രാജീവ് ചന്ദ്രശേഖറിന്റെ പ്രതിഛായ കൂട്ടാന്‍ പുതിയ പിആര്‍ ടീം; കേരളീയനായി റീ ബ്രാന്‍ഡ് ചെയ്യുക ദൗത്യം; ലൂസിഫര്‍ ഡയലോഗടക്കം അബദ്ധമായതോടെ ബംഗളുരു ടീമിനെ മാറ്റി കോഴിക്കോടുള്ള ടീമിന് ചുമതല; ബിജെപിയുടെ പിആര്‍ കമ്പനിക്കും ഐടി സെല്ലിനും പുറമേ രാജീവിനുവേണ്ടി മാത്രം പ്രചാരണം
രാജീവ് ചന്ദ്രശേഖര്‍ കുത്തക മുതലാളിയാണെന്ന ആക്ഷേപം ഇല്ലാതാക്കുക, ഇതിനായി അധ്യക്ഷനെ പ്രൊമോട്ട് ചെയ്യുന്ന 150-ഓളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദിവസേന സൃഷ്ടിക്കുക എന്നിവയാണ് പ്രഥമ പരിപാടി. കൊല്ലത്ത് നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പ്രഭാരിമാരുടെയും യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഇമേജ് കൂട്ടാന്‍ കേരളത്തില്‍ പുതിയ പിആര്‍ സംഘം. നിലവില്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി വരുത്തിയ പിഴവുകള്‍ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന വിലയിരുത്തലിലാണ് കോഴിക്കോട്ടെ പുതിയ സംഘത്തെ നിയോഗിച്ചത്.
കര്‍ക്കിടകം ആരംഭിക്കുന്നതിന് മുന്‍പേ രാമായണ മാസത്തിന്റെ ആശംസ, മോഹന്‍ലാലിന് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചപ്പോള്‍ മോദിക്ക് നന്ദി പറഞ്ഞ് പോസ്റ്റര്‍, കേരള രാഷ്ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപത്തിന് മറുപടിയായി ഇറക്കിയ ലൂസിഫറിലെ മാസ് ഡയലോഗ് – രാജീവ് ചന്ദ്രശേഖറിനെ ബിസിനസുകാരനില്‍ നിന്ന് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാക്കാന്‍ ബെംഗളൂരു ആസ്ഥാനമായ പിആര്‍ ഏജന്‍സി നടത്തിയ പല ശ്രമങ്ങളും ട്രോളുകളായി മാറിയിരുന്നു.
ഇതോടെയാണ് മലയാളം കൈകാര്യം ചെയ്യുന്ന കോഴിക്കോട്ടെ പിആര്‍ ഏജന്‍സിയെ ചുമതല ഏല്‍പിച്ചത്. കേരള പശ്ചാത്തലത്തില്‍ റീബ്രാന്‍ഡ് ചെയ്ത രാജീവ് ചന്ദ്രശേഖര്‍, അതാണ് പുതിയ കമ്പനിയുടെ ചുമതല. പിന്നാലെ മലയാള സിനിമ ഡയലോഗുകളില്‍ പുതിയ പോസ്റ്റുകളും വന്നുതുടങ്ങി.
രാജീവ് ചന്ദ്രശേഖര്‍ കുത്തക മുതലാളിയാണെന്ന ആക്ഷേപം ഇല്ലാതാക്കുക, ഇതിനായി അധ്യക്ഷനെ പ്രൊമോട്ട് ചെയ്യുന്ന 150-ഓളം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ദിവസേന സൃഷ്ടിക്കുക എന്നിവയാണ് പ്രഥമ പരിപാടി. കൊല്ലത്ത് നടന്ന ജില്ലാ പ്രസിഡന്റുമാരുടെയും പ്രഭാരിമാരുടെയും യോഗത്തില്‍ രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് പുതിയ ടീമിനെ പരിചയപ്പെടുത്തിയത്. ബിജെപിക്ക് ഔദ്യോഗിക മീഡിയ സെല്ലുണ്ട്. കേന്ദ്ര നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ കമ്പനിയുണ്ട്. ഇതിനു പുറമേയാണു സ്വന്തം പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ മാത്രമായി പുതിയ പിആര്‍ ടീം.
കേരളത്തിലെ ബിജെപിയെ ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകുന്നതിനുമായാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായ രാജീവ് ചന്ദ്രശേഖരനെ ദേശീയ നേതൃത്വം സംസ്ഥാന അധ്യക്ഷ പദവിയേല്‍പ്പിച്ചത്. ബിജെപി ദേശീയ നേതൃത്വം ഏറെക്കാലമായി കേരളത്തിലെ പാര്‍ട്ടിയിലെ ഗ്രൂപ്പിസവും ചിലനേതാക്കളുടെ മേല്‍ക്കോയ്മയും ഇല്ലാതാക്കാന്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണു വി. മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കി പുതിയ ആളുകളെ മുന്നിലേക്കു കൊണ്ടുവന്നത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യാനുള്ള ശക്തമായ നീക്കത്തിലാണ് സംസ്ഥാന അധ്യക്ഷന്‍. തിരുവനന്തപുരം, തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം പിടിക്കുമെന്നാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം. ഇപ്പോള്‍ പാലക്കാട്, പന്തളം നഗരസഭാഭരണം ബിജെപിക്കാണ്. ഇത് നിലനില്‍ക്കുകയും ഒപ്പം കൂടുതല്‍ നഗരസഭകളുടെ ഭരണം പിടിച്ചെടുക്കുകയും ചെയ്യുകയെന്നതാണ് ബിജെപി ലക്ഷ്യമിടുന്നത്.
രാജീവ് ചന്ദ്രശേഖറിനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയതിനു പിന്നില്‍ ക്രിസ്ത്യന്‍ സഭകളിലേക്കു പാലമിടുന്നതും ലക്ഷ്യമാണ്. രാഷ്ട്രീയ രംഗത്തു പ്രഫഷണലായവരും തീവ്രനിലപാടുകള്‍ പ്രകടിപ്പിക്കാത്തവരും എത്തിയപ്പോഴൊക്കെ ക്രിസ്ത്യന്‍ വിഭാഗക്കാരുള്‍പ്പെടെയുള്ളവരുടെ പിന്തുണ ലഭിച്ചിരുന്നു. തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നിലും സഭയുടെ നിര്‍ണായക സ്വാധീനമുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 15 ശതമാനത്തിലധികം വോട്ടില്‍ വളര്‍ച്ചയുണ്ടാക്കാന്‍ ബിജെപിക്കു കഴിഞ്ഞിട്ടുണ്ട്.
ഇതിനു മുമ്പു നടത്തിയ പല പരീക്ഷണങ്ങളും പാളിയിരുന്നു. സ്വതവേ തീവ്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെ ബിജെപിയുടെ മുന്നണിയില്‍നിന്നു മാറ്റി നിര്‍ത്തുകയും ന്യൂനപക്ഷ വിഭാഗങ്ങളെ കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുകയുമാണു പാര്‍ട്ടിയുടെ തന്ത്രം. തൃശൂരില്‍ ജസ്റ്റിന്‍ ജേക്കബിനെയാണു ജില്ല ടൗണ്‍ പ്രസിഡന്റാക്കി നിയമിച്ചതും. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വിജയസാധ്യതയുണ്ടായിട്ടും പരാജയപ്പെട്ട ഇന്ത്യയിലെ 144 മണ്ഡലങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ നേരിട്ടെത്തി പഠനം നടത്തി റിപ്പോര്‍ട്ടു സമര്‍പ്പിച്ചിരുന്നു. ഇതില്‍ കേരളത്തിലെ പരാജയത്തിനു കാരണം ക്രൈസ്തവ വിഭാഗങ്ങള്‍ക്കിടയിലെ സ്വാധീനക്കുറവാണെന്നും കണ്ടെത്തിയിരുന്നു. തൃശൂര്‍, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ലോക്സഭാ മണ്ഡലങ്ങളിലാണ് കേന്ദ്ര സംഘം എത്തിയത്. ക്രൈസ്തവ വിഭാഗങ്ങള്‍ക്കു ബിജെപിയോടുള്ള അയിത്തം ഇല്ലാതായിട്ടും വോട്ടാക്കി മാറ്റാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയതലത്തില്‍ നരേന്ദ്രമോദിയും സംഘവും പിന്തുടരുന്ന ‘പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്’ ആണ് രാജീവും കൊണ്ടുവരുന്നത്. കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ ഐടി രംഗത്തും ടെക്‌നോളജി മേഖലയിലും വലിയ ഇടപെടലുകള്‍ രാജീവ് നടത്തിയിട്ടുണ്ട്. ഡീപ് ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയിലും രാജീവിനു മറ്റേതൊരു ബിജെപി നേതാവിനെക്കാളും ധാരണയുണ്ട്.






