Lead NewsNEWS

ആയുർവേദത്തെ കൂടുതൽ ജനകീയമാക്കും: മന്ത്രി വീണാ ജോർജ്

ആയുർവേദത്തെ കൂടുതൽ ജനകീയമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ രംഗത്തെ ഗവേഷണങ്ങൾക്കും പ്രാധാന്യം നൽകും. ആയുഷ് മേഖലയിൽ ഈ അഞ്ച് വർഷം കൊണ്ട് കൃത്യമായ പദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ റിസർച്ച് സെന്ററിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി. തടസങ്ങൾ എല്ലാം മാറ്റിക്കൊണ്ട് ഉടൻ നിർമ്മാണം ആരംഭിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

ആറാമത് ആയുർവേദ ദിനാചരണം, വനിതാ ശിശുവികസന വകുപ്പുമായി ചേർന്നുള്ള ആയുഷ് വകുപ്പിന്റെ ശില്പശാല, കുട്ടികൾക്കുള്ള സമഗ്ര കോവിഡ് പ്രതിരോധത്തിനുള്ള കിരണം പദ്ധതി എന്നിവയുടെ ഉദ്ഘാടനം ഓൺലൈൻ മുഖേന നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ദിനാചരണത്തിൽ മാത്രം ഒതുങ്ങാതെ ഒരു വർഷം നീളുന്ന വിവിധ പരിപാടികളാണ് ആയുഷ് വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ‘പോഷണത്തിന് ആയുർവേദം’ എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ വിഷയം. ആരോഗ്യാവസ്ഥയും രോഗാവസ്ഥയും കണക്കിലെടുത്ത് വേണം ആഹാര പദാർത്ഥങ്ങൾ ഉപയോഗിക്കേണ്ടത്. പ്രകൃതിയുമായി ചേർന്നുള്ള കൃത്യമായ ഭക്ഷണം വളരെ പ്രധാനപ്പെട്ട കാര്യമാണ്.

Signature-ad

കുട്ടികൾ, കൗമാര പ്രായക്കാർ, ഗർഭിണികൾ, സൂതികകൾ എന്നീ വിഭാഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പൊതുവായി നടപ്പിലാക്കാവുന്ന പ്രവർത്തനങ്ങളുടെയും പരിപാടികളുടെയും രൂപരേഖ തയ്യാറാക്കുന്നതിനും കാലിക പ്രസക്തമായ ആഹാരരീതികൾ അവതരിപ്പിക്കുന്നതിനുമായാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
കേരളത്തിലെ 33,115 അങ്കണവാടികൾ കേന്ദ്രീകരിച്ച് പോഷണ സംബന്ധമായ ആയുർവേദ അറിവുകൾ പകർന്നു നൽകുകയും പ്രായോഗികമായ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്യും. സർക്കാർ സ്വകാര്യമേഖലയിലെ 2000 ത്തോളം ഡോക്ടർമാരാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കുട്ടികൾ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, ആൺകുട്ടികൾ, ഗർഭിണികൾ, സൂതികകൾ എന്നിവരുടെ ആരോഗ്യ സംരക്ഷണത്തിന് പോഷണ സംബന്ധമായ ആയുർവേദ അറിവുകളും രീതികളും ഫലപ്രദമായി ഉപയോഗിക്കുന്നതിന് ഉതകുന്ന കാര്യങ്ങളാണ് ബോധവൽക്കരണ ക്ലാസുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Back to top button
error: