Breaking NewsMovie

അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയുമായി മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

കൊച്ചി: മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.

Signature-ad

മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.

മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

Back to top button
error: