ഒരുമാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്നു പാലക്കാട്ടേക്ക്; സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും; തടയില്ലെന്നു സിപിഎം; പ്രതിഷേധിക്കുമെന്ന് യുവജന സംഘടനകള്‍; വന്‍ പോലീസ് സന്നാഹം

തിരുവനന്തപുരം: ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്നു മണ്ഡലത്തിലെത്തിയേക്കും. ആരോപണങ്ങള്‍ക്ക് പിന്നാലെ അടൂരിലെ വീട്ടില്‍ കഴിയുകയായിരുന്ന രാഹുല്‍ വൈകീട്ടോടെ പാലക്കാട്ടെത്തുമെന്നാണ് സൂചന. നിയമസഭയില്‍ എത്തിയ രാഹുല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് അറിയിച്ചിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളോട് ഇന്നെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സ്വകാര്യ പരിപാടികളില്‍ പങ്കെടുത്തേക്കും. തടയില്ലെന്ന് സിപിഎം അറിയിച്ചെങ്കിലും ഡിവൈഎഫ്ഐയും ബിജെപിയും പ്രതിഷേധിക്കുമെന്നാണ് വിവരം. സംഘര്‍ഷ സാധ്യത കണക്കിലെടുത്തു എംഎല്‍എ ഓഫീസ് പരിസരത്തും നഗരത്തിലാകെയും വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തുന്നുണ്ട്.
പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷും മൂന്ന് മണ്ഡലം പ്രസിന്റുമാരുമടക്കം ആറുപേര്‍ കഴിഞ്ഞദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനെ അടൂരിലെ വീട്ടിലെത്തി കണ്ടിരുന്നു. തിരുവനന്തപുരം യാത്രയ്ക്കിടെയുള്ള സ്വകാര്യ സന്ദര്‍ശനമാണെന്നാണ് വിശദീകരണമെങ്കിലും അടൂരില്‍ നടന്നത് പാര്‍ട്ടിക്കുള്ളില്‍ ഉരുത്തിരിയുന്ന പുതിയ കൂട്ടായ്മയുടെ സൂചനയായി.
സംസ്ഥാന നേതൃത്വത്തിന്റെ വിലക്കുകള്‍ നിലനില്‍ക്കേ ഇത്തരമൊരു സന്ദര്‍ശനത്തിന് കോണ്‍ഗ്രസ് പ്രാദേശിക ഭാരവാഹികള്‍ തയ്യാറായതിനുപിന്നില്‍ പാര്‍ട്ടിയിലെ ചില ഉന്നതരുടെ പിന്തുണയുണ്ടെന്നാണ് സൂചന.
മണ്ഡലത്തിലെത്തുന്ന എംഎല്‍എയെ ആരുതടഞ്ഞാലും ശക്തമായി എതിര്‍ക്കുമെന്ന സാമൂഹികമാധ്യമ പോസ്റ്റുമായി കഴിഞ്ഞദിവസം പാലക്കാട്ടെ ഒരു നഗരസഭാ കൗണ്‍സിലറും രംഗത്തെത്തിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ അപ്രീതി നിലനില്‍ക്കുന്നതിനാല്‍ ജില്ലയിലെ നേതാക്കള്‍ക്കുപകരം പ്രവര്‍ത്തകരും അനുഭാവികളുമായിരിക്കും എംഎല്‍എയ്ക്ക് പിന്തുണയുമായെത്തുക. രാഹുലിന്റെ ശബരിമല സന്ദര്‍ശനത്തിന് തൊട്ടുമുന്‍പാണ് പ്രാദേശിക നേതാക്കള്‍ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.
rahul-mamkootathil-palakkad-return-mla-constituency-visit-after-break






