ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി; മൂന്നു പതിറ്റാണ്ടായി ശ്വേതയെ അറിയാം; പിന്തുണയുമായി റഹ്‌മാന്‍; ‘ഒരുമിച്ച് ഒരു സിനിമയിലേ പ്രവര്‍ത്തിച്ചുള്ളൂ, മറ്റുള്ളവരോടുള്ള കരുതല്‍ നേരിട്ടു കണ്ടതാണ്’

നടി ശ്വേത മേനോനുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ റഹ്മാന്‍. അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ശ്വേതയോട് കാണിക്കുന്ന അനീതിയിൽ തനിക്ക് ദേഷ്യം തോന്നുന്നുണ്ടെന്നും റഹ്മാന്‍ പറഞ്ഞു. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണെന്നും പക്ഷേ സിനിമാ മേഖലയില്‍ ഇങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ റഹ്മാന്‍ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
‘പ്രിയപ്പെട്ട ശ്വേത, താങ്കൾക്കെതിരെ ഉയർന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ശ്വേതയോട് കാണിക്കുന്ന അനീതിയിൽ എനിക്ക് ദേഷ്യം തോന്നുന്നുണ്ട്. ഏകദേശം മൂന്ന് പതിറ്റാണ്ടായി എനിക്ക് നിങ്ങളെ അറിയാം, ഇക്കാലമത്രയും നിങ്ങൾ ഒരു യഥാർഥ സുഹൃത്തായിരുന്നു. സിനിമ മേഖലയിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ദയയുള്ള, ആത്മാർഥതയുള്ള ആളുകളിൽ ഒരാളാണ് താങ്കൾ. നമ്മൾ ഒരുമിച്ച് ഒരു സിനിമയിൽ മാത്രമേ പ്രവർത്തിച്ചിട്ടുള്ളൂവെങ്കിലും നമ്മൾ ചെയ്ത ഷോകളും ഒരുമിച്ച് ചെലവഴിച്ച സമയവും മതി നിങ്ങളുടെ സ്വഭാവം മനസ്സിലാക്കാൻ.
ആ ഷോകൾക്കിടയിൽ, നിങ്ങൾ മറ്റുള്ളവരോട് എത്രമാത്രം കരുതൽ കാണിക്കുന്നുണ്ടെന്ന് ഞാൻ നേരിട്ട് കണ്ടതാണ്. സഹ അഭിനേതാക്കളോട്, പ്രത്യേകിച്ച് പുതുമുഖങ്ങളോട്, ക്രൂവിനോട്, സംഘാടകരോട്, അല്ലെങ്കിൽ നിങ്ങളുടെ ആരാധകരോട്, ഇവരോടെക്കെ നിങ്ങൾ കാണിച്ച കരുതലും സ്നേഹവും ഞാൻ കണ്ടതാണ്. അസുഖബാധിതരായ ക്രൂ അംഗങ്ങൾക്ക് നിങ്ങൾ മരുന്നുകൾ വാങ്ങി നൽകിയത് എനിക്കറിയാം. ഒരു നന്ദിയോ അംഗീകാരമോ പ്രതീക്ഷിച്ചല്ല നിങ്ങളത് ചെയ്തത് എന്നെനിക്കറിയാം. അതൊക്കെയും ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. സ്ഥാനം പരിഗണിക്കാതെ നിങ്ങൾ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറി. ആ നിമിഷങ്ങളൊക്കെ നിങ്ങൾ ആരാണെന്ന് എനിക്ക് മനസിലാവുകയായിരുന്നു.
നിലവിലെ ഈ സാഹചര്യം തീർത്തും അസംബന്ധമാണ്. ഈ ദുഷ്പ്രവൃത്തിക്കു പിന്നിലെ ആളുകളെക്കുറിച്ചറിഞ്ഞ് ഞാനും മെഹറും ഞെട്ടിപ്പോയി. വെറുപ്പുളവാക്കുന്ന പ്രവൃത്തിയാണ് അവർ ചെയ്തത്. നിങ്ങളുടെ പേര് കളങ്കപ്പെടുത്താനും മലയാളം ആർട്ടിസ്റ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുമുള്ള മനഃപൂർവമായ ശ്രമമാണിതെന്ന് എനിക്ക് വ്യക്തമാണ്. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണ്, പക്ഷേ നമ്മുടെ സിനിമാ മേഖലയിലും അവ കാണുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല.
നേരത്തെ ബന്ധപ്പെടാൻ കഴിയാത്തതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്നു. എന്റെ പ്രിയ സുഹൃത്ത് ഷാനവാസിന്റെ വിയോഗവും എന്നെ തളർത്തി. എന്റെ പിന്തുണ നിങ്ങൾക്കാണ്. ഞാൻ ആരുടെ കൂടെയാണെന്നത് പൊതുജനങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ചില മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചേക്കാം, പക്ഷേ ഞാൻ അത് കാര്യമാക്കുന്നില്ല.ശ്വേത, ഈ സംഭവങ്ങളെയൊന്നും നിങ്ങളുടെ മനസ്സിനെ തകർക്കാൻ അനുവദിക്കരുത്. നിങ്ങൾ ഇന്ന് എത്തി നിൽക്കുന്ന നിലയിലെത്താൻ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം. ആരുടെയും സഹായമില്ലാതെ, പൂർണമായ ദൃഢനിശ്ചയത്തിലൂടെയാണ് നിങ്ങൾ ഇവിടെയെത്തിയത്. ഈ കൊടുങ്കാറ്റിനേക്കാൾ ശക്തയാണ് നിങ്ങൾ. നിങ്ങളെ ഉപദ്രവിക്കാൻ ശ്രമിച്ചവർ ഇതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരുകതന്നെ ചെയ്യും.
താങ്കൾ മലയാളം ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഒരു മികച്ച പ്രസിഡന്റാകുമെന്നതിൽ എനിക്ക് സംശയമില്ല. എന്റെ പൂർണ പിന്തുണ ശ്വേതയ്ക്കാണ്. സൗഹൃദത്തോടും ബഹുമാനത്തോടും കൂടി,
റഹ്മാൻ.’
rahman-supports-shweta-menon






