വോട്ടെടുപ്പിന്റെ ദൃശ്യങ്ങള്‍ എവിടെ? വോട്ട് മോഷണത്തില്‍ തെളിവു ഹാജരാക്കിയില്ലെങ്കില്‍ നിയമ നടപടിയെന്നു പറഞ്ഞ തെരഞ്ഞെടുപ്പു കമ്മീഷനോട് വീണ്ടും ചോദ്യമുന്നയിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് മോഷണ ആരോപണത്തിൽ തെളിവുകൾ ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി. വോട്ടർ പട്ടികയുടെ ഡിജിറ്റൽ രൂപം നൽകാത്തതും വോട്ടെടുപ്പിന്റെ ദൃശ്യങ്ങൾ നശിപ്പിച്ചതും വിശദീകരിക്കണമെന്നാണ് പ്രധാന ആവശ്യം. അതേസമയം, ബെംഗളൂരു സെൻട്രലിൽ മണ്ഡലത്തിലെ ഒരു ലക്ഷത്തിലേറെയുള്ള കള്ളവോട്ടിൽ അന്വേഷണത്തിന് സാധ്യത തെളിഞ്ഞു.
ഇന്നലെ മാധ്യമങ്ങൾക്ക് മുന്നിൽ തെളിവ് പുറത്തുവിട്ടാണെങ്കിൽ ഇന്ന് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ആവർത്തിച്ചത്. ഒരാൾക്ക് ഒരു വോട്ടെന്നതാണ് ഭരണഘടനയുടെ അടിത്തറയെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്ര മോദിയും തിരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് ഭരണഘടന തകർക്കുകയാണെന്നും ആരോപിച്ചു. തെളിവ് ഹാജരാക്കിയില്ലെങ്കിൽ നിയമനടപടിയെന്ന് മുന്നറിയിപ്പ് നൽകിയ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഞ്ച് ചോദ്യങ്ങൾ തിരിച്ചും ചോദിച്ചു.
ബെംഗളൂരു സെൻട്രൽ ലോക്സഭാ മണ്ഡലത്തിലെ മഹാദേവപുരയിൽ നടന്നത് ക്രിമിനൽ കുറ്റമാണെന്ന് ആരോപിച്ച രാഹുൽ ഗാന്ധി, കർണാടക സർക്കാർ കേസെടുത്ത് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വോട്ട് അട്ടിമറിയിൽ കേസെടുക്കാനുള്ള സാധ്യതയേറി. നിയമവശങ്ങൾ പരിശോധിച്ചതിനുശേഷം അടുത്ത ദിവസം തന്നെ ഇത് സംബന്ധിച്ച് സർക്കാർ തീരുമാനമുണ്ടാകും.
വോട്ടര്‍പ്പട്ടികയിലെ ക്രമക്കേട് ആരോപണങ്ങളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യത്തോടും അതേ നാണയത്തില്‍ രാഹുല്‍ പ്രതികരിച്ചിരുന്നു. താന്‍ നേരത്തേതന്നെ പാര്‍ലമെന്റില്‍ ഭരണഘടനവച്ച് സത്യംചെയ്തതാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മധ്യപ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്സൈറ്റുകള്‍ അടച്ചുപൂട്ടിയതായും രാഹുല്‍ ഗാന്ധി ആരോപിച്ചു.
‘തിരഞ്ഞെടുപ്പ് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുകയാണ്. ഞാന്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അതില്‍ പറയുന്നത്. ഞാന്‍ പാര്‍ലമെന്റില്‍ ഭരണഘടനയോട് സത്യംചെയ്തുകഴിഞ്ഞതാണ്. രാജ്യത്തെ ജനങ്ങള്‍ ഞങ്ങളിറക്കിയ ഡേറ്റയെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റ് അടച്ചുപൂട്ടി. പൊതുജനങ്ങള്‍ ചോദ്യംചെയ്യാന്‍ തുടങ്ങിയാല്‍, അവരുടെ മുഴുവന്‍ ഘടനയും താറുമാറാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനറിയാം’, രാഹുല്‍ ഗാന്ധി പറഞ്ഞു.
രാഹുല്‍ തന്റെ വിശകലനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെങ്കില്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രകാരമുള്ള സത്യാവാങ്മൂലത്തില്‍ ഒപ്പുവെയ്ക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. വോട്ടര്‍പ്പട്ടികയില്‍ തെറ്റായി ചേര്‍ത്തതോ നീക്കം ചെയ്തതോ ആയ പേരുകള്‍ സമര്‍പ്പിക്കുന്നതിനും അദ്ദേഹത്തിന് ഒരു പ്രശ്നവും ഉണ്ടാകരുതെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. രാഹുല്‍ സത്യവാങ്മൂലത്തില്‍ ഒപ്പുവെച്ചില്ലെങ്കില്‍, അതിനര്‍ത്ഥം അദ്ദേഹം തന്റെ വിശകലനത്തിലും അതിന്റെ ഫലമായുണ്ടാകുന്ന നിഗമനങ്ങളിലും ‘അസംബന്ധമായ ആരോപണങ്ങളിലും’ വിശ്വസിക്കുന്നില്ല എന്നാണ്. അങ്ങനെയെങ്കില്‍, അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും കമ്മിഷന്‍ പറഞ്ഞിരുന്നു.






