Breaking NewsLead NewsNewsthen Specialpolitics

ഇതുവരെ ലഭിച്ചത് ആറു പരാതികള്‍; രാഹുല്‍ മാങ്കൂട്ടത്തിന് എതിരേ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; പെണ്‍കുട്ടികളുടെ മൊഴിയെടുക്കുക രഹസ്യമായി; സ്വാധീനിക്കാന്‍ ശ്രമം മുന്നില്‍ കണ്ട് രാഹുലിന്റെ അടുപ്പക്കാര്‍ നിരീക്ഷണത്തില്‍; സംരക്ഷിക്കില്ലെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസില്‍ നടി റിനി ആന്‍ ജോര്‍ജ്, ട്രാന്‍സ് വുമണ്‍ അവന്തിക എന്നിവരുടെ മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച്. ഇരുവരും മാധ്യമങ്ങളിലൂടെ രാഹുലിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന് ക്രൈംബ്രാഞ്ച് ചോദിക്കും. ആരോപണം ആവര്‍ത്തിച്ചാല്‍ രാഹുലിനെതിരായ മുഖ്യ തെളിവായി മാറ്റാനാണ് ക്രൈം ബ്രാഞ്ചിന്റെ ആലോചന.

ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതായ ശബ്ദരേഖയിലെ പെണ്‍കുട്ടിയെ കണ്ടെത്താനും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അന്വേഷണം തുടങ്ങിയതോടെ കൂടുതല്‍ പരാതികള്‍ എത്തും എന്നാണ് ക്രൈം ബ്രാഞ്ചിന്റെ വിലയിരുത്തല്‍. പരാതിക്കാരികള്‍ ആരെന്നു തിരിച്ചറിയാതിരിക്കാനും മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാനും ക്രൈംബ്രാഞ്ച് രഹസ്യമായിട്ടായിരിക്കും മൊഴിയെടുക്കല്‍ അടക്കമുള്ളവയുമായി മുന്നോട്ടു പോകുന്നത്. പരാതിക്കാരുടെ കുടുംബങ്ങളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നു വിലയിരുത്തി ആരോപണ വിധേയനുമായി അടുപ്പമുള്ളവരും പോലീസിന്റെ നിരീക്ഷണത്തിലാണ്.

Signature-ad

ക്രൈംബ്രാഞ്ച് സ്വമേധയാ എടുത്ത കേസില്‍ കോണ്‍ഗ്രസ് ഇടപെടില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. കേസ് രാഹുല്‍ സ്വയം നേരിടണം. പരാതിക്കാരില്ലാത്ത കേസ് നിലനില്‍ക്കില്ലെന്നാണ് നേതൃത്വം വിശദീകരിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി പരിരക്ഷ നല്‍കില്ല. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നിരപരാധിത്വം തെളിയിക്കേണ്ടതും രാഹുലിന്റെ ബാധ്യതയാണെന്നാണ് പാര്‍ട്ടിയുടെ നിലപാട്

സ്ത്രീകളെ അവരുടെ താല്പര്യത്തിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തും സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുന്ന വിധത്തില്‍ പ്രവര്‍ത്തിച്ചും നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന വിധത്തില്‍ മെസേജുകളയച്ചും ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബി എന്‍ എസ് 78(2), 351 കേരള പോലീസ് ആക്ട് 120 (0) എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് ലഭിച്ച പരാതികള്‍ പരിശോധിച്ചതില്‍ നിന്നും അവ കോഗ്‌നൈസിബിള്‍ ഒഫന്‍സില്‍ ഉള്‍പ്പെട്ടതാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഡിവൈഎസ്പി സി ബിനുകുമാറിനാണ് അന്വേഷണ ചുമതല.

ഇതുവരെ രാഹുലിനെതിരെ ആറ് പരാതികളാണ് ഡിജിപിക്ക് ലഭിച്ചിട്ടുള്ളത്. കേട്ടുകേള്‍വിയില്ലാത്തത്ര ഗുരുതര ആരോപണങ്ങളാണ് രാഹുലിനെതിരെ ഉയര്‍ന്നത്. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്ന് മാത്രമല്ല, വിവാഹ വാഗ്ദാനം നല്‍കി ഒരു യുവതിയെ പീഡിപ്പിക്കുകയും ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. അതിജീവിതയെയും ഗര്‍ഭസ്ഥശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതിന്റെ ഞെട്ടിക്കുന്ന ഫോണ്‍സംഭാഷണവും പുറത്തുവന്നു. ജാതിയുടെ പേരില്‍ രാഹുല്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്ന് കോണ്‍ഗ്രസ് മുന്‍ എംപിയുടെ മകള്‍ എഐസിസിക്ക് പരാതി നല്‍കിയിട്ടുമുണ്ട്.

ഷാഫി പറമ്പില്‍ എം.പിയെ ഡിവൈഎഫ്‌ഐ തടഞ്ഞതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ച് തെരുവുയുദ്ധമായി കലാശിച്ചു. പ്രവര്‍ത്തകര്‍ തീപ്പന്തം പൊലീസ് വാഹനങ്ങള്‍ക്ക് നേരെ എറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. അതേസമയം, കന്റോണ്‍മെന്റ് ഹൗസിലേക്ക് എസ്.എഫ്.ഐ പാതിരാത്രി മറുപടി പ്രതിഷേധം പ്രഖ്യാപിച്ചെങ്കിലും അവസാന നിമിഷം പിന്മാറി. rahul-mamkootathil-case-investigation

 

Back to top button
error: