Breaking NewsKeralaLead News

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസിന് വന്‍ തിരിച്ചടി ; ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി

കൊച്ചി: ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം പിടിച്ചെടുത്ത കസ്റ്റംസിന് വന്‍ തിരിച്ചടി. ദുല്‍ഖറിന്റെ വാഹനമായ ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കി.

വാഹനത്തിന്റെ മൂല്യത്തിന് തുല്യമായ തുക ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് കൂടി പരിഗണിച്ചാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച ദുല്‍ഖറിന്റെ അപേക്ഷ തള്ളിയാല്‍ കാരണം കാണിക്കണമെന്നും ഹൈക്കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു.

Signature-ad

ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതി ഒരാഴ്ചത്തെ സമയമാണ് കസ്റ്റംസിന് നല്‍കിയിട്ടുള്ളത്. രേഖകളുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന് വാഹനം കസ്റ്റഡിയില്‍ അനിവാര്യമാണോ എന്നും കസ്റ്റംസിനോട് ഹൈക്കോടതി ചോദിച്ചു.

ദുല്‍ഖര്‍ സല്‍മാനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ വാഹനം വിദേശത്ത് നിന്ന് കടത്തിയതാണെന്നായിരുന്നു കസ്റ്റംസിന്റെ വാദം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വാഹനം പിടിച്ചെടുത്തത്. നടന്റെ രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിരുന്നുവെന്നും ആ നടപടി ദുല്‍ഖര്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. നിയമവിരുദ്ധമെങ്കില്‍ കസ്റ്റംസിന് വാഹനം പിടിച്ചെടുക്കാം.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖറിന് നോട്ടീന് നല്‍കിയിട്ടുണ്ട്. നടന്റെ ഹര്‍ജി നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കസ്റ്റംസിന്റെയും ദുല്‍ഖറിന്റെയും വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് ഇറക്കിയത്. ഇതിനിടെയാണ് 17 ലക്ഷം ബാങ്ക് ഗ്യാരന്റിയായി നല്‍കാമെന്ന് ദുല്‍ഖര്‍ അറിയിച്ചത്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: