വിളക്കു തെളിയിക്കുമ്പോള്‍ എല്ലാവരോടും എഴുന്നേല്ക്കാന് അവതാരക; വേണ്ടെന്നു മുഖ്യമന്ത്രി; ദൃശ്യങ്ങള്‍ വൈറല്‍

കൊച്ചി: വൈറ്റിലയില്‍ പ്രവര്‍ത്തനം ആരംഭിച്ച വെല്‍കെയര്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ വിളക്ക് കൊളുത്താന്‍ നേരം അവതാരക എല്ലാവരോടും എഴുന്നേറ്റു നില്ക്കാന് ആവശ്യപ്പെട്ടപ്പോഴുള്ള മുഖ്യമന്ത്രിയുടെ പെരുമാറ്റമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
എല്ലാവരോടും എഴുന്നേറ്റു നില്ക്കാന് അവതാരക പറഞ്ഞതോടെ അതുവേണ്ട, ഇരുന്നാല്‍ മതിയെന്ന് ആംഗ്യഭാഷയില്‍ ആവശ്യപ്പെടുകയായിരുന്നു മുഖ്യമന്ത്രി. ഈ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികള്‍ ചില ആഗോള കോര്‍പ്പറേറ്റുകള്‍ ഏറ്റെടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഇവിടെയൊക്കെ താങ്ങാനാകുന്ന ചികിത്സ ലഭ്യമായിരുന്നുവെന്നും, എന്നാല്‍ ഇപ്പോള്‍ ഈ ആശുപത്രികള്‍ ചിലവേറിയ ചികിത്സയിലേക്ക് മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തെ സേവിക്കാം എന്ന താല്പര്യത്തോടെ വന്നവരല്ല ഇവര്‍. ഈ മാറ്റത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.






