വോട്ടു ചെയ്തു, മടങ്ങി! സുരേഷ് ഗോപി ജയിച്ച തൃശൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫ്ളാറ്റുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ വോട്ടു ചേര്‍ത്തു; ഒരേ ഫ്ളാറ്റ് നമ്പര്‍ ഉപയോഗിച്ച് നിരവധിപ്പേര്‍ പട്ടികയില്‍; ഒറ്റയാള്‍പോലും ഇപ്പോള്‍ താമസിക്കുന്നില്ല; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ ഫ്ലാറ്റ് നമ്പര്‍ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയും ചിലര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചെന്നാണ്. ബൂത്ത് നമ്പര്‍ 37 ല്‍ ഫോറം 6 പ്രകാരം വോട്ടര്‍ പട്ടികയില്‍ പുതുതായി ഇടംനേടിയ 190 പേരില്‍ 24 പേരും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ്.

തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവിധ മലയാളം വാര്‍ത്താ മാധ്യമങ്ങള്‍ നടത്തിയ വ്യത്യസ്ത അന്വേഷണങ്ങളിലാണു തൃശൂര്‍ കോര്‍പ്പറേഷനിലെ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് വോട്ടര്‍ പട്ടികിയില്‍ നടന്നതു വന്‍ ക്രമക്കേടുകളെന്നു കണ്ടെത്തിയത്. തൃശൂര്‍ കോര്‍പ്പറേഷനും പാര്‍ലമെന്റ് മണ്ഡലത്തിനും പുറത്ത് നിന്നള്ളവര്‍ക്ക് വ്യാജ മേല്‍വിലാസം ഉണ്ടാക്കി വോട്ട് ചേര്‍ത്തു. തൃശൂര്‍ അയ്യന്തോളിലെ വാട്ടര്‍ ലില്ലി അപ്പാര്‍ട്ട്മെന്റ്, പൂങ്കുന്നം ഇന്‍ലാന്റ് ഉദയനഗര്‍ അപ്പാര്‍ട്ട്മെന്റ് എന്നിവ കേന്ദ്രീകരിച്ചു വന്‍ തോതില്‍ വോട്ടു ചേര്‍ത്തെന്നും ഇതില്‍ പലരും ഇവിടെയിപ്പോള്‍ താമസക്കാരല്ലെന്നും നേരിട്ടു നടത്തിയ അന്വേഷണങ്ങളില്‍ വ്യക്തമായി.
അടഞ്ഞ് കിടക്കുന്നതും വോട്ടര്‍ പട്ടികയിലെ പേരുകാര്‍ താമസമില്ലാത്തതുമായ വാട്ടര്‍ലില്ലി ഫ്ലാറ്റില്‍ നിന്നുമാത്രം 30 പേരാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചത്. കോര്‍പറേഷനും ലോക്സഭാ മണ്ഡലത്തിനും പുറത്ത് നിന്നുള്ള ഇവരാരും ഇപ്പോള്‍ ഈ ഫ്ലാറ്റില്‍ താമസക്കാരല്ല. എന്നാല്‍, പൂങ്കുന്നത്തെ ഇന്‍ ലാന്റ് ഉദയ നഗര്‍ അപ്പാര്‍ട്ട്മെന്റില്‍ നടത്തിയ പരിശോധനയില്‍ ഓരേ ഫ്ലാറ്റ് നമ്പര്‍ ഉപയോഗിച്ചും ഫ്ലാറ്റ് നമ്പര്‍ കൃത്യമായി രേഖപ്പെടുത്താതെയും ചിലര്‍ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചെന്നാണ്. ബൂത്ത് നമ്പര്‍ 37 ല്‍ ഫോറം 6 പ്രകാരം വോട്ടര്‍ പട്ടികയില്‍ പുതുതായി ഇടംനേടിയ 190 പേരില്‍ 24 പേരും മണ്ഡലത്തിന് പുറത്തു നിന്നുള്ളവരാണ്.
പൂങ്കുന്നത്തെ ക്യാപിറ്റല്‍ വില്ലേജ് അപ്പാര്‍ട്ട്മെന്റ്സിലെ നാല് സി എന്ന ഫ്ലാറ്റില്‍ ക്രമക്കേടിലൂടെ ചേര്‍ത്തത് ഒമ്പത് വോട്ടുകളാണ്. ഈ വോട്ടുകള്‍ ആരുടേതാണെന്ന് അറിയില്ലെന്ന് നാല് സിയില്‍ താമസിക്കുന്ന പ്രസന്ന അശോകന് പറഞ്ഞു. വീട്ടില്‍ തനിക്കു മാത്രമാണ് വോട്ട് ഉണ്ടായിരുന്നതെന്നും ബാക്കിയുള്ളവ ആര് എങ്ങനെ ചേര്‍ത്തു എന്ന് അറിയില്ലെന്നും പ്രസന്ന വ്യക്തമാക്കി.
കഴിഞ്ഞതവണയും കള്ളവോട്ടുകളെക്കുറിച്ച് പരാതി നല്‍കിയിരുന്നെന്നും പ്രസന്ന പറഞ്ഞു. ഇല്ലാത്ത ആളുകളുടെ വോട്ടുകള്‍ തിരുകി കയറ്റിയെന്ന ആരോപണത്തില്‍ വീട്ടമ്മയായ പ്രസന്ന അശോകനെ പിന്തുണച്ച് അയല്‍വാസികളും രംഗത്തെത്തി. വോട്ടര്‍ പട്ടികയിലെ ആളുകളെ കണ്ടിട്ടേ ഇല്ലെന്ന് വര്‍ഷങ്ങളായി ക്യാപ്പിറ്റല്‍ വില്ലേജില്‍ താമസിക്കുന്ന ചിലരും ചൂണ്ടിക്കാട്ടി. കള്ളവോട്ട് ചേര്‍ത്തതില്‍ നേരത്തെ പരാതി നല്‍കിയതാണെന്നും നടപടി ഒന്നും ഉണ്ടായില്ലെന്നും കോണ്‍ഗ്രസ് അറിയിച്ചു.
രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലോടെ പുറത്ത് വരികയും തൃശൂരില്‍ എല്‍ഡിഎഫും, യുഡിഎഫും പരാതികള്‍ ഉന്നയിക്കുകയും ചെയ്ത തെരഞ്ഞെടുപ്പ് ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാജ്യവ്യാപകമായി തന്നെ ഈ വിഷയം ചര്‍ച്ചയായിക്കഴിഞ്ഞു. ദേശീയ തലത്തിലടക്കം പ്രതിപക്ഷത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടു വേളയില്‍തന്നെ ബിജെപിക്കു വിജയ പ്രതീക്ഷയില്ലാത്ത തൊട്ടടുത്ത ആലത്തൂര്‍ മണ്ഡലത്തില്‍നിന്നുള്ളവരെ ഇവിടെയെത്തിച്ച് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പതിനായിരക്കണക്കിനു വോട്ടുകള്‍ പുതുതായി ചേര്‍ത്തെന്ന് ബിജെപി അവകാശവാദവും അന്നുന്നയിച്ചിരുന്നു. എന്നാല്‍, ഇത് വ്യാജ മേല്‍വിലാസമുണ്ടാക്കിയുള്ളതാണ് എന്നതിന്റെ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.






