കേരളം ഇന്നു മയക്കു മരുന്ന് മാഫിയയുടെ കയ്യിലാണ്, ഇതിനെതിരെ സർക്കാർ എന്തു ചെയ്യുന്നു? ഈ വിപത്തിനെ ഇല്ലാതാക്കാൻ തുനിഞ്ഞിറങ്ങിയാൽ ഒറ്റക്കെട്ടായി പ്രതിപക്ഷം കൂടെയുണ്ടാകും: കെ സി വേണുഗോപാൽ എംപി

കൊച്ചി: സംസ്ഥാന സർക്കാർ മയക്കുമരുന്നു വ്യാപനം തടയുന്നതിൽ നിസംഗമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നമ്മുടെ സമൂഹത്തിൽ മയക്കു മരുന്ന് വ്യാപനത്തിന്റെ ശക്തി വളരെ ഭീതിതമായി കൂടുകയാണ്. മയക്കു മരുന്നു വരുന്ന വഴികൾ അറിഞ്ഞിട്ടും അതിനെ പ്രതിരോധിക്കാനാകുന്നില്ല, ഒരു കാലത്ത് പഞ്ചാബ് ആയിരുന്നു രാജ്യത്തെ ഏറ്റവും വലിയ മയക്കു മരുന്ന് വിപണന കേന്ദ്രമായി അറിയപ്പെട്ടിരുന്നത്. എന്നാൽ അവിടത്തെ സർക്കാരുകൾ അതിനെ അടിച്ചമർത്താൻ മുന്നിട്ടിറങ്ങി. പക്ഷെ ഇന്ന് കേരളം മയക്കു മരുന്ന് മാഫിയ കൈയ്യടക്കിയിരിക്കുകയാണ്.
ഇതിനെതിരായി സർക്കാർ എന്തു ചെയ്യുന്നു? പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണ മയക്കുമരുന്നു നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മയക്കു മരുന്നുകളുടെ വ്യാപനത്തിനും ഉപയോഗത്തിനും എതിരെ കെപിസിസി സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ച വാക്കത്തോണിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയിൽ കലൂർ സ്റ്റേഡിയത്തിന് മുന്നിൽ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജയിൽ പുള്ളികൾക്കുപോലും മയക്കു മരുന്ന് ലഭ്യമാക്കുന്ന സാഹചര്യമാണ് സർക്കാർ സൃഷ്ടിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു. കൊലക്കേസ് പ്രതികൾക്ക് പോലും മദ്യവും മയക്കു മരുന്നും നൽകി അധികൃതർ സൽക്കരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അതേസമയം കേരളം ഭരിക്കുന്ന സർക്കാരും പാർട്ടിയും മയക്കുമരുന്ന് മാഫിയയ്ക്ക് കുടപിടിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ വ്യക്തമാക്കി.
കലൂർ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിൽ നിന്നാരംഭിച്ച വാക്കത്തോണിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, മറ്റു പോഷക സംഘടനാ പ്രവർത്തകർ അടക്കം ആയിരങ്ങൾ അണിനിരന്നു. സ്റ്റേഡിയം മുതൽ മറൈൻ ഡ്രൈവ് വരെയായിരുന്നു വാക്കത്തോൺ. ”ലഹരി മരുന്നുകളുടെ അടിമത്വത്തിൽ നിന്നും സ്വബോധത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് ഒരുമിച്ച് നടക്കാം” എന്ന മുദ്രാവാക്യമുയർത്തിയാണ് വാക്കത്തോൺ സംഘടിപ്പിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി, കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരായ പി സി വിഷുനാഥ് എംഎൽഎ, എ പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എം പി, ഹൈബി ഈഡൻ എംപി, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ റോജി എം ജോൺ, ടി ജെ വിനോദ് ,അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, എൽദോസ് കുന്നപ്പള്ളി, ഉമ തോമസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ.
കെപിസിസി ഭാരവാഹികളായ വി ജെ പൗലോസ്, വി പി സജീന്ദ്രൻ, അബ്ദുൽ മുത്തലിബ്, എം ലിജു, ദീപ്തി മേരി വർഗീസ്, നേതാക്കളായ എൻ വേണുഗോപാൽ, അജയ് തറയിൽ, ജോസഫ് വാഴക്കൻ, ജയ്സൺ ജോസഫ്, ഡൊമിനിക് പ്രസന്റേഷൻ, ടി എം സക്കീർ ഹുസൈൻ, ഐ കെ രാജു, ടോണി ചമ്മിണി, എം ആർ അഭിലാഷ്, കെ എം സലിം, ആശ സനൽ, മനോജ് മൂത്തേടൻ, അബിൻ വർക്കി, ജിൻഷാദ് ജിന്നാസ്, സിജോ ജോസഫ്, സുനില സിബി, കെ എം കൃഷ്ണലാൽ, ജോസഫ് ആന്റണി, എംപി ശിവദത്തൻ, ഉല്ലാസ് തോമസ്, ബാബു പുത്തനങ്ങാടി, കെ ആർ പ്രദീപ് കുമാർ, എൻ ആർ ശ്രീകുമാർ, കെ ബി സാബു, ഇഖ്ബാൽ വലിയവീട്ടിൽ, സേവിയർ തയങ്കരി, വിജു ചൂളക്കൻ, ഹെൻട്രി ഓസ്റ്റിൻ തുടങ്ങിയവർ നേതൃത്വം നൽകി.






