അതിശക്തമായ മഴയ്ക്ക് പിന്നാലെ ഡെറാഡൂണില്‍ മേഘവിസ്‌ഫോടനവും ; അനേകം വീടുകളില്‍ വെള്ളം കയറി, ഐടി പാര്‍ക്കും വെള്ളക്കെട്ടില്‍ ; ഉത്തരാഖണ്ഡിനൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പ്രധാനമന്ത്രി

ഡെറാഡൂണ്‍: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെയും മേഘവിസ്‌ഫോടനത്തെയും തുടര്‍ന്ന് നിരവധി വീടുകളില്‍ വെള്ളം കയറുകയും രണ്ട് പേരെ കാണാതായതായും ചെയ്തതായി റിപ്പോര്‍ട്ട്. മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ കാര്‍ലിഗാഡ് പുഴയില്‍ ജലനിരപ്പ് ഉയരുകയും സമീപ പ്രദേശങ്ങളില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു.
ഈ പ്രദേശങ്ങളിലുള്ളവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി. തിങ്കളാഴ്ച രാത്രി ശക്തമായ ഒഴുക്കില്‍ ഒരു പ്രധാന പാലം തകരുകയും പുഴയുടെ തീരത്തുള്ള വസ്തുവകകള്‍ക്ക് വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിക്കുകയും ചെയ്തു. ദുരന്തസമയത്ത് കേന്ദ്ര സര്‍ക്കാര്‍ ഉത്തരാഖണ്ഡിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും എല്ലാവിധ സഹകരണവും ഉറപ്പുനല്‍കിയതായും പ്രധാനമന്ത്രി അറിയിച്ചു.
ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു. ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത അദ്ദേഹം, ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും വ്യക്തമാക്കി. പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും നിര്‍ദ്ദേശങ്ങളും സഹകരണവും ലഭിച്ചതോടെ സംസ്ഥാനത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വേഗത്തിലാകുമെന്ന് ധാമി പറഞ്ഞു.
വിവരം ലഭിച്ച ഉടന്‍ തന്നെ ജില്ലാ മജിസ്ട്രേറ്റ് സാവിന്‍ ബന്‍സാല്‍, സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് (എസ്ഡിഎം) കുങ്കും ജോഷി, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാത്രിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സ്ഥലത്തെത്തി. കാണാതായ രണ്ട് പേരെയും കണ്ടെത്താനും രക്ഷിക്കാനും രക്ഷാപ്രവര്‍ത്തന ടീമുകള്‍ക്ക് ബന്‍സാല്‍ നിര്‍ദ്ദേശം നല്‍കി.
നാഷണല്‍ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്, സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് , സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്മെന്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.






