തിരുവനന്തപുരം: വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറി അപകടമുണ്ടായ സംഭവത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന ആള്‍ മരിച്ചു. ആര്യനാട് സ്വദേശി സോമന്‍ നായര്‍ (65) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് മരണം സംഭവിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ 5 വിദ്യാര്‍ത്ഥികളുടെയും പരിക്ക് ഗുരുതരമല്ല. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിലെ കൊ കൊടുംവളവ് തിരിഞ്ഞ് ബസ് ്‌സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ അപകടമുണ്ടായത്. ബസ്സിന്റെ ഒരു ഭാഗം ബസ്സ് വെയിറ്റിങ് ഷെഡിന്റെ തൂണിലിടിക്കുകയും ബസ്‌ഷെല്‍ട്ടര്‍ പൂര്‍ണമായി നിലംപൊത്തുകയുമായിരുന്നു. ബസ് കാത്തുനില്‍ക്കുകയായിരുന്ന അഞ്ച് കുട്ടികളും സോമന്‍ നായരും നിലംപതിച്ച കോണ്‍ക്രീറ്റ് സ്ലാബിനടയില്‍പ്പെടുകയായിരുന്നു.
അപകടത്തില്‍പ്പെട്ട ഒരു കോളേജ് വിദ്യാര്‍ത്ഥിയും നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോമന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ നാട്ടുകാര്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.