‘സാമൂഹിക അകലം പാലിച്ചില്ല, പ്രകോപനപരമായ മുദ്രാവാക്യം വിളി, സംഘം ചേരല്‍’: സുജിത്തിനെതിരെ മുഖ്യമന്ത്രി പറഞ്ഞ വിവിധ കേസുകള്‍ ഇവ; എഫ്ഐആറുകള്‍ നിയമസഭാ വെബ്സൈറ്റില്‍; പലതിലും പേരുപോലുമില്ല; തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍ മാത്രം

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരെ വിവിധ കേസുകളുണ്ടെന്ന മുഖ്യന്ത്രിയുടെ പരാമര്‍ശത്തിനു പിന്നാലെ, കേസിന്റെ വിശദാംശങ്ങള്‍ പുറത്ത്. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് സുജിത്തിനെതിരെ രണ്ട് സ്റ്റേഷനുകളിലായി വിവിധ കേസുകള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. ഇതിനുപിന്നാലെ സുജിത്തിനെതിരായ 11 കേസുകളുടെ വിശദാംശങ്ങളും പുറത്തുവന്നു. 11 കേസുകളുടെയും എഫ്ഐആര്‍ നിയമസഭാ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.
2018നും 2024നും ഇടയില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് സുജിത്തിനെതിരെ ഉള്ളത്. ചില കേസ് വിവരങ്ങളില്‍ സുജിത്തിന്റെ പേര് പോലും ഇല്ല. പകരം ‘തിരിച്ചറിയാവുന്ന വ്യക്തികളില്‍ ഒരാള്‍’ എന്ന് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. കേസുകളില്‍ ഭൂരിഭാഗവും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനാണ്. കോവിഡ് സമയത്ത് സാമൂഹിക അകലം പാലിക്കാതിരിക്കല്‍, പൊതുവഴി തടയല്‍, പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല് തുടങ്ങിയവയും മുഖ്യമന്ത്രി പറഞ്ഞ ‘വിവിധ’ കേസുകളില്‍ ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിന് രണ്ടു കേസുണ്ട്. ഈ കേസുകളില്‍ 13 ഉം 11 ഉം വീതം പ്രതികളുടെ ഒരു പട്ടിക എഫ്ഐആറില്‍ കാണിച്ചിട്ടുണ്ട്.
എന്നാല്‍ ഈ പട്ടികകളില്‍ സുജിത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. 2024 ല്‍ കുന്നംകുളം സ്റ്റേഷനില്‍ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിരുന്നു. 2019 ല്‍ റജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസില്‍, സമാധാനപരമായ ജീവിതം തടസ്സപ്പെടുത്തിയതിനും സുജിത്തിനെതിരെ കേസെടുത്തു.
കോവിഡ്-19 ലോക്ഡൗണ്‍ കാലയളവില്‍, വിലക്കയറ്റത്തിനെതിരെ സുജിത്തും മറ്റും ചേര്‍ന്നു പ്രതിഷേധപ്രകടനം നടത്തിയതിന് പകര്‍ച്ചവ്യാധി പ്രതിരോധ നിയമപ്രകാരമാണ് കേസ് എടുത്തത്. 2022 ല്‍ റജിസ്റ്റര്‍ ചെയ്ത ഒരു എഫ്ഐആറില്‍ സുജിത്തിനെതിരെ ആക്രമണക്കുറ്റം ചുമത്തിയിട്ടുണ്ട്. പൊലീസിന്റെ ലാത്തി തകര്‍ത്തതിനും സുജിത്തിനെതിരെ കേസെടുത്തിട്ടുണ്ട്. 2023 ല്‍ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്ന കേസിലാണ് കുന്നംകുളം പൊലീസ് സുജിത്തിനെ അറസ്റ്റ് ചെയ്തതും സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചതും. തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം സുജിത്ത് പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ നേടിയെടുക്കുകയായിരുന്നു.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സുജിത്തിനെതിരെ പൊലീസ് നടത്തിയ ക്രൂരതയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെത്തുടര്‍ന്ന് നാല് പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈ ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ സുജിത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് സിപിഎം നേതാക്കള്‍ വാദിച്ചത്. തിങ്കളാഴ്ച തൃശൂരില്‍ നടന്ന യോഗത്തില്‍, ‘പൊലീസിനെ ആക്രമിച്ചതിന് ശേഷം അദ്ദേഹത്തെ തലോടുകയും ബിരിയാണി വിളമ്പുകയും ചെയ്യണമായിരുന്നോ?’ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ ഖാദര്‍ ചോദിച്ചത്.
മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രസംഗം
”എരുമപ്പെട്ടി, കുന്നംകുളം പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ പ്രതിയായ സുജിത്ത് കുന്നംകുളം സ്റ്റേഷനില്‍ താന്‍ മര്‍ദനത്തിന് ഇരയായി എന്നാരോപിച്ച് 12.04.2023ന് തൃശൂര്‍ സിറ്റി ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. അതില്‍ അടിയന്തര അന്വേഷണം നടത്തിയ തൃശൂര്‍ സിറ്റി ഡിസിആര്‍ബി അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സബ് ഇന്‍സ്പെക്ടര്‍ക്ക് പുറമെ നാല് സിവില്‍ പൊലീസ് ഉദ്യോഗസ്ഥരെ 2023 ഏപ്രില്‍ 22ന് സ്ഥലം മാറ്റി. തുടര്‍ന്ന് ആരോപണ വിധേയര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തുകയും പൊലീസ് സബ് ഇന്‍സ്പെക്ടറടക്കം മൂന്ന് പേരുടെ വാര്‍ഷികവേതന വര്‍ധന 2 വര്‍ഷത്തേക്ക് തടയുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സുജിത്ത് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ അന്വേഷണം നടത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. തുടര്‍ന്ന്, ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഒപ്പം വകുപ്പുതല അച്ചടക്ക നടപടിയുടെ പുനഃപരിശോധനാ നടപടികളും നടന്നുവരുന്നു.”






