Breaking NewsKeralaLead NewsNEWS

‘ആ’ കുറിപ്പെത്തിയപ്പോള്‍ രാഹുല്‍ സഭ വിട്ടു; സംസാരിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍, പ്രതികരിക്കാതെ ഭരണപക്ഷം

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ നിയമസഭയില്‍ എത്തിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയോടു സംസാരിക്കാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ആരും കൂട്ടാക്കിയില്ല. പ്രതിപക്ഷ നിരയുടെ അവസാന കസേരയും കഴിഞ്ഞാണ് രാഹുല്‍ ഇരുന്നത്. ലീഗ് എംഎല്‍എമാര്‍ മാത്രമാണ് രാഹുലിനോടു സഭയില്‍ കുശലാന്വേഷണം നടത്തിയത്. ലീഗ് എംഎല്‍എ യു.എ. ലത്തീഫ് രാഹുലിന്റെ അടുത്തെത്തി സംസാരിച്ചു. നജീബ് കാന്തപുരം, എ.കെ.എം.അഷ്റഫ്, ടി.വി.ഇബ്രാഹും എന്നിവരും രാഹുലിനോടു സംസാരിച്ചു.

മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുമ്പോഴാണ് രാഹുല്‍ സഭയില്‍ എത്തിയത്. ഭരണപക്ഷത്തുനിന്നും ആരും പ്രതികരിച്ചില്ല. സഭയിലെത്തി കുറച്ചു സമയത്തിനുള്ളില്‍ രാഹുലിന് പുറത്തുനിന്ന് ഒരു കുറിപ്പ് ലഭിച്ചു. കുറിപ്പിനു മറുപടി നല്‍കിയതിനു പിന്നാലെ രാഹുല്‍ സഭവിട്ടു പുറത്തേക്കു പോകുകയായിരുന്നു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തിറങ്ങി അകത്തുവന്നപ്പോഴാണ് കുറിപ്പ് ലഭിച്ചതും രാഹുല്‍ സഭ വിട്ടതും.

Signature-ad

അടൂരിലെ വീട്ടില്‍നിന്ന് പുലര്‍ച്ചെയാണ് രാഹുല്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് നേമം ഷജീര്‍, സംസ്ഥാന സെക്രട്ടറി റെനോ പി.രാജന്‍, സഹായി ഫസല്‍ എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ സഭാമന്ദിരത്തില്‍ എത്തിയത്.

Back to top button
error: