ട്രംപും സെനറ്റര്‍മാരുമായി പോര് രൂക്ഷം; ധനബില്‍ പാസായില്ല; അമേരിക്ക ഭരണ സ്തംഭനത്തിലേക്ക്; സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചു വിടുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്; അത്യപൂര്‍വ സാഹചര്യം

ന്യൂയോര്‍ക്ക്: സര്‍ക്കാര്‍ ചെലവിനുള്ള ധനബില്‍ യുഎസ് സെനറ്റില്‍ പരാജയപ്പെട്ടതോടെ രാജ്യം ഭരണസ്തംഭനത്തിലേക്ക്. നാല്‍പത്തിയഞ്ചിനെതിരെ അന്‍പത്തിയഞ്ച് വോട്ടുകള്‍ക്ക് ബില്‍ പരാജയപ്പെട്ടതോടെ ബുധനാഴ്ച മുതല്‍ അടിയന്തര സേവനങ്ങള്‍ ഒഴികെ എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും നിശ്ചലമാകും. അത് ഒഴിവാകണമെങ്കില്‍ ചൊവ്വാഴ്ച രാത്രിക്കകം ബില്‍ പാസാകണം. റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിലെ ഭിന്നത രൂക്ഷമായതിനാൽ അതിനുള്ള സാധ്യത വിരളമാണ്.
ഭരണസ്തംഭനം ഉണ്ടായാല്‍ ഡെമോക്രാറ്റുകള്‍ക്ക് പ്രിയപ്പെട്ട പദ്ധതികള്‍ റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. കൂടുതല്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിടുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നവംബര്‍ അവസാനം വരെയുള്ള ഫണ്ട് അനുവദിക്കുന്നതിനായുള്ള അടിയന്തര പരിഹാരം റിപ്പബ്ലിക്കന്‍സ് കൊണ്ടുവന്നു. എന്നാല്‍ ഇത്തരം തട്ടിക്കൂട്ട് പരിപാടികളല്ല വേണ്ടതെന്നും കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ലഭിക്കേണ്ട കോടിക്കണക്കിന് ഡോളറിന്റെ ഹെല്‍ത്ത്കെയര്‍ ഫണ്ടുകള്‍ പുനസ്ഥാപിക്കുകയാണ് വേണ്ടതെന്നാണ് ഡമോക്രാറ്റുകളുടെ വാദം. ഇതോടെയാണ് ബില്‍ പാസാവാതെയായത്.
യുഎസ് സര്‍ക്കാരില്‍ അത്യപൂര്‍വമായാണ് ഭരണസ്തംഭനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്തൊക്കെ അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അത്തരമൊരു അവസ്ഥയിലേക്ക് പോകാതെ റിപ്പബ്ലിക്കന്മാരും ഡമോക്രാറ്റുകളും ശ്രദ്ധിക്കാറുണ്ട്. ട്രംപ് ആദ്യമായി പ്രസിഡന്റായതിന് പിന്നാലെ 2018 ഡിസംബറില്‍ ഭരണ സ്തംഭനമുണ്ടായിരുന്നു. ഇത് 35 ദിവസത്തോളം നീണ്ടുനില്‍ക്കുകയും ചെയ്തു. കുടിയേറ്റ നയങ്ങളെ ചൊല്ലിയായിരുന്നു അന്ന് തര്‍ക്കം ഉടലെടുത്തത്.






