുഞ്ഞ് എങ്ങനെ ലോറന്‍സ് ബിഷ്‌നോയ് ആയി എന്നു ചോദിച്ചാല്‍ ഉത്തരങ്ങള്‍ പലതാണ്.
പഞ്ചാബില്‍ ഫിറോസ്പൂര്‍ ജില്ലയിലെ ദുതരന്‍വാലി ഗ്രാമത്തില്‍ ജനിച്ച ബിഷ്‌നോയ് 2010 ല്‍ പഞ്ചാബ് സര്‍വകലാശാലയില്‍ നിയമപഠനത്തിന് ചേര്‍ന്നതോടെയാണു ട്വിസ്റ്റുകളുടെ തുടക്കം. കലുഷിതമായ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ ആകൃഷ്ടനായ യുവാവ്, കൈക്കരുത്തും ആയുധവുമുണ്ടെങ്കില്‍ എവിടെയും ആധിപത്യ നേടാമെന്നു പഠിച്ചു. ക്രിമനല്‍ സാഹചര്യങ്ങളിലക്കു വഴുതിയ ബിഷ്‌നോയ് സ്വഭാവ ദൂഷ്യങ്ങളുടെ കേന്ദ്രമായി. വെളുത്തുമെലിഞ്ഞ ആ ചെറുപ്പക്കാരന്‍ ഗുണ്ടാനേതാവെന്ന നിലയിലേക്കു മെല്ലെ മാറിത്തുടങ്ങുകയായിരുന്നു.
കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിലും പിന്നാലെ ലുധിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലുമുണ്ടായ കൊലപാതകങ്ങളില്‍ ബിഷ്‌നോയിയുടെ പങ്ക് ആരോപിക്കപ്പെട്ടു. രാജസ്ഥാന്‍ പൊലീസുമായുണ്ടായ ഒരു ഏറ്റുമുട്ടലിനിടെ 2014-ല്‍ ബിഷ്‌നോയ് അറസ്റ്റ് ചെയ്യപ്പെട്ടു. ഇതിനോടകം ബിഷ്‌നോയ് സംഘം ശക്തി പ്രാപിച്ചുകഴിഞ്ഞിരുന്നു. അധോലോകബന്ധമുള്ള റോക്കി എന്ന രാഷ്ട്രീയനേതാവിനെ വധിച്ചതിലും ഈ സംഘത്തിന്റെ ബന്ധം ആരോപിക്കപ്പെട്ടു. പിന്നാലെ തിഹാര്‍ ജയിലിലേയ്ക്ക് മാറ്റി. ജയിലിനുള്ളില്‍നിന്നാണ് അയാള്‍ 700 അംഗങ്ങളുള്ള ഭീകര ശൃംഖല വളര്‍ത്തിയത്. ജയിലില്‍ കഴിഞ്ഞുകൊണ്ട് തന്നെ ലോറന്‍സ് ബിഷ്‌നോയ് സമൂഹ മാധ്യമങ്ങളുപയോഗിച്ച് ഓപ്പറേഷനുകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നെന്ന് എന്‍ഐഎ കണ്ടെത്തി.
ക്രിമിനല്‍ ഗൂഢാലോചന, കൊള്ള, കൊലപാതകം, ഭീകരപ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഒട്ടേറെ കുറ്റങ്ങളാണു ബിഷ്‌ണോയ്‌ക്കെതിരേ ചുമത്തിയിട്ടുള്ളത്. 2024 ഒക്ടോബര്‍ 12 ന് നടന്ന എന്‍സിപി നേതാവ് ബാബ സിദ്ദിഖിന്റെ കൊലപാതകം ബിഷ്ണോയിയുടെ നിര്‍ദേശപ്രകാരമാണെന്ന് പോലീസ് കരുതുന്നു. സോഷ്യല്‍ മീഡിയകള്‍ ഉപയോഗിച്ചാണു ബിഷ്‌ണോയ് സംഘം യുവാക്കളെ ആകര്‍ഷിച്ചത്. റിക്രൂട്ട് ചെയ്യാന്‍ മാഫിയ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും തുടര്‍ച്ചയായി അപ്‌ലോഡ് ചെയ്തു.
2023-ല്‍ കാനഡയിലെ സറേയില്‍ വെടിയേറ്റു മരിച്ച ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം മാത്രമല്ല, സ്വന്തം മണ്ണിലെ സിഖ് വിഘടനവാദികളെയെല്ലാം ലക്ഷ്യമിട്ടതില്‍ ബിഷ്‌നോയിക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ അധികൃതര്‍ കഴിഞ്ഞ വര്‍ഷം ആരോപിച്ചു. ഗോള്‍ഡി ബ്രാര്‍ എന്ന പേരുള്ള സതീന്ദര്‍ജിത് സിങ് ആണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. വിയോജിക്കുന്ന കാനഡിയന്‍ പൗരന്‍മാരെ ഇല്ലായ്മ ചെയ്യാന്‍ ഇന്ത്യന്‍ ഏജന്‍സികള്‍ ‘ലോറന്‍സ് ബിഷ്‌നോയ് സംഘത്തെപ്പോലുള്ള ക്രിമിനല്‍ സംഘടനകളെ’ ഉപയോഗിക്കുന്നുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രിയായിരുന്ന ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചു.
കാനഡയില്‍നിന്ന് ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കനേഡിയന്‍ പൗരനായ നിജ്ജറിനെ വധിക്കാന്‍ ഇന്ത്യക്ക് എന്ത് അവകാശമെന്നായിരുന്നു ട്രൂഡോ ചോദിച്ചത്. നിജ്ജറിന്റെ കൊലപാതകത്തില പങ്ക് ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിച്ചെങ്കിലും കാനഡ അത് വിശ്വസിക്കാന്‍ തയാറല്ലായിരുന്നു. ഇതിന് തുടര്‍ച്ചയായാണു ലോറന്‍സ് ബിഷ്‌നോയ് സംഘത്തെ കാനഡ നിരോധിച്ചതും ആഗോള ഭീകരസംഘടനയായി പ്രഖ്യാപിച്ചതും.
ജയിലിലായിട്ടും ബിഷ്‌ണോയ് സംഘത്തിന്റെ ശക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. യൂറോപ്പിലും ഓസ്‌ട്രേലിയയിലും വരെ അത് എത്തി നില്‍ക്കുന്നു. റാപ്പര്‍ സിദ്ദു മൂസ വാലയുടെ കൊലപാതം, കാനഡിയന്‍ നഗരങ്ങളില്‍ നടക്കുന്ന കൊള്ള, കൊള്ളിവയ്പ്, അക്രമം എന്നിവയിലെല്ലാം ഈ സംഘത്തിനു കൈയുണ്ടെന്നു വിശ്വസിക്കപ്പെടുന്നു. ലോറന്‍സ് ബിഷ്‌നോയിയെ മുന്നില്‍ നിര്‍ത്തി ഈ കൊലപാതകങ്ങളൊക്കെ ആസൂത്രണം ചെയ്യുന്നത് ജയിലിനു പുറത്തുള്ള ഗോള്‍ഡി ബ്രാര്‍ സംഘമാണോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരന്‍ ആന്‍മോള്‍ ഉള്‍പ്പെട്ട കേസില്‍ വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് ഗാങ്ങില്‍നിന്ന് ഗോള്‍ഡി ബ്രാര്‍ പുറത്തായെങ്കിലും ഇപ്പോഴും അവര്‍ തമ്മിലുള്ള ബന്ധം നിലനില്‍ക്കുന്നുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിശ്വാസം.






