Newsthen Special

‘ഈ വാതിലാണോ നിങ്ങള്‍ ചവിട്ടിപ്പൊളിച്ചു എന്നു പറയുന്നത്?’ എംഎല്‍എയെ കണ്ടിട്ടില്ല, വ്യക്തിഹത്യ ചെയ്യുന്നു; പറവൂരില്‍നിന്നാണ് ഇതിനു നേതൃത്വം നല്‍കുന്നത്’: കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ്

കൊച്ചി: അപവാദ പ്രചാരണത്തില്‍ പ്രതികരിച്ച് സി.പി.എം. വനിതാ നേതാവ് കെ.ജെ. ഷൈനും ഭര്‍ത്താവും. ഇപ്പോള്‍ നടക്കുന്ന പ്രചാരണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും രൂക്ഷമായ സൈബര്‍ അറ്റാക്കാണ് നടക്കുന്നതെന്നും ഇരുവരും പറഞ്ഞു. പേരും ചിത്രവും വച്ച് അപമാനിക്കാന്‍ ശ്രമം നടന്നപ്പോള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും കെ.ജെ. ഷൈന്‍ പറഞ്ഞു.

പ്രചരിക്കുന്ന ആരോപണത്തില്‍ സത്യമില്ലെന്നും മോശമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് കൂട്ടിച്ചേര്‍ത്തു. ‘നിങ്ങള്‍ ഈ വാതില്‍ കണ്ടോ? പരിശോധിച്ച് നോക്ക് ചവിട്ടിപൊളിച്ച നിലയിലാണോ? എത്രയോ ആളുകള്‍ അടുത്ത് താമസിക്കുന്ന ഒരു പ്രദേശം കൂടിയാണ് ഇവിടെ, ചെറിയ ശബ്ദം കേട്ടാല്‍ പോലും എല്ലാവരും നോക്കും’

Signature-ad

അങ്ങനെയുള്ളയിടത്ത് ഇത്തരത്തില്‍ ഒരു വലിയൊരു കഥ മെനഞ്ഞുകൊണ്ട് ഞങ്ങളെ വ്യക്തിഹത്യ ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ശ്രമമാണ് നടന്നത്. ഇതില്‍ പറയുന്ന എംഎല്‍എയെ നേരില്‍ കണ്ടിട്ട് കുറെയായി. ഷൈന്‍ സൂചിപ്പിച്ചത് പോലെ ഇതിന് നേതൃത്വം നല്‍കുന്നത് പറവൂരില്‍ നിന്നാണ്.’ കെ.ജെ. ഷൈനിന്റെ ഭര്‍ത്താവ് ഡൈന്യൂസ് പറഞ്ഞു.

തനിക്കെതിരെയുണ്ടായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്നും ഇതിന് പിന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അറിവോടെയുള്ള നീക്കങ്ങളാണെന്നും ആരോപിച്ചു സിപിഎം വനിത നേതാവ് കെ.ജെ. ഷൈന്‍ രംഗത്തുവന്നിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും, കോണ്‍ഗ്രസിന്റെ ദയനീയ അവസ്ഥ മറച്ചുവെക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ സൈബര്‍ ആക്രമണം നടക്കുന്നതെന്നും അവര്‍ ആരോപിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ ഒരു കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ഒരു പൊതുവേദിയില്‍ വെച്ച് ‘ടീച്ചറേ, ഒരു ബോംബ് വരുന്നുണ്ട്’ എന്ന് തന്നോട് പറഞ്ഞതായി കെ.ജെ. ഷൈന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത് തന്റെ ഭര്‍ത്താവിനെയടക്കം മോശമായി ചിത്രീകരിക്കുന്ന ഒരു വാര്‍ത്തയായിരിക്കുമെന്നും അയാള്‍ സൂചന നല്‍കിയിരുന്നു. അത് നിഷ്‌കളങ്കമായി പറഞ്ഞതാകാം, പക്ഷേ അതിന് പിന്നാലെ ഇങ്ങനെയൊരു ആരോപണം വന്നത് സംശയാസ്പദമാണ്.

പേരോ വിലാസമോ വ്യക്തമല്ലാത്ത ഒരു പോസ്റ്ററാണ് ആദ്യം പ്രചരിച്ചത്. ഒരാള്‍ക്കെതിരെ വ്യക്തമായ തെളിവുകളോ സൂചനകളോ ഇല്ലാത്തതിനാല്‍, ആര്‍ക്കെതിരെ പരാതി നല്‍കണമെന്ന് പോലും അറിയാത്ത സാഹചര്യമുണ്ടായി. എന്നാല്‍ പിന്നീട് ചിത്രങ്ങളടക്കം ഉപയോഗിച്ച് കൂടുതല്‍ മോശമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് ഷൈന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള ആരോപണങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. വോയിസ് മെസേജുകളും മറ്റ് വിവരങ്ങളും മാധ്യമങ്ങളുടെ പക്കലുണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്. ഈ സാഹചര്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇങ്ങനെയൊരു ശ്രമമെന്ന് ഷൈന്‍ ആരോപിച്ചു.

സ്ത്രീകളുടെ പൊതുപ്രവര്‍ത്തനങ്ങളോടുള്ള സമൂഹത്തിലെ ചിലരുടെ മോശം മനോഭാവത്തിന്റെ ഭാഗമാണിത്. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ഇത്തരത്തിലുള്ള ലൈംഗികാരോപണങ്ങള്‍ ആളുകള്‍ക്ക് കേള്‍ക്കാന്‍ ‘രസകരമാണ്’ എന്ന ചിന്താഗതിയാണ് ഇത്തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്കും ഡി.ജി.പി.ക്കും പരാതി നല്‍കിയിട്ടുണ്ട്. അതിന് പുറമേ, എസ്.പി. ഓഫീസിലും തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്ന് കെ.ജെ. ഷൈന്‍ അറിയിച്ചു.

cpm-leader-responds-to-defamation

Back to top button
error: