വയനാട് ദുരന്തത്തിന് ഒരു വര്‍ഷമായിട്ടും അവഗണന ; പഞ്ചാബിനും ഹിമാചലിനും വാരിക്കോരി കൊടുത്തു ; പിന്നാലെ ഉത്തരാഖണ്ഡിനും പ്രളയത്തിന്റെ പേരില്‍ 1200 കോടിയുടെ സഹായം

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നല്‍കുന്ന കാര്യത്തില്‍ മുഖം തിരിച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമാനഗതിയില്‍ പ്രളയമുണ്ടായ ഉത്തരാഖണ്ഡിനും പഞ്ചാബിനും വാരിക്കോരി നല്‍കുന്നു. പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഉത്തരാഖണ്ഡിന് 1,200 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചു.
ഈ മണ്‍സൂണ്‍ കാലത്ത് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉണ്ടായ പ്രകൃതിദുരന്തങ്ങളില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തേ പഞ്ചാബിനും ഹിമാചലിനും യഥാക്രമം 1600 കോടിയും 1500 കോടി ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും വയനാട് പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
എസ്ടിആര്‍എഫ് തുക വിനിയോഗത്തിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രം കേരളത്തിനുള്ള സഹായം തടഞ്ഞുവെച്ചിരിക്കുന്നത്. 2000 കോടി ധനസഹായം ചോദിച്ചിട്ട് 530 കോടിയുടെ വായ്പയാണ് കേന്ദ്രം അനുവദിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ദുരന്തബാധിത പ്രദേശങ്ങള്‍ വ്യോമനിരീക്ഷണം നടത്തുന്നതിനായി വ്യാഴാഴ്ച ഡെറാഡൂണിലെത്തി. ജോളിഗ്രാന്റ് വിമാനത്താവളത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അദ്ദേഹത്തെ സ്വീകരിച്ചു. ദുരിതബാധിത പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തിയ ശേഷം പ്രധാനമന്ത്രി ഉന്നതതല യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്നു.






