നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞ് ഇടിച്ചുകൂട്ടി ; നടപടി സസ്പെന്‍ഷനില്‍ ഒതുക്കാമെന്ന് വിചാരിക്കേണ്ട ; പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചുവിടണമെന്ന് മര്‍ദ്ദനത്തിനിരയായ സുജിത്ത്

തൃശ്ശൂര്‍: തന്നെ മര്‍ദ്ദിച്ച പോലീസുകാരെ ജോലിയില്‍ നിന്നു തന്നെ പിരിച്ചുവിടണമെന്ന് പോലീസ്മര്‍ദ്ദനത്തിനിരയായ യൂത്ത്കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്ത്. സസ്പന്ഷന് ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്നും മര്‍ദ്ദനം നടത്തിയ അഞ്ചുപേരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ സുജിത്ത് ആവശ്യപ്പെട്ടു. നീ നേതാവു കളിക്കണ്ട എന്നു പറഞ്ഞാണ് തന്നെ അന്ന് പൊലീസുകാര്‍ മര്‍ദ്ദിച്ചതെന്നും സസ്പെന്ഷന് അല്ല ആവശ്യമെന്നും സുജിത് പറഞ്ഞു.
കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ പൊലീസുകാര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരായ സ്പെന്ഷന് ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി മര്‍ദ്ദനത്തിന് ഇരയായ യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്ത് രംഗത്ത്. സസ്പെന്ഷന് അല്ല ആവശ്യമെന്നും അവരെ പിരിച്ചു വിടണമെന്നും വി എസ് സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
വധശ്രമത്തിനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്താന്‍ കോടതിയെ സമീപിക്കുമെന്നും എല്ലാ പൊലീസ് സ്റ്റേഷനിലും സിസിടിവി വേണമെന്ന സുപ്രീം കോടതി കേസില്‍ കക്ഷിചേരുമെന്നും സുജിത്ത് വ്യക്തമാക്കി. ശശിധരന് എന്ന പൊലീസ് ഉദ്യോഗസ്ഥന് സിസിടിവി ഇല്ലാത്ത മുറിയിലെത്തിച്ച് മര്‍ദ്ദിച്ചതായും പറഞ്ഞു. കേസില്‍ അഞ്ചാമത്തെയാളായ സുഹൈറിനെതിരേയും നടപടി വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറായ സുഹൈറിനെതിരേ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും.
അടുത്ത ദിവസം തന്നെ പഴയന്നൂരിലേക്ക് സമരം നടത്തുമെന്നും സുജിത് വ്യക്തമാക്കി. മര്‍ദ്ദനം നടക്കുന്ന കാലത്ത് സുഹൈര്‍ ഡ്രൈവറായിരുന്നു. ജനങ്ങളും പാര്‍ട്ടിയും നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ സുജിത്ത് വ്യക്തമാക്കി. വരും ദിവസങ്ങളില്‍ കൂടുതല്‍ ആഞ്ഞടിക്കാനൊരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദ്ദിച്ച പോലീസുകാരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
നേരത്തെ സംഭവത്തില്‍ ഡിഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പാലീസുകാര്‍ക്കെതിരെ കോടതി നടപടി തുടരുന്ന സാഹചര്യത്തിലായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവിലെ ശിക്ഷാനടപടി പുനഃപരിശോധിക്കാനും ശുപാര്‍ശ ചെയ്തിരുന്നു. അതിനിടയില്‍ പോലീസുകാരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതില്‍ കവിഞ്ഞ് ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് യൂത്ത് കോണ്‍ഗ്രസ്്.






