‘ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ല’; വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ‘ക്രിമിനല്‍ നടപടി ക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്തു പങ്ക്? കോടതി തെളിവുകള്‍ മാത്രമേ സ്വീകരിക്കൂ’

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന് എന്നറിയപ്പെടുന്ന ഹിരണ്‍ദാസ് മുരളിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. സമ്മതപ്രകാരമുള്ള ബന്ധം ബലാത്സംഗമാകുമോ എന്ന് കോടതി ചോദിച്ചു. ബന്ധം ഉലയുമ്പോള്‍ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു. അതേസമയം വേടനെതിരെ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിട്ടുണ്ടെന്ന് പരാതിക്കാരി. ക്രിമിനല്‍ നടപടിക്രമത്തില്‍ മുഖ്യമന്ത്രിക്ക് എന്ത് പങ്കെന്ന് ചോദിച്ച കോടതി തെളിവ് പരിഗണിച്ചു മാത്രമേ തീരുമാനമെടുക്കൂ എന്നും വ്യക്തമാക്കി. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വാദം തുടരും.
നിലവില്‍ കഴിഞ്ഞമാസം 31ന് യുവ ഡോക്ടര്‍ നല്കിയ ബലാല്‍സംഗ പരാതിയിലാണ് കോടതി വാദം കേള്‍ക്കുന്നത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. സംഭവത്തില്‍ കേസെടുത്തെങ്കിലും വേടനെ കണ്ടെത്താന്‍ പൊലീസിനായിട്ടില്ല. തുടര്‍ന്ന് ഒളിവില്‍പോയ ഇയാള്‍ക്കെതിരെ ലുക്കൗട്ട് സർക്കുലർ പുറത്തിറക്കുകയും ചെയ്തു. വിദേശത്തേക്ക്പോകാനുള്ള സാധ്യത മുന്നിൽകണ്ടായിരുന്നു നടപടി.
ഇതിനിടെ, കഴിഞ്ഞ ദിവസം വേടനെതിരെ വീണ്ടും പീഡന ആരോപണങ്ങളുണ്ടായി. രണ്ട് സ്ത്രീകളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2020–21 വര്‍ഷങ്ങളില്‍ പീഡനം നടന്നെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്നും ഇ മെയിലില്‍ പറയുന്നു. വേടനെതിരെ നേരത്തേ ഇവര്‍ മീടു ആരോപണം ഉന്നയിച്ചിരുന്നു.
രണ്ട് വ്യത്യസ്ത മേഖലകളിലുള്ളവരാണ് ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും കൊച്ചി കേന്ദ്രീകരിച്ചുള്ളവരാണ് എന്നതാണ് പ്രാഥമിക വിവരം. ദളിത് ഗാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളവരില്‍ ഒരാള്‍. ആ മേഖലയുമായി ബന്ധപ്പെട്ടാണ് വേടനെ പരിചയപ്പെടുന്നതും പിന്നീട് ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് പരാതിയില്‍ പറയുന്നത്. high-court-stays-arrest-of-rapper-vedan-in-rape-case






