കേരളത്തിന് ഇന്ന് അധിനിവേശത്തിൻ്റെയും അതിജീവനത്തിൻ്റെയും അറുപത്തിയഞ്ചാം പിറന്നാൾ- ഏബ്രഹാം വറുഗീസ്
ആയുധമേന്തി കാടും മേടും വെട്ടിത്തെളിച്ച് കൃഷിയിറക്കി ജീവിതം കൊയ്തെടുത്തവരുടെ തലമുറകൾ ആയുധം കൈവിട്ട് അറിവ് നേടി ആദ്യം ബോംബെയ്ക്കും പിന്നാലെ ഗൾഫിലേക്കും അമേരിക്കയിലേക്കുമൊക്കെ കടന്നതാണ് അറുപത്തിയഞ്ചാം പിറന്നാളിന് കേരളത്തിൻ്റെ എടുത്തുപറയേണ്ട വഴിത്തിരിവ്.
കേരളത്തിലെ ഇതുവരെയുള്ള എല്ലാ നേട്ടങ്ങൾക്കും പിന്നിലും അടയാളപ്പെടുത്താത്ത സത്യവും അതുതന്നെയാണ്…!
ക്രിസ്ത്യൻ മിഷനറിമാരുടെ വരവോടെ, വ്യാപകമായ വിദ്യാലയങ്ങൾ വഴി അറിവ് നേടി ആദ്യം ബോംബെയിൽ എത്തിയവരുടെ തലമുറ പിൽക്കാലത്ത് ആ നാട്ടിൽ വിജയക്കൊടി പാറിച്ചിട്ടുണ്ട് എന്നത് ഒരിക്കലും പകവീട്ടലായിരുന്നില്ല, മറിച്ച് ഗുരുദക്ഷിണ മാത്രമായിരുന്നു.
ഒരുകാലത്ത് ബോംബെയിലെ തെരുവുകളിൽ നിന്ന് ഉയർന്നുകൊണ്ടിരുന്ന ടൈപ്പ് റൈറ്ററുകളുടെ ശബ്ദം ഇന്നത്തെ ഇലക്ട്രിക് ട്രെയിനുകളുടെ കടകട ശബ്ദത്തിന് തുല്യമായിരുന്നു. ടൈപ്പും ഷോർട്ട്ഹാൻഡും പഠിച്ച് ഒരു സർട്ടിഫിക്കറ്റിന്റെയും പിൻബലമില്ലാതെ കള്ളട്രെയിൻ കയറി ചെന്നവരെപ്പോലും ആ നഗരം നെഞ്ചോടു ചേർത്തു പിടിച്ചു. പത്തും അമ്പതും പേർ മുറിയിലോ ഡോർമിറ്ററികളിലൊ തിങ്ങിക്കൂടി ജീവിച്ചിരുന്ന ആ ബാച്ചിലേഴ്സ് ലൈഫിൽ നിന്ന് പലരും കൈവിരലുകൾ കൊണ്ട് സംഗീതം ഉതിർത്ത ടൈപ്പ് റൈറ്ററുകളുടെ പിൻബലത്തിൽ പിന്നീട് വില്ലകളിലേക്കും ഫ്ലാറ്റുകളിലേക്കും ചേക്കേറി.
ചിലർ പ്രണയിച്ചും അല്ലാതെയും കല്യാണം കഴിച്ച് അവിടെ തന്നെ സെറ്റിലായി. മറ്റു ചിലർ കപ്പലിലും കള്ളഉരുവിലും കയറി ‘ഖോർഫക്കാൻ’പോലുള്ള പ്രദേശങ്ങളിൽ എത്തി അറബിനാടുകളിലും വെന്നിക്കൊടി നാട്ടി.
ഇവരുടെയൊക്കെ കഷ്ടപ്പാടിന്റെയും വിയർപ്പിന്റെയും പിൻബലത്തിൽ പഠിച്ചിറങ്ങിയ പിൻമുറക്കാരാകട്ടെ അവിടം കൊണ്ടും നിർത്തിയില്ല. അമേരിക്കയുടെയും യൂറോപ്പിന്റെയും മണ്ണിലേക്ക് വരെ നീണ്ടു ആ അധിനിവേശം. അവിടെയും കുറച്ചു പേർ സെറ്റിലായി. ചന്ദ്രനിൽ ചെന്നാൽ പോലും നമ്മുടെ നാട്ടുകാരനായ ചന്ദ്രനെ കാണാം എന്നുപറയുന്നത് വെറുതെയാണോ.
പണ്ടത്തെ ടൈപ്പ് റൈറ്റർമാരുടെ പദവികൾ ഇന്ന് കമ്പ്യൂട്ടർ ഓപ്പറേറ്റർമാരും അക്കൗണ്ടന്മാരും പിഎകളുമൊക്കെ കൈയാളുന്നു.
ഒപ്പം മൂട്ടകൾ രക്തം ഊറ്റുന്ന പ്ലാസ്റ്റിക്ക് കസേരയിൽ നിന്നും അവർക്ക് ആധുനിക ഇരിപ്പടങ്ങളിലേക്ക് സ്ഥാനക്കയറ്റവും കിട്ടി.
ഉച്ചത്തിൽ മുറുമുറുത്തിരുന്ന ഫാനുകൾക്ക് പകരം ഏസിയുടെ നിശബ്ദ കുളിർമ്മയും ഒപ്പം ലഭിച്ചു.
‘അച്ഛൻ കൊണ്ട വെയിലാണ് എന്റെ തണൽ’ എന്നു പറയുന്നതുപോലെ
എല്ലാത്തിനും നാം കടപ്പെട്ടിരിക്കുന്നത് അവരോടാണ്. കേരളത്തിനും മുമ്പേ നടന്ന, ഇന്ത്യയ്ക്കു മുമ്പേ സഞ്ചരിച്ച മുംബൈ എന്ന് ഇന്നറിയപ്പെടുന്ന ബോംബെയിലേക്ക് യാതൊരു സർട്ടിഫിക്കറ്റോ എന്തിനേറെ മലയാളം ഒഴികെ ഒരു ഭാഷപോലും അറിയാതെ കൈവിട്ടകളിക്കൊരുങ്ങിയ ആ പൂർവ്വികരോട്.
അവർ കൊണ്ട വെയിലാണ് ഇന്നത്തെ നമ്മുടെ കേരളം. അവരുടെ വിയർപ്പിലെ ചൂരാണ് ഇന്നത്തെ കേരളത്തിന്റെ അടിത്തറയും!
1956 നവംബർ ഒന്നിനായിരുന്നു കേരള സംസ്ഥാനത്തിന്റെ പിറവി. 1960കളോടെയാണ് മലയാളികളുടെ കുടിയേറ്റം ആരംഭിക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർന്നതും തൊഴിൽരഹിതരുടെ എണ്ണം വർദ്ധിച്ചതുമാണ് കാരണം. മുംബൈ, ഡൽഹി, കൊൽക്കത്ത, ഭുവനേശ്വർ, റൂർക്കല,ഭിലായി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു ഇത്തരത്തിൽ ജോലി തേടിയുള്ള മലയാളികളുടെ ആദ്യ യാത്രകൾ. പിന്നീടാണ് മദ്രാസും ബാംഗ്ലൂരുമൊക്കെ വന്നത്.1920 കളിലും മറ്റും മദ്രാസിലേക്കും മൈസൂരിലേക്കും കൂർഗ്ഗിലേക്കും എന്തിനേറെ സിലോണിലേക്കും ബർമ്മയിലേക്കുമൊക്കെ കുടിയേറിയവർ ധാരാളം. പക്ഷെ അതൊക്കെ മദ്രാസ് പ്രസിഡൻസി പോലുള്ള ബ്രിട്ടീഷ് കോളനികളുടെ കാലത്താണ്.
സംസ്ഥാന രൂപീകരണത്തിനു ശേഷം തൊണ്ണൂറു ശതമാനം ആളുകളും ആദ്യ കാലത്ത് വണ്ടി പിടിച്ചത് ബോംബെയിലേക്ക് തന്നെ. മസ്ജിദിലേയും കൽബാ ദേവിയിലെയും വീറ്റിയിലെയും നരിമാൻ പോയിന്റിലെയും കുടുസ്സു മുറികളിൽ നിന്ന് അതിജീവനത്തിന്റെ ബാലപാഠം പഠിച്ച അവർക്കൊപ്പം കേരളവും പതിയെ മുന്നോട്ടു നീങ്ങി. പിന്നീട് എൺപതുകളുടെ ആദ്യമാണ് ഗൾഫ് നാടുകളിലേക്കുള്ള മലയാളികളുടെ കുടിയേറ്റം ആരംഭിച്ചത്. അതുവരെ മലയാളികളെ പോറ്റിയിരുന്നത് കാരണവൻമാർ കാട് വെട്ടിത്തെളിച്ചെടുത്ത മണ്ണും മറാത്തക്കാരുടെ പൈസയുമായിരുന്നു. അതുകൊണ്ടു തന്നെയാണ് മുംബൈ ഇന്നും മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭൂപടമായി തലയുയർത്തി നിലകൊള്ളുന്നത്.