വിജയ് ദേവരക്കൊണ്ടയും രശ്മികയും വിവാഹിതരാകുന്നു; അടുത്ത ബന്ധുക്കള്‍ പങ്കെടുത്ത ചടങ്ങില്‍ വിവാഹ നിശ്ചയം നടന്നെന്ന് റിപ്പോര്‍ട്ട്; രഹസ്യ പ്രണയത്തിന് ഒടുവില്‍ മാംഗല്യം

തെലുഗു സൂപ്പര്‍താരങ്ങളായ വിജയ് ദേവരെക്കൊണ്ടെയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങില്‍ വച്ച് വിവാഹനിശ്ചയം നടന്നുവെന്നാണ് റിപ്പോര്‍ട്ട്. 2026 ഫെബ്രുവരിയില്‍ ഇരുവരും വിവാഹിതരാകും. ഇരുവരും ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു.
അതീവ സ്വകാര്യമായാണ് ഇരുവരും പ്രണയം മുന്നോട്ട് കൊണ്ടുപോയത്. പ്രണയത്തിലാണോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടുമില്ല. വിവാഹനിശ്ചയത്തെ കുറിച്ചും താരങ്ങളുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
സാരിയില്‍ ഉള്ള ചിത്രം രശ്മിക കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇത് വിവാഹനിശ്ചയത്തിന് താരം ധരിച്ചിരുന്നതാണെന്നാണ് ആരാധകര്‍ കരുതുന്നത്. ദസറ ആശംസകള്‍ക്കൊപ്പമായിരുന്നു ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് താരം ചിത്രം പങ്കുവച്ചത്.
ആദിത്യ സര്പോത്ദറിന്റെ ഹൊറര്‍ കോമഡി ചിത്രം തമ്മയാണ് രശ്മികയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആയുഷ്മാന്‍ ഖുറാന നായകനാകുന്ന ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും പരേഷ് റാവലുമടക്കമുള്ള പ്രമുഖര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഒക്ടോബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും.






